ഖുനൂത് എന്ന അറബി പദത്തിനു പ്രാര്‍ത്ഥിക്കുക,വിനയം കാണിക്കുക,മൌനം ദീക്ഷിക്കുക എന്നൊക്കെ ഭാഷാര്‍ത്ഥമുണ്ട്. എന്നാല്‍ നിസ്കാരത്തില്‍ നിര്‍വ്വഹി ക്കപ്പെടുന്ന പ്രത്യേക പ്രാര്‍ത്ഥനയാണ് ഇവിടെ ഖുനൂത് കൊണ്ട് വിവക്ഷിക്കുന്നത്. നിസ്കാരത്തില്‍ മൂന്നുവിധം ഖുനൂത് നിര്‍വ്വഹിക്കപ്പെടുന്നു.
1. നാസിലത്തിന്റെ ഖുനൂത് : മുസ്‌ലിം സമൂഹത്തിനു പൊതുവായി എന്തെങ്കിലും വിപത്തുണ്ടാകുമ്പോള്‍ എല്ലാ നിസ്കാരത്തിലും ഒരുപോലെ നിര്‍വ്വഹിക്കപ്പെടുന്ന ഖുനൂതാണിത്. ഒരിക്കല്‍ ഒരു കൂട്ടം പ്രബോധകരെ ശത്രുപക്ഷം നിര്‍ദാക്ഷിണ്യം അറുകൊല ചെയ്തപ്പോള്‍ ഒരു മാസക്കാലം നബി(സ്വ)യും സ്വഹാബത്തും ഈ ഖുനൂത് നിര്‍വ്വഹിച്ചു.
2.വിത്റിലെ ഖുനൂത്:വിശുദ്ധ റമളാനിലെ അവസാന പകുതിയിലെ വിത്ര്‍ നിസ്കാര ത്തില്‍ മാത്രം നിര്‍വ്വഹിക്കപ്പെടുന്ന ഖുനൂതാണിത്. നബി(സ്വ)യും സ്വഹാബിമാരും ഇത് നിര്‍വ്വഹിച്ചിരുന്നതായി പ്രബലമായ ഹദീസുകളില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്.
3. സ്വുബ്ഹിയിലെ ഖുനൂത് : എല്ലാ ദിവസവും സ്വുബ്ഹി നിസ്കാരത്തില്‍ നിര്‍വ്വഹിക്ക പ്പെടുന്ന ഖുനൂതാണിത്. വിശുദ്ധ ഖുര്‍ആന്‍ തന്നെ ഇത് സ്ഥിരീകരിക്കുന്നുണ്ട്. നബി(സ്വ) മരണംവരെ ഇത് നിര്‍വ്വഹിച്ചിരുന്നതായി പ്രബലമായ ഹദീസുകളില്‍ വന്നിട്ടുണ്ട്. ഇത് സുന്നത്താണെന്ന് ഇമാം ശാഫിഈ(റ) തറപ്പിച്ചുപറയുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍, ഇവിടെ മൂന്നാമതായി പരാമര്‍ശിച്ച സ്വുബ്ഹി നിസ്കാരത്തിലെ ഖുനൂതിന്റെ കാര്യത്തിലാണ് സുന്നികള്‍ക്കു കേരളത്തിലെ പുത്തനാശയക്കാരുമായി തര്‍ക്കമുള്ളത്. ഇമാം ശാഫിഈ(റ) സ്വുബ്ഹിന്റെ ഖുനൂത് സുന്നത്താണെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനു വ്യക്തവും ശക്തവുമായ രേഖകളുണ്ടാവുമെന്നുറപ്പാണ്.
ആരെ അംഗീകരിക്കണം?
വിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഇമാം ശാഫിഈ (റ) യും മറ്റു ഇമാമുകളും പറഞ്ഞുതന്നത് അംഗീകരിക്കുക മാത്രമാണ് സുന്നികള്‍ ചെയ്യുന്നത്. ഇതിനാണ് തഖ് ലീദ് എന്നു പറയുന്നത്. അതുകൊണ്ടുതന്നെ,ഇമാം ശാഫിഈ(റ)യെ തഖ് ലീദ് ചെയ്യുക എന്നതിന്റെ വിവക്ഷ, ഖുര്‍ആനും ഹദീസും പിന്‍പറ്റുക എന്നതു തന്നെയാണ്. കാരണം ഖുര്‍ആന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിലാണ് ഓരോ കാര്യവും അവര്‍ പറഞ്ഞിട്ടുള്ളത്. അവര്‍ പറഞ്ഞതിനു വിരുദ്ധമായി ഒരൊറ്റ സ്വഹീഹായ ഹദീസും കാണിച്ചുതരാന്‍ വിമര്‍ശകര്‍ക്ക് സാധ്യമല്ല.അല്‍പജ്ഞാനികളായ വിമര്‍ശകര്‍ ഖുര്‍ആനില്‍നിന്നും ഹദീസില്‍നിന്നും കണ്ടെത്തിയ ജല്‍പനങ്ങളാണ് പുത്തനാശയക്കാരായ പാമരന്‍മാര്‍ പിന്‍പറ്റുന്നത്. അല്ലാതെ, ഖുര്‍ആനും ഹദീസും മനസ്സിലാക്കാനുള്ള കഴിവ് അവര്‍ക്കില്ല. അതുകൊണ്ടാണ് പുത്തനാശയക്കാര്‍, അല്‍പജ്ഞാനികളായ മൌലവിമാരെയും, സുന്നികള്‍ മഹാന്മാരായ ഇമാമുകളെയും തഖ് ലീദ് ചെയ്യുകയാണെന്ന് പറയുന്നത്.
ഖുര്‍ആനും സുന്നത്തും പിന്‍പറ്റണമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. പക്ഷേ,എങ്ങനെ പിന്‍പറ്റണമെന്നതാണ് തര്‍ക്കം. ഇമാമുകളുടെ ഗവേഷണത്തെ അടിസ്ഥാനമാക്കിയാണ് ഖുര്‍ആനും ഹദീസും പിന്‍പറ്റേണ്ടതെന്ന് സുന്നികളും, മൌലവിമാരുടെ ജല്‍പനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് പുത്തനാശയക്കാരും പറയുന്നു.
മഹാന്മാരായ ഇമാമുകള്‍ അഗാധജ്ഞാനമുള്ളവരും ലക്ഷക്കണക്കിനു ഹദീസുകള്‍ മനഃപാഠമുള്ളവരുമായിരുന്നു. ഇമാം ശാഫിഈ(റ)യുടെ ശിഷ്യനായ അഹ്മദ്ബിന്‍ ഹമ്പല്‍(റ)വിനുതന്നെ പത്തുലക്ഷം ഹദീസുകള്‍ നഃപാഠമുണ്ടായിരുന്നു (തഹ്ദീബുല്‍ കമാല്‍ 1/242, തഹ്ദീബുത്തഹദീബ് 1/46, ദഹബിയുടെ ത്വബഖാതുല്‍ ഹുഫ്ഫാള് 1/189, താരീഖു ദിമശ്ഖ് 5/312)
എന്നാൽ അഹ്മദ്ബ്നു ഹമ്പല്‍(റ) നേക്കാള്‍ കൂടുതല്‍ ഹദീസുകള്‍ ലഭിക്കാനുള്ള എല്ലാ സാധ്യതകളും ഇമാം ശാഫിഈ(റ)വിനുണ്ടായിരുന്നു.
കാരണം,ഇമാം മാലിക്(റ)വിന്റെ മുവത്വ എന്ന പ്രസിദ്ധ ഹദീസ്ഗ്രന്ഥം പത്താം വയസ്സില്‍തന്നെ മനഃപാഠമാക്കിയ ഇമാം ശാഫിഈ(റ) മദീനയിലെത്തി, ഇമാം മാലിക്(റ)വിന്റെ മദ്ഹബിന്നാധാരമായ ഹദീസുകളത്രയും അദ്ദേഹത്തില്‍നിന്ന് സ്വീകരിച്ചു. പിന്നീട് ഇറാഖിലെത്തിയ ശാഫിഈ(റ) ഇമാം, അബൂഹനീഫ(റ)യുടെ ശിഷ്യനായ മുഹമ്മദ്ബ്നു ഹസന്‍ ശൈബാനിയില്‍നിന്നും ഹനഫീ മദ്ഹബിന്നാധാരമായ ഹദീസുകളത്രയും സ്വീകരിച്ചു. ഇമാം ശാഫി(റ) ഇറാഖിലായിരുന്നപ്പോള്‍ അദ്ദേഹത്തെ വിടാതെ പിന്തുടര്‍ന്നിരുന്ന പ്രധാന ശിഷ്യനായിരുന്നു അഹ്മദ്ബിന്‍ ഹമ്പല്‍(റ). കര്‍മ്മശാസ്ത്രത്തിലുപരി ഹദീസില്‍ നിപുണനായിരുന്ന അദ്ദേഹവും ഇമാം ശാഫിഈ(റ)യും പരസ്പരം ഹദീസുകള്‍ കൈമാറി. ശാഫിഈമദ്ഹബിന്റെ ഇറാഖിലെ റിപ്പോര്‍ട്ടര്‍മാരില്‍ ഒരാളായിരുന്നു അഹ്മദ്ബിന്‍ ഹമ്പല്‍(റ). ഇമാം ശാഫിഈ(റ) ഈജിപ്തിലേക്ക് പോയ ശേഷമാണ് അഹ്മദ്ബിന്‍ ഹമ്പല്‍(റ) പുതിയ ഗവേഷണങ്ങള്‍ തുടങ്ങിയതും തന്റെ മദ്ഹബിനു രൂപം നല്‍കിയതും.ഈജിപ്തിലെത്തിയ ഇമാം ശാഫിഈ(റ)വിന് അവിടെ നിന്ന് ധാരാളം ഹദീസുകള്‍ ലഭിച്ചു.
മുസ്ലിംകള്‍ ഈജിപ്ത് കീഴടക്കിയപ്പോള്‍ ഒട്ടേറെ സ്വഹാബികള്‍ അവിടെയെത്തി. പലരും അവിടെ സ്ഥിരതാമസമാക്കി. അവര്‍മുഖേന ധാരാളം ഹദീസുകള്‍ ഈജിപ്തിലെത്തി. ഈജിപ്തില്‍ താമസമാക്കിയ ഇമാം ശാഫി(റ)വിന് ലഭിച്ച ഹദീസുകള്‍ പലതും മറ്റുള്ളവര്‍ക്ക് ലഭിക്കാനുള്ള അവസരമുണ്ടായില്ല.
ഇമാം ശാഫിഈ(റ)ക്കും മറ്റു ഇമാമുകള്‍ക്കും ലഭിച്ച ഹദീസുകളുടെ വളരെ കുറഞ്ഞൊരു ഭാഗം പോലും നമുക്ക് കിട്ടിയിട്ടില്ല. കിട്ടാന്‍ സാധ്യവുമല്ല. തന്നെയുമല്ല,അവര്‍ക്ക് ലഭിച്ച പ്രബലമായ ഹദീസുകള്‍ മ്മിലേക്കെത്തുമ്പോഴേക്ക് ബലഹീനമായിത്തീരുകയും ചെയ്യും.
അവര്‍ക്ക് ലഭിച്ച ലക്ഷക്കണക്കിന് ഹദീസുകളാണ് നമുക്ക് നഷ്ടപ്പെട്ടത്. അവയൊക്കെ അവരുടെ ഹൃദയങ്ങളിലായിരുന്നു. രചിക്കപ്പെട്ട ഹദീസ് ഗ്രന്ഥങ്ങള്‍പോലും മുഴുവന്‍ നമുക്ക് ലഭിച്ചിട്ടില്ല. ഇമാം ശാഫിഈ(റ)വിന് മുമ്പുതന്നെ ഹദീസ് ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. താബിഉകളുടെ കാലത്തുതന്നെ ഹദീസ് ക്രോഡീകരണം നടത്തിയിട്ടുണ്ട്. ആദ്യമായി ഹദീസ് ക്രോഡീകരണം നടത്തിയത് ഹിജ്റ 124ല്‍ മരണപ്പെട്ട ഇമാം ഇബ്നുശിഹാബ് സുഹ്.രിയാണ്.അദ്ദേഹം സ്വഹാബികളില്‍നിന്നും താബിഉകളില്‍നിന്നും നേരിട്ടാണ് ഹദീസുകള്‍ സ്വീകരിച്ചത്.
അതുകൊണ്ടുതന്നെ ഈ പ്രഥമ ഹദീസ്ഗ്രന്ഥത്തില്‍ ബലഹീനമായ ഹദീസുകളുണ്ടാവാന്‍ സാധ്യത കുറവാണ്. അന്നത്തെ ഭരണാധികാരിയായ ഉമര്‍ബിന്‍ അബ്ദില്‍ അസീസിന്റെ സഹായത്തോടെ കിട്ടാവുന്ന ഹദീസുകളത്രയും ഇബ്നുശിഹാബ് തന്റെ ഗ്രന്ഥത്തില്‍ ക്രോഡീകരിച്ചിട്ടുണ്ട്. .
ഇമാം സുയൂത്വി ഇങ്ങനെ പറയുന്നു:”ഉമര്‍ബില്‍ അബ്ദില്‍ അസീസിന്റെ കല്‍പനപ്രകാരം ആദ്യമായി നബിവചനങ്ങളും സ്വഹാബിമാരുടെ വാക്കുകളും ക്രോഡീകരിച്ചത് ഇബ്നുശിഹാബാണ്”(അല്‍ഫിയതുസ്സുയൂത്വി12).എന്നാല്‍, ഹദീസ് ലോകത്തെ ഏറ്റവും ആധികാരികമായ ഈ ഗ്രന്ഥംപോലും നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഇമാമുകള്‍ക്ക് ഈ ഹദീസുകളത്രയും ലഭിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ലക്ഷക്കണക്കിന് ഹദീസുകള്‍ മനഃപാഠമാക്കിയ ഇമാമുകള്‍ ഖുര്‍ആന്റെയും ഹദീസുകളുടെയും അടിസ്ഥാനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അപ്പടി സ്വീകരിക്കുകയാണ് യഥാര്ഥ പാത.”മുഖംകുത്തി വീണു നടക്കുന്നവനോ,അതല്ല നേര്‍വഴിയില്‍ ചൊവ്വെ നടക്കുന്നവനോ സന്മാര്‍ഗം പ്രാപിച്ചവന്‍?” (ഖുര്‍ആന്‍ 67/22).
വിശുദ്ധ ഖുര്‍ആനിലേക്കും തിരുസുന്നത്തിലേക്കുമുള്ള സുന്നികളുടെ ഒരു വഴികാട്ടിയാണ് ഇമാം ശാഫിഈ(റ). അവിടുന്ന് ഒരു കാര്യം പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഖുര്‍ആന്റെയും സ്വഹീഹായ ഹദീസിന്റെയും അടിസ്ഥാനത്തില്‍ മാത്രമാണ്. ഒരുപക്ഷേ, ആ ഹദീസ് നമുക്ക് ലഭിക്കണമെന്നില്ല. അല്ലെങ്കില്‍ നമ്മുടെ പക്കലെത്തിയപ്പോഴേക്ക് അത് ബലഹീനമായിട്ടുണ്ടാവും. എന്നിട്ടും ഞാന്‍ പറഞ്ഞതുമാത്രം സ്വീകരിക്കണമെന്ന് അവിടുന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ പുത്തനാശയക്കാര്‍ പറയുന്നത് ഞങ്ങള്‍ പറയുന്നത് മാത്രമാണ് ശരി,അതുമാത്രമേ സ്വീകരിക്കാവൂ എന്നാണ്. ഇവിടെയാണ് ഇമാമുകളും മൌലവിമാരും തമ്മിലുള്ള വ്യത്യാസം.
പ്രബലമായ ഹദീസുകള്‍
ഇമാം ശാഫിഈ(റ) സ്വുബ്ഹിന്റെ ഖൂനൂത് സുന്നത്താണെന്ന് പറഞ്ഞത് വ്യക്തവും ശക്തവുമായ രേഖകളുടെ അടിസ്ഥാനത്തിലാണ്. അദ്ദേഹം പറയുന്നു: നബി(സ്വ) ഖുനൂത് ഓതിയിട്ടുണ്ട്. സ്വുബ്ഹിയിലെ ഖുനൂത് ഒരിക്കലും അവിടന്ന് ഉപേക്ഷിച്ചിട്ടില്ല. ബിഅ്റ് മഊനക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍ മുശ്.രിക്കുകള്‍ക്കെതിരില്‍ പ്രാര്‍ര്‍ത്ഥിച്ചുകൊണ്ട് പതിനഞ്ച് രാത്രികളില്‍ ഖുനൂത് ഓതി. പിന്നീട് എല്ലാ നിസ്കാരങ്ങളിലുമുള്ള ഖുനൂത് ഉപേക്ഷിച്ചു. എന്നാല്‍, സ്വുബ്ഹി നിസ്കാരത്തിലെ ഖുനൂത് നബി(സ്വ) ഉപേക്ഷിച്ചതായി ഞാനറിയില്ല. എന്നല്ല, ബിഅ്ര്‍ മഊനക്കാര്‍ കൊല്ലപ്പെടുന്നതിന്റെ മുമ്പും ശേഷവും നബി(സ്വ) സ്വുബ്ഹിയില്‍ ഖുനൂത് ഓതിയിരുന്നുവെന്നാണ് ഞാന്‍ അറിയുന്നത്. നബി(സ്വ)ക്ക് ശേഷം അബൂബക്ര്‍, ഉമര്‍, അലി(റ) എന്നിവരൊക്കെ റുകൂഇന് ശേഷമാണ് ഖുനൂത് നിര്‍വ്വഹിച്ചത്. ഉസ്മാന്‍(റ)ന്റെ ചില ഭരണപ്രദേശങ്ങളിലും ഇങ്ങനെ തന്നെയായിരുന്നു. പിന്നീട് നിസ്കാരത്തിലേക്ക് വൈകിയെത്തുന്നവര്‍ക്ക് ഒരു റക്അത്ത് കിട്ടാന്‍വേണ്ടി ഖുനൂത് റുകൂഇനേക്കാള്‍ മുന്തിക്കപ്പെട്ടു” (അല്‍ഉമ്മ് 7/139).
ഈ പറഞ്ഞതില്‍നിന്നും ഇമാം ശാഫിഈ(റ) സ്വുബ്ഹിയില്‍ ഖുനൂത് സുന്നത്താണെന്ന് പറഞ്ഞത് വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലാക്കാവുന്നതാണ്. ഇതിനുപുറമെ ഖുനൂതിനെതിരില്‍ മൌലവിമാര്‍ ഉദ്ധരിക്കാറുള്ള സര്‍വ്വരേഖകളും ഇമാം ശാഫി(റ) കാണുകയും പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം എഴുതുന്നു:
“അബൂഹനീഫ(റ) പ്രഭാതത്തിലെ ഖുനൂത് നിരോധിച്ചിരുന്നു. അതാണ് അദ്ദേഹം കൈക്കൊള്ളുന്നത്. അതിനായി നബി(സ്വ)യില്‍ നിന്നും ഹദീസ് ഉദ്ധരിക്കുകയും ചെയ്യുന്നു. ഒരുകൂട്ടം മുശ്രിക്കുകളോട് യുദ്ധം ചെയ്തപ്പോള്‍ അവര്‍ക്കെതിരില്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് ഒരു മാസക്കാലമല്ലാതെ നബി(സ്വ) ഖുനൂത് ഓതിയിട്ടില്ല. അബൂബക്ര്‍(റ) മരണംവരെ ഖുനൂതോതിയിട്ടില്ല. ഇബ്നുമസ്ഊദ്(റ) യാത്രയിലും നാട്ടിലും ഖുനൂത്തോതിയില്ല. ഉമര്‍ബിന്‍ ഖത്താബ്(റ) ഖുനൂത്തോതിയില്ല. ഇബ്നുഅബ്ബാസ്(റ) ഖുനൂത്തോതിയില്ല. ഇബ്നു ഉമര്‍(റ) ഖുനൂത്തോതിയില്ല എന്നൊക്കെ ഉദ്ധരിക്കുന്നു” (അല്‍ഉമ്മ് 7/130).
ഖുനൂതിനെതിരില്‍ വിമര്‍ശകര്‍ ഉദ്ധരിക്കാറുള്ള സര്‍വ്വരേഖകളും ശാഫിഈ(റ) ഇവിടെ ഉദ്ധരിച്ചു കഴിഞ്ഞു. എന്നിട്ടും വിമര്‍ശകര്‍ എപ്പോഴും പറയാറുള്ളത് ഞങ്ങള്‍ക്ക് കിട്ടിയ ഹദീസുകള്‍ ശാഫിഈക്ക് കിട്ടാത്തതുകൊണ്ടാണ് അദ്ദേഹം ഖുനൂത് സുന്നത്താക്കിയതെന്നാണ്. ഇമാം ശാഫിഈ(റ)യെ കൊച്ചാക്കി വലിയവരാകാന്‍ ശ്രമിക്കുകയാണ് വിമര്‍ശകര്‍. യഥാര്‍ത്ഥത്തില്‍ ഖുനൂതിന്റെ വിഷയത്തില്‍ അനുകൂലവും പ്രതികൂലവുമായി വന്ന സര്‍വ്വഹദീസുകളും ഇമാം ശാഫിഈ(റ) കാണുകകയും പഠനം നടത്തുകയും ചെയ്ത ശേഷമാണ് ഖുനൂത് സുന്നത്താണെന്ന് അവിടുന്ന് പറഞ്ഞതെന്ന വസ്തുത ഈ ഹദീസുകളെക്കുറിച്ച് തന്റെ ഉമ്മില്‍ നടത്തിയ ഗഹനമായ ചര്‍ച്ചയില്‍നിന്നു തന്നെ വ്യക്തമാണ്.
എതിര്‍് ന്യായങ്ങള്‍
ഇമാം ശാഫിഈ(റ)വിന് സ്വഹീഹായ ഹദീസ് കിട്ടാത്തതുകൊണ്ടാണ് ഖുനൂത് സുന്നത്താണെന്ന് തീരുമാനിച്ചതെന്ന് പറയാറുള്ള വിമര്‍ശകര്‍ക്ക് ഖുനൂതിനെതിരില്‍ സ്വഹീഹായ ഒരൊറ്റ ഹദീസുപോലും കിട്ടിയിട്ടില്ലെന്നതാണ് വാസ്തവം. ഹദീസ് എന്ന പദത്തിനു പല അര്‍ത്ഥങ്ങളുണ്ടെങ്കിലും ഇവിടെ വിവക്ഷിക്കുന്നത് നബി(സ്വ)യുടെ വാക്ക്, പ്രവൃത്തി, മൌനാനുമതി എന്നിവയാണ്. കാരണം ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നീ അടിസ്ഥാന തെളിവുകളുടെ കൂട്ടത്തില്‍ ഇതാണ് ഉള്‍പെടുന്നത്. എന്നാല്‍, ഈ ഗണത്തില്‍പെട്ട വെറും രണ്ട് ഹദീസ് മാത്രമാണ് വിമര്‍ശകരുടെ കൈയിലുള്ളത്. അതിലൊന്ന് വ്യാജവും രണ്ടാമത്തേത് ബലഹീനവുമാണ്.
വ്യാജഹദീസ്:
“ഉമ്മുസലമ പ്രസ്താവിച്ചു: സ്വുബ്ഹിയില്‍ ഖുനൂത്തോതുന്നതിനെ നബി(സ്വ) നിരോധിച്ചിരിക്കുന്നു” (ഇബ്നുമാജ, ദാറഖുത്നി).
ഖുനൂതിനെതിരില്‍ വിമര്‍ശകര്‍ എപ്പോഴും ഉദ്ധരിക്കാറുള്ള ഈ ഹദീസ് വ്യാജനിര്‍മിതിയാണ്. ഹദീസിന്റെ പരമ്പരയില്‍ കള്ളം പറയുന്ന, ഹദീസ് നിര്‍മ്മിച്ചുപറയുന്ന വ്യക്തിയുണ്ടാകുമ്പോഴാണ് ഹദീസ് വ്യാജമാകുന്നത്. ഹദീസ് ശാസ്ത്രത്തിന്റെ ബാലപാഠമെന്ന നിലയില്‍ പള്ളിദര്‍സുകളില്‍ ഈ വിഷയത്തില്‍ ആദ്യമായി പഠിക്കുന്ന മുഖദിമതു മിശ്കാത്തില്‍പോലും പറയുന്നു:
“കളവ് ആരോപിക്കപ്പെട്ടവന്റെ ഹദീസിനാണ് വ്യാജം എന്നു പറയുന്നത്”(മുഖദ്ദിമതുമിശ്കാത് 5)
. ഇമാം ഇബ്നുഹജറില്‍ അസ്ഖലാനി(റ) പറയുന്നു: “നബി)സ്വ)യുടെ ഹദീസ് ഉദ്ധരിക്കുന്നവരില്‍ കളവ് ആരോപിക്കപ്പെടുമ്പോഴാണ് ഹദീസ് വ്യാജമാകുന്നത്” (നുഖ്ബതുല്‍ഫിക്ര്‍ 56).
ഉമ്മുസലമ(റ) പറഞ്ഞതായി മുകളില്‍ ഉദ്ധരിച്ച ഹദീസ് ഈ ഗണത്തില്‍ പെട്ട ഒന്നാണ്. കാരണം,അതിന്റെ പരമ്പരയില്‍പെട്ട അമ്പസതുബിന്‍ അബ്ദില്‍റഹ്മാന്‍ എന്ന വ്യക്തി കള്ളം പറയുന്നവനും ഹദീസ് നിര്‍മ്മിച്ചു പറയുന്നവനുമാണ്. അദ്ദേഹത്തെക്കുറിച്ച് ഇമാമുകള്‍ പറയുന്നു: “അബൂഹാതിം പറഞ്ഞു: അയാള്‍ ഹദീസുകള്‍ നിര്‍മ്മിച്ചിരുന്നു. ഇബ്നുഹിബ്ബാന്‍ പറഞ്ഞു: പലതും നിര്‍മ്മിച്ചുപറയുന്ന വ്യക്തി. അസ്ദി പറഞ്ഞു: പച്ചക്കള്ളന്‍” (തഹ്ദീബുല്‍ കമാല്‍ 14/436,തഹ്ദീബുത്തഹ്ദീബ് 4/488).
അതിനാല്‍ ഖുനൂതിനെതിരില്‍ ഉമ്മുസലമ പറഞ്ഞതായി സാധാരണ ഉദ്ധരിക്കുന്ന ഈ ഹദീസ് വ്യാജംതന്നെയാണ്. തൊട്ടതിനൊക്കെ സ്വഹീഹായ ഹദീസുണ്ടോ എന്ന് ചോദിക്കുന്ന വിമര്‍ശകര്‍ ഈ വ്യാജ നിര്‍മ്മിത ഹദീസ് തെളിവായി സ്വീകരിക്കുന്നത് തികച്ചും വിരോധാഭാസമാണ്.
വ്യാജനിര്‍മ്മിത ഹദീസ് ഒരുനിലക്കും തെളിവായി ഉദ്ധരിക്കാന്‍ പാടില്ല. കാരണം അത് ഹറാമാണ്. ചതിയാണ്. വഞ്ചനയാണ്. ഹിജ്റ 642ല്‍ മരണപ്പെട്ട പ്രസിദ്ധ ഹദീസ് ശാസ്ത്ര പണ്ഡിതന്‍ ഇബ്നുസ്വലാഹ് പറയുന്നത് കാണുക:
“ബലഹീനമായ ഹദീസുകളില്‍ വെച്ച് ഏറ്റവും വിനാശകരമാണ് വ്യാജ ഹദീസ്. അതിന്റെ അവസ്ഥ അറിയുന്ന ഒരാള്‍ക്കും അത് വ്യാജമാണെന്ന് പറയാതെ യാതൊരു അര്‍ത്ഥത്തിലും ഉദ്ധരിക്കുന്നത് അനുവദനീയമല്ല” (മുഖദ്ദിമതു ഇബ്നുസ്സലാഹ് 47).
വിമര്‍ശകര്‍ക്ക് സ്വീകാര്യനായ ഇബ്നു തൈമിയ്യ പോലും പറയുന്നതു കാണുക:”ദീനില്‍ ചതിയും വഞ്ചനയും നടത്തുന്നതിന്റെ ഒരുദാഹരണം നബി(സ്വ)യുടെ പേരില്‍ വ്യാജനിര്‍മ്മിത ഹദീസുകള്‍ ഉദ്ധരിക്കുക എന്നതാണ്” (മജ്മൂഉല്‍ ഫതാവാ 28/84).
ഖുനൂതിനെതിരില്‍ വിമര്‍ശകരുടെ കയ്യില്‍ സ്വഹീഹായ ഹദീസ് (നബിവചനം) ഒന്നുപോലുമില്ല എന്നതിന്റെ തെളിവാണ് ഇതുപോലുള്ള വ്യാജനിര്‍മ്മിത ഹദീസ് ഉദ്ധരിച്ച് സാധാരണ വിശ്വാസികളെ വഞ്ചിക്കുന്നത്. വ്യാജ ഹദീസുകളുദ്ധരിച്ച് ദീനില്‍ചതിയും വഞ്ചനയും നടത്തുന്നത് സത്യവിശ്വാസികള്‍ക്ക് യോജിച്ചതല്ല. ഇങ്ങനെ ചതിയും വഞ്ചനയും നടത്തുന്നവരെ തഖ്.ലീദ് ചെയ്യുന്ന പാമരരുടെ അവസ്ഥ ഏറെ ദയനീയം തന്നെ.
അബൂമാലികില്‍ അശ്ജഇയുടെ ഹദീസ്:
അബൂമാലികില്‍ അശ്ജഇ ഉദ്ധരിക്കുന്നു: “ഞാന്‍ എന്റെ പിതാവിനോടു ചോദിച്ചു: പ്രിയ പിതാവെ,താങ്കള്‍ റസൂലുല്ലാഹി(സ്വ)യുടെ പിന്നിലും അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍ എന്നിവരുടെ പിന്നിലും, ഇവിടെ കൂഫയില്‍വെച്ച് അഞ്ചുവര്‍ഷത്തോളം അലിയ്യുബ്നു അബീത്വാലിബിന്റെ പിന്നിലും നിസ്കരിച്ചിട്ടുണ്ട്. അവര്‍ ഖുനൂത് ഓതാറുണ്ടായിരുന്നോ? അദ്ദേഹം പറഞ്ഞു: മകനേ, അതു പുതിയ കാര്യമാണ്”.
നബി(സ്വ) സ്വുബ്ഹിയിലെ ഖുനൂത് നിരോധിച്ചുവെന്ന് ഉമ്മുസലമ(റ) പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്ന വ്യാജഹദീസ് കഴിഞ്ഞാല്‍ പിന്നെ വിമര്ശകരുടെ കയ്യില്‍ ഖുനൂതിനെതിരെയുള്ള ഒരേയൊരു ഹദീസാണിത്. തിര്‍മുദി, നസാഇ, ഇബ്നുമാജ, അഹ്മദ്, ബൈഹഖി എന്നിവരൊക്കെ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. പക്ഷേ, അധിക റിപ്പോര്‍ട്ടുകളിലും ‘സ്വുബ്ഹി’ എന്ന പരാമര്‍ശം തന്നെയില്ല. മാത്രമല്ല, ഇത് ഒറ്റപ്പെട്ട ഒരു ഹദീസാണ്. കാരണം, എല്ലാവരും ഈ ഹദീസ് ഉദ്ധരിച്ചിരിക്കുന്നത് അബൂമാലികില്‍ അശ്ജഇ മുഖേന മാത്രമാണ്. അദ്ദേഹമാകട്ടെ വേണ്ടത്ര പ്രബലനുമല്ല. മറ്റുവഴികളിലൂടെ ഈ ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുമില്ല.
ഹിജ്റ 306ല്‍ മരണപ്പെട്ട ഹദീസ് പണ്ഡിതന്‍ ഹാഫിള് അബൂജഅ്ഫര്‍ മുഹമ്മദ്ബിന്‍ അംറ് അല്‍ഉവൈലി(റ) ഹദീസ് പരമ്പരകളിലെ ബലഹീനരെ മാത്രം പറയുന്ന ‘ളുഅ്ഫാഅ്’(ബലഹീനര്‍) എന്ന പേരില്‍ ഒരു കിതാബ് രചിച്ചിട്ടുണ്ട്. ഈ ഗ്രന്ഥം ഏറെ പ്രസിദ്ധവും ആധികാരികവുമാണ്
. ഇമാം ഇബ്നുസ്സലാഹ് പറയുന്നു:
“ഹദീസ് നിവേദകരായ സത്യസന്ധരെയും ബലഹീനരെയും അറിയുക എന്നത് ഏറെ പ്രധാനപ്പെട്ടതും ഗൌരവമേറിയതുമാണ്. കാരണം, ഹദീസിന്റെ ബലവും ബലഹീനതയും തിരിച്ചറിയാനുള്ള ചവിട്ടുപടിയാണത്. ഹദീസ് പണ്ഡിതര്‍ക്ക് ഈ വിഷയത്തില്‍ ഒരുപാട് ഗ്രന്ഥങ്ങളുണ്ട്. ചിലത് ബലഹീനരെ മാത്രം പറയുന്ന ഗ്രന്ഥങ്ങളാണ്. ബുഖാരിയുടെ ‘ളുഅ്ഫാഅ്’, നസാഇയുടെ’ളുഅ്ഫാഅ്’, ഉഖൈലിയുടെ ‘ളുഅ്ഫാഅ്’ എന്നീ ഗ്രന്ഥങ്ങള്‍പോലെ” (മുഖദ്ദിമതു ഇബ്നുസ്സലാഹ്193).
എന്നാല്‍ ഹദീസ് നിവേദകരിലെ ബലഹീനരെ അറിയുന്നതില്‍ ഇത്രയും ആധികാരികമായ ഉഖൈലിയുടെ ഈ ഗ്രന്ഥത്തില്‍ 598 നമ്പറില്‍ പരാമര്‍ശിച്ചിരിക്കുന്നത് ഈ ഹദീസ് ഉദ്ധരിച്ച അബൂമാലികില്‍ അശ്ജഇയെയാണ് (ഉഖൈലി ‘ളുഅ്ഫാഅ്’ 2/192). മാത്രമല്ല, അബൂമാലികില്‍ അശ്ജി ബലഹീനനല്ലെങ്കില്‍പോലും ഈ ഹദീസ് സാധുവല്ല. ഹദീസിന്റെ മത്നിനു തന്നെ ചില ന്യൂനതകളുണ്ട്. കാരണം ഈ ഹദീസിന്റെ മത്ന് സൂചിപ്പിക്കുന്നത് നബി(സ്വ) ഖുനൂത് നിര്‍ത്തിവെച്ചു എന്നല്ല, തീരെ ഓതിയിട്ടില്ല എന്നാണ്. ഇങ്ങനെ ഒരു മത്ന് ഒരു റിപ്പോര്‍ട്ടിലും വന്നിട്ടില്ലെന്ന് മാത്രമല്ല, ഇതിനുവിരുദ്ധമായി, അഥവാ നബി(സ്വ) ഖുനൂത് ഓതിയതായി പ്രബലമായ ധാരാളം ഹദീസുകളില്‍ വന്നിട്ടുണ്ട്. അതിനാല്‍ ഖുനൂതിന്റെ വിഷയത്തില്‍ അബൂമാലികില്‍ അശ്ജഇ ഉദ്ധരിച്ച ഈ ഹദീസ് ഒരു നിലക്കും സ്വീകാര്യമല്ല. ഇമാം ഉഖൈലിതന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇമാം ദഹബിയും ഇക്കാര്യം ഉദ്ധരിക്കുന്നു:
“ഉഖൈലി പറഞ്ഞു: ഖുനൂതില്‍ അദ്ദേഹത്തിന്റെ ഹദീസ് പിന്തുടരപ്പെടുന്നതല്ല”(മീസാനുല്‍ ഇഅ്തിദാല്‍ 3/180, സിയറു അഅ്ലാമിന്നുബലാഅ് 6/389).
ചുരുക്കത്തില്‍, വേണ്ടത്ര പ്രബലനല്ലാത്ത അബൂമാലികില്‍ അശ്ജഇ ഉദ്ധരിച്ച ഈ ഹദീസ് തികച്ചും ഒറ്റപ്പെട്ടതും മറ്റു പ്രബലമായ ധാരാളം ഹദീസുകള്‍ക്ക് വിരുദ്ധവുമാണ്. അതുകൊണ്ടുതന്നെ ഈ ഹദീസ് ‘ശാദ്ദ്’എന്ന ഗണത്തിലാണ് പെടുക. ഇമാം ഇബ്നുസ്വലാഹ് പറയുന്നു:
“ഒരു കാര്യം ഒരാള്‍മാത്രം ഉദ്ധരിച്ചതാണെങ്കില്‍ അതേക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. അദ്ദേഹം ഉദ്ധരിച്ച ഹദീസ് അദ്ദേഹത്തേക്കാള്‍ മനഃപാഠവും കൃത്യതയുമുള്ളവര്‍ ഉദ്ധരിച്ചതിനു വിരുദ്ധമാണെങ്കില്‍ അതു തള്ളപ്പെടേണ്ടുന്ന ശാദ്ദായ ഹദീസാണ്” (മുഖദ്ദിമതു ഇബനിസ്വലാഹ് 31). ശാദ്ദായ ഹദീസ് ബലഹീനമാണ്. കാരണം, ഒരു ഹദീസ് സ്വഹീഹാകണമെങ്കില്‍ ശാദ്ദ് ആകാതിരിക്കുക കൂടി വേണം. സ്വഹീഹായ ഹദീസ് എന്താണെന്നറിയുന്ന ആര്‍ക്കും ഇക്കാര്യത്തില്‍ സംശയമുണ്ടാവില്ല. കാരണം,സ്വഹീഹായ ഹദീസിന്റെ നിര്‍വചനത്തില്‍ തന്നെ സര്‍വ്വപണ്ഡിതരും ഈ വസ്തുത ഉള്‍പ്പെടുത്തിയിട്ടുണ്ട്
.ആകയാല്‍, ഖുനൂതിന്റെ വിഷയത്തില്‍ അബൂമാലികില്‍ അശ്ജഇ ഉദ്ധരിച്ച ഈ ഹദീസ് തികച്ചും ബലഹീനമാണ്. എന്നാല്‍ ചിലര്‍ ഈ ഹദീസിനെ കുറിച്ചു ഹസനാണെന്ന് പറഞ്ഞത് പരമ്പര മാത്രം പരിഗണിച്ചാണ്. ഇമാം തുര്‍മുദി ഈ ഹദീസിനെ കുറിച്ചു ഹസന് സഹീഹ് എന്ന് പറഞ്ഞതിന്റെ വിവക്ഷ അവ്യക്തവുമാണ്. കാരണം,ഇമാം തുര്‍മുദിയുടെ ഈ പ്രയോഗത്തെ സംബന്ധിച്ചു പണ്ഡിതര്‍ക്കിടയില്‍ ഒരുപാട് തര്‍ക്കങ്ങളുണ്ട് (ഇബ്നുറജബ്,ശറഹുഇലലു തുര്‍മുദി: 124 നോക്കുക).
ബുഖാരി മുസ്‌ലിം ഉദ്ധരിച്ച ഹദീസുകള്‍പോലും പലപ്പോഴും ബലഹീനമാണെന്ന് പറഞ്ഞു തള്ളുന്ന വിമര്‍ശകര്‍ ഈ ഹദീസിനെ പ്രമാണമാക്കുന്നത് തികച്ചും വിരോധാഭാസമാണ്.
ഈ ഹദീസ് ഉദ്ധരിച്ച ഉടനെ ഇമാം ബൈഹഖി തന്നെ പറയുന്നതു കാണുക:”ത്വാരിഖ്ബ്നു അശീമില്‍ അശ്ജഇ (അബൂമാലികില്‍ അശ്ജഇയുടെ പിതാവ്) താന്‍ തുടര്‍ന്ന് നിസ്കരിച്ചവരില്‍ നിന്നും ഖുനൂത് മനഃപാഠമാക്കിയില്ല. അതുകൊണ്ട് ഖുനൂത് പുതിയ കാര്യമാണെന്ന് അയാള്‍ അഭിപ്രായപ്പെട്ടു. മറ്റുള്ളവര്‍ അത് മനഃപാഠമാക്കിയിട്ടുണ്ട്. അതിനാല്‍ അയാളുടെ വിധിക്ക് പ്രസക്തിയില്ല” (ബൈഹഖി, സുനനുല്‍ കുബ്റാ: 3/58).
അബൂമാലികില്‍ അശ്ജഇയുടെ പിതാവ് സ്വഹാബിയാണോ എന്ന കാര്യത്തിലും ചിലര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹം നബി(സ്വ)യില്‍ നിന്നും ഹദീസ് കേട്ടിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ചില മക്കള്‍ പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നു. എങ്കിലും അദ്ദേഹം സ്വഹാബിയാണെന്നതു തന്നെയാണ് പ്രബലമായ അഭിപ്രായം (ഇബ്നുഹജര്‍അസ്ഖലാനി, അല്‍ഇസ്വാബ 2/219).
സ്വഹാബികള്‍ ഖുനൂത് ഉപേക്ഷിച്ചത്
ചില സ്വഹാബികള്‍ ചിലപ്പോള്‍ ഖുനൂത് ഉപേക്ഷിച്ചതായി ചില ഉദ്ധരണങ്ങളില്‍ കാണാം.അംറ്ബ്നുല്‍ മൈമൂന്‍ ഉദ്ധരിക്കുന്നു: ഉമര്‍ബിനുല്‍ ഖത്താബ് പ്രഭാതത്തില്‍ ഖുനൂത് ഓതിയില്ല (ബൈഹഖി,ത്വബ്റാനി). എന്നാല്‍ ഇങ്ങനെയുള്ള ഉദ്ധരണങ്ങള്‍ക്കുശേഷം ഇമാം ബൈഹഖിതന്നെ പറയുന്നു:”നബി(സ്വ)യും ശേഷം ഖുലഫാഉകളും ഖുനൂത് ഓതിയതായി ഖുനൂതിന്റെ അധ്യായത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഉമര്‍(റ) സ്വുബ്ഹി നിസ്കാരത്തില്‍ ഖുനൂത് ഓതാറുണ്ടായിരുന്നുവെന്ന് പ്രബലമായ പല വഴികളിലൂടെയും വന്നത് പ്രസിദ്ധമാണ്. ഇനി മറന്നോ മനഃപൂര്‍വ്വമോ അവര്‍ വല്ലപ്പോഴും ഉപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് ഖുനൂത് നിര്‍ബന്ധമില്ല എന്നതിനു തെളിവാണ്” (സുനനുല്‍കുബ്റാ 3/310).
“ചില സ്വഹാബികള്‍ ചില സുന്നത്തുകളെ ഓര്‍ക്കാതിരിക്കുകയോ അശ്രദ്ധരാവുകയോ ചെയ്തതുകൊണ്ട് അതു സ്വീകരിക്കുകയും മനഃപാഠമാക്കുകയും ചെയ്തവര്‍ ഉദ്ധരിച്ച ഹദീസുകള്‍ക്ക് ഒരു പോറലും ഏല്‍ക്കുകയില്ല” (സുനല്‍കുബ്റാ 3/56).
തന്നെയുമല്ല, ബുഖാരി മുസ്‌ലിം അടക്കം ഉദ്ധരിച്ച പ്രബലമായ ഹദീസുകള്‍ സ്വുബ്ഹിന്റെ ഖുനൂത് സ്ഥിരീകരിക്കുന്നുണ്ട്. ഹദീസുകളില്‍നിന്നും മതവിധികള്‍ കണ്ടെത്തുന്നതിന്റെ നിദാന ശാസ്ത്രമനുസരിച്ച് ഒരു കാര്യത്തില്‍ നിഷേധിക്കുന്നവരുടെ വാക്ക് തള്ളുകയും സ്ഥിരീകരിക്കുന്നവരുടെത് സ്വീകരിക്കുകയുമാണ് വേണ്ടത്. ഇമാം നവവി(റ) പറയുന്നു:”ഖുനൂതിനെ സ്വീകരിക്കുന്നവര്‍ക്കാണ് കൂടുതല്‍ അറിവ്. അവര്‍ കൂടുതലാണുതാനും. അതുകൊണ്ട് അവരെ മുന്തിക്കല്‍ നിര്‍ബന്ധമാണ്” (ശറഹുല്‍മുഹദ്ദബ് 3/504).
സ്വുബ്ഹിന്റെ ഖുനൂത് ഖുര്‍ആനില്‍
പ്രബലമായ ധാരാളം ഹദീസുകള്‍കൊണ്ട് സ്ഥിരപ്പെട്ട സ്വുബ്ഹി നിസ്കാരത്തിലെ ഖുനൂത് വിശുദ്ധഖുര്‍ആന്‍ തന്നെ സ്ഥിരീകരിക്കുന്നു. സൂറതുല്‍ബഖറയിലെ 238ാമത്തെ സൂക്തത്തിലെ وَقُومُوا لِلّهِ قَانِتِينْ ‘നിങ്ങള്‍ ഖുനൂത് നിര്‍വ്വഹിച്ച് നിസ്കരിക്കുക’ എന്ന വാക്യംകൊണ്ട് വിവക്ഷിക്കുന്നത് സ്വുബ്ഹി നിസ്കാരത്തിലെ ഖുനൂതാണ്. ആധികാരിക ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇബ്നുജരീര്‍ ത്വബ.രി (മരണം ഹി. 310) തന്റെ തഫ്സീറില്‍ പ്രബലമായ പരമ്പരയോടുകൂടി ഉദ്ധരിക്കുന്നതു കാണുക:”അബൂറജാഅ് ഉദ്ധരിക്കുന്നു: ഞാന്‍ ബസ്വറയിലെ പള്ളിയില്‍വെച്ച് ഇബ്നുഅബ്ബാസിനോടൊപ്പം സ്വുബ്ഹി നിസ്കരിച്ചു. അപ്പോള്‍ റുകൂഇന് മുമ്പ് അദ്ദേഹം ഖുനൂത് ഓതുകയും അല്ലാഹു പറഞ്ഞ ‘നിങ്ങള്‍ ഖുനൂതോതി നിസ്കരിക്കുക’ എന്ന വാക്യംകൊണ്ട് വിവക്ഷിക്കുന്നത് ഈ മഹത്തായ നിസ്കാരമാണെന്ന് പറയുകയും ചെയ്തു” (2/333).
ഈ ഖുര്‍ആന്‍ സൂക്തത്തിനു വേറെയും വ്യാഖ്യാനങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ടെങ്കിലും ഈ വ്യാഖ്യാനവും ഏറെ പ്രസക്തവും ആധികാരികവുമാണ്. കാരണം ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ തലവന്‍ അഥവാ റഈസുല്‍ മുഫസ്സിരീന്‍ എന്ന അപരനാമമുള്ള സ്വഹാബിവര്യന്‍ ഇബ്നു അബ്ബാസാ(റ)ണ് ഈ വ്യാഖ്യാനം നല്‍കിയത്. ഒരിക്കല്‍ നബി(സ്വ) ഇബ്നു അബ്ബാസിനുവേണ്ടി പ്രാര്‍ത്ഥിക്കുകയുണ്ടായി.”അല്ലാഹുവേ,ഈ ആള്‍ക്ക് ദീനില്‍ അഗാധജ്ഞാനം നല്‍കുകയും ഖുര്‍ആന്‍ വ്യാഖ്യാനം പഠിപ്പിക്കുകയും ചെയ്യേണമേ” (ബുഖാരി, മുസ്‌ലിം).
തന്നെയുമല്ല,തികച്ചും ശക്തവും പ്രബലവുമായ പരമ്പരയിലൂടെയാണ് ഇബ്നു അബ്ബാസില്‍ നിന്നും ഇത് ഉദ്ധരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വ്യാഖ്യാനം ഒരിക്കലും ഒരുനിലക്കും അവഗണിച്ചുതള്ളാന്‍ പറ്റിയതല്ല. ഈ സൂക്തത്തിനു നല്‍കപ്പെട്ട മറ്റു വ്യാഖ്യാനങ്ങള്‍ ഈ ആശയത്തിന് വിരുദ്ധമല്ല. അതുകൊണ്ടുതന്നെ ഇതിനോടൊപ്പം അവയും കൂടി വിവക്ഷിക്കുന്നതിനും യാതൊരു തടസ്സവുമില്ല.ഇബ്നു അബ്ബാസ്(റ) വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക് ഒരിക്കലും സ്വന്തം വ്യാഖ്യാനം നല്‍കുകയില്ല. അദ്ദേഹം തന്നെ ഉദ്ധരിക്കുന്ന ഹദീസ് കാണുക:ഇബ്നു അബ്ബാസ്(റ) ഉദ്ധരിക്കുന്നു: നബി(സ്വ) പറഞ്ഞു: ആരെങ്കിലും ഖുര്‍ആനിനു സ്വന്തം വ്യാഖ്യാനം നല്‍കിയാല്‍, അവന്‍ നരകത്തില്‍ ഇരിപ്പിടം ഉറപ്പിച്ചു കൊള്ളട്ടെ (തുര്‍മുദി)
ഖുനൂത് സ്ഥിരീകരിക്കുന്ന ഹദീസുകള്‍
നിരവധിലക്ഷം ഹദീസുകള്‍ മനഃപാഠമുള്ള ഇമാം ശാഫിഈ(റ) സ്വുബ്ഹിയിലെ ഖുനൂത് നബി(സ്വ) ഓതിയതായി സ്ഥിരപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞാല്‍ അതുതന്നെ സുന്നികള്‍ക്ക് മതിയായ രേഖയാണ്. കാരണം,സ്വഹീഹായ ഹദീസിന്റെ അടിസ്ഥാനത്തില്‍ സ്ഥിരപ്പെട്ടാല്‍ മാത്രമേ ഇമാം ശാഫിഈ(റ) അങ്ങനെ പറയുകയുള്ളൂവെന്നും വിമര്‍ശകരെപ്പോലെ വ്യാജവും ദുര്‍ബലവുമായ ഹദീസുകള്‍ പ്രമാണമാക്കുകയില്ലെന്നും ഉറപ്പാണല്ലോ. ശാഫി ഇമാമിന് ലഭിച്ച ഹദീസുകളുടെ ചെറിയൊരംശംപോലും വിമര്‍ശകര്‍ക്ക് കിട്ടിയിട്ടില്ലെന്നും കിട്ടാന്‍ സാധ്യമല്ലെന്നും ഉറപ്പാണ്. മാത്രവുമല്ല, ഇമാം ശാഫിഈ(റ)ക്ക് കിട്ടിയ പ്രബലമായ ഹദീസുകള്‍ നമ്മുടെ കൈയിലെത്തുമ്പോഴേക്ക് ബലഹീനമായേക്കാം. കാരണം,പ്രബലമായ ഹദീസുകള്‍ പിന്നീട് ബലഹീനന്‍മാര്‍ ഉദ്ധരിക്കുമ്പോള്‍ ബലഹീനമായിത്തീരുന്നു. അതുകൊണ്ടുതന്നെ, ഇമാം ശാഫിഈ(റ) സ്വുബ്ഹിയിലെ ഖുനൂത് സുന്നത്താണെന്ന് പറഞ്ഞാല്‍ സുന്നികളെ സംബന്ധിച്ചിടത്തോളം വേറെ തെളിവ് അന്വേഷിക്കേണ്ടതില്ല. എങ്കിലും പറയട്ടെ, ഖുനൂതിന്റെ വിഷയത്തില്‍ സ്വഹീഹായ ഹദീസുകളില്‍ ചിലതുമാത്രം കൊടുക്കുന്നു.
“അനസ്(റ)നോട് സ്വുബ്ഹിയിലെ ഖുനൂതിനെ സംബന്ധിച്ച് ചോദിക്കപ്പെട്ടു. അപ്പോള്‍ പറഞ്ഞു: റുകൂഇനു മുമ്പും ശേഷവും ഞങ്ങള്‍ ഖുനൂത്തോതാറുണ്ടായിരുന്നു.” (ഇബ്നുമാജ: 1/374)
ഇബ്നുമാജ ഉദ്ധരിച്ച ഈ ഹദീസ് ഏറെ പ്രബലവും അതിന്റെ പരമ്പരയിലുള്ളവര്‍ മുഴുവനും ബുഖാരിയുടെയും മുസ്ലിമിന്റെയും നിവേദകര്‍ മാത്രവുമാണ്. ഈ ഹദീസില്‍ അനസി(റ)നോട് ചോദിക്കുന്നതുതന്നെ സ്വുബ്ഹിന്റെ ഖുനൂതിനെക്കുറിച്ച് മാത്രമാണ്, നാസിലത്തിന്റെ (വിപത്തിന്റെ) ഖുനൂതിനെ കുറിച്ചല്ല. അതുകൊണ്ടുതന്നെ മറുപടിയും സ്വുബ്ഹിന്റെ ഖുനൂതിനെക്കുറിച്ചാകാനേ നിര്‍വാഹമുള്ളൂ. നാസിലത്തിന്റെ ഖുനൂത് സ്വുബ്ഹിയില്‍ മാത്രമല്ല, എല്ലാ നിസ്കാരങ്ങളിലും നിര്‍വഹിക്കപ്പെടേണ്ടതുമാണ്. അതിനാല്‍, ഈ ഹദീസില്‍ പറഞ്ഞ ഖുനൂത് സ്വുബ്ഹിന്റെ ഖുനൂത് തന്നെയാണ്. നിര്‍ത്തിവെച്ചുവെന്നോ ഒരു മാസക്കാലമെന്നോ യാതൊരു സൂചനയും ഈ ഹദീസിലില്ല. എന്നല്ല, പല പണ്ഡിതരുടെയും വീക്ഷണമനുസരിച്ച് നബി(സ്വ)യുടെ കാലത്ത് സ്വഹാബികള്‍ സ്ഥിരമായി ഖുനൂത് ഓതിയിരുന്നുവെന്ന് ഹദീസില്‍ പ്രയോഗിച്ച പദങ്ങളില്‍ നിന്നു മനസ്സിലാക്കാവുന്നതാണ്. കാരണം, അനസ്(റ) പറഞ്ഞത് كنا نقنت ഇത് സ്ഥിരമായി ചെയ്തു എന്നാണ് സൂചിപ്പിക്കുകയെന്ന് ഒട്ടേറെ പണ്ഡിതന്‍മാര്‍ പറയുന്നത് കാണുക: “കാന എന്ന പദം സ്ഥിരമായി എന്ന് സൂചിപ്പിക്കുന്നു” (മുല്ലാ അലിയ്യുല്‍ ഖാരി, മിര്‍ഖാത:് 2/65, ആലൂസി, റൂഹുല്‍ മആനി: 5/601, അയ്നി, ഉംദതുല്‍ ഖാരി: 6/48, മുനാവി, ഫൈളുല്‍ ഖദീര്‍: 5/135).
തന്നെയുമല്ല كنا نقنت (കുന്നാ നക്നുതു) എന്ന പദം സ്വഹാബിമാര്‍ മുഴുവനും നബി(സ്വ)യുടെ കാലത്ത് നബി(സ്വ)യുടെ അറിവോടെ ഖുനൂത് ഓതിയിരുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ഇമാം ഇബ്നുല്‍ അസീര്‍ (മരണം ഹി. 606)
പറയുന്നത് കാണുക:
“ശറഇന്റെ വിധികള്‍ വിവരിച്ചുകൊണ്ട് ഒരു സ്വഹാബി ‘ഞങ്ങള്‍ അങ്ങനെ ചെയ്തിരുന്നു’ എന്ന് പറഞ്ഞാല്‍ അതില്‍ നിന്നും വ്യക്തമാകുന്നത് നബി(സ്വ) അറിയുകയും അവിടന്ന് എതിര്‍ക്കുകയും ചെയ്യാത്ത വിധം എല്ലാ സ്വഹാബിമാരും ചെയ്തിരുന്നുവെന്നാണ്” (ഇബ്നുല്‍ അസിര്‍, ജാമിഉല്‍ ഉസൂല്‍: 1/95).
“ബറാഉ ബിനു ആസിബ്(റ) ഉദ്ധരിക്കുന്നു. തീര്‍ച്ചയായും നബി(സ്വ) സ്വുബ്ഹിയില്‍ ഖുനൂത് ഓതാറുണ്ടായിരുന്നു” (ദാരിമി 1/275).
ഇമാം ദാരിമി റിപ്പോര്‍ട്ട് ചെയ്ത ഈ ഹദീസും ഏറെ പ്രബലം തന്നെ. ഇതിന്റെ പരമ്പരയിലുള്ളവരും ബുഖാരിമുസ്ലിമിന്റെ നിവേദകര്‍ തന്നെയാണ്. ഈ ഹദീസിലും സ്വുബ്ഹിന്റെ ഖുനൂതിനെ കുറിച്ച് മാത്രമാണ് പരാമര്‍ശിക്കുന്നത്. മുസ്ലിം സമൂഹത്തിനു പൊതുവായ എന്തെങ്കിലും വിപത്തുണ്ടാകുമ്പോള്‍ മാത്രം എല്ലാ നിസ്കാരങ്ങളിലും ഒരുപോലെ നിര്‍വഹിക്കുന്ന നാസിലത്തിന്റെ ഖുനൂതാണിതെന്നതിലേക്ക് യാതൊരു സൂചനയും ഈ ഹദീസിലില്ല. നാസിലത്തിന്റെ ഖുനൂതിനെക്കുറിച്ച് പരാമര്‍ശിക്കുന്ന ധാരാളം ഹദീസുകള്‍ വേറെയുണ്ട്. നിര്‍ത്തിവെച്ചുവെന്നോ ഒരു മാസക്കാലമെന്നോ സൂചിപ്പിക്കുന്ന യാതൊരു പദവും ഈ ഹദീസിലില്ല. അതുകൊണ്ടുതന്നെ അങ്ങനെ പരിമിതിപ്പെടുത്തുന്നതിന് യാതൊരു ന്യായവുമില്ല. തന്നെയുമല്ല, ഈ ഹദീസിലും ‘കാന’ (كان) എന്ന പദമാണ് പ്രയോഗിച്ചിരിക്കുന്നത്. ഈ പദം സ്ഥിരമായി ചെയ്തു എന്ന ആശയം ദ്യോതിപ്പിക്കുമെന്ന് ഒട്ടേറെ പ്രഗത്ഭ പണ്ഡിതന്‍മാര്‍ പറഞ്ഞതായി മുമ്പ് സൂചിപ്പിക്കുകയും ചെയ്തു.
“അനസ്(റ)നോട് ചോദിക്കപ്പെട്ടു. നബി(സ്വ) സ്വുബ്ഹിയില്‍ ഖുനൂത് ഓതിയിരുന്നോ? അനസ്(റ) പറഞ്ഞു: അതെ. അപ്പോള്‍ ചോദിക്കപ്പെട്ടു: റുകൂഇന് മുമ്പായിരുന്നോ? അനസ് പറഞ്ഞു: റുകൂഇന് ശേഷം അല്‍പ്പം” (ബുഖാരി, മുസ്‌ലിം)
ഈ ഹദീസില്‍ അനസ്(റ)നോട് ചോദിക്കുന്നത് തന്നെ സ്വുബ്ഹി നിസ്കാരത്തിലെ ഖുനൂതിനെ കുറിച്ചാണ്. വിപത്തുണ്ടാകുമ്പോള്‍ സ്വുബ്ഹിയില്‍ മാത്രമല്ല എല്ലാ നിസ്കാരങ്ങളിലും ഒരുപോലെ നിര്‍വഹിക്കപ്പെടുന്ന നാസിലത്തിന്റെ ഖുനൂതിനെ കുറിച്ചല്ല.
അങ്ങനെ ഒരുസൂചന പോലും ഈ ഹദീസിലില്ല. അങ്ങനെയാണെങ്കില്‍ സ്വുബ്ഹി എന്ന് പ്രത്യേകം എടുത്തു പറയേണ്ട കാര്യവുമില്ല. അതുകൊണ്ടുതന്നെ അനസ്(റ)ന്റെ ഉത്തരവും സ്വുബ്ഹിന്റെ ഖുനൂതിനെ കുറിച്ചാണെന്ന് മനസ്സിലാക്കുന്നതാണ് ന്യായം. അനസ്(റ)ന്റെ ഉത്തരവും വളരെ വ്യക്തമാണ്. അഥവാ സ്വുബ്ഹിന്റെ ഖുനൂത് റുകൂഇനു സേഷമാണ് നിര്‍വിക്കേണ്ടതെന്നും അത് കൂടുതല്‍ നീട്ടി ഓതാതെ അല്‍പ്പം മാത്രം ഓതിയാല്‍ മതിയെന്നും ഉത്തരത്തില്‍ നിന്നും അര്‍ത്ഥശങ്കക്കിടമില്ലാത്ത വിധം വളരെ വ്യക്തമാണ്. വളച്ചുകെട്ടില്ലാതെ, ഹദീസിന്റെ നേര്‍ക്കുനേര്‍ അര്‍ത്ഥമാണിത്. എന്നാല്‍, ഇങ്ങനെ നേര്‍ക്കുനേര്‍ അര്‍ത്ഥം വെച്ചാല്‍ മൌലവിമാര്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ല.
അതുകൊണ്ടുതന്നെ ഈ ഹദീസിന്റെ നേര്‍ അര്‍ത്ഥം വെക്കാതെ ഇവിടെ വ്യാഖ്യാനം സ്വീകരിക്കുകയാണ് സാധാരണഗതിയില്‍ മൌലവിമാര്‍ ചെയ്യാറുള്ളത്. അഥവാ, ഹദീസില്‍ പറഞ്ഞ ‘അല്‍പ്പം’ (ييسيرا ) എന്ന പദത്തോടുകൂടി ഹദീസില്‍ കാണാത്ത ‘കാലം’ എന്ന് കൂട്ടിച്ചേര്‍ത്ത് അല്പകാലം എന്നാക്കി മൌലവിമാര്‍ വ്യാഖ്യാനിക്കാറുണ്ട്. അങ്ങനെ ചിലര്‍ വ്യാഖ്യാനിച്ചിട്ടുണ്ടെന്നത് ശരിതന്നെ. എന്നാല്‍ വ്യാഖ്യാനമില്ലാതെ, ഒന്നുംകൂട്ടിച്ചേര്‍ക്കാതെ നേര്‍ അര്‍ത്ഥം തന്നെ പണ്ഡിതന്‍മാര്‍ ഇവിടെ നല്‍കിയിട്ടുണ്ട്.
ഹമ്പലീ മദ്ഹബിലെ പ്രമുഖ പണ്ഡിതന്‍ ഇബ്നു റജബ് ഈ ഹദീസിന്റെ അര്‍ത്ഥത്തെക്കുറിച്ച് തന്റെ ബുഖാരിയുടെ ശറഹില്‍ പറയുന്നതുകാണുക.
“നബി(സ്വ) സ്വുബ്ഹിയില്‍ ഖുനൂത് ഓതിയിരുന്നെന്നും റുകൂഇന് ശേഷം അല്‍പ്പം ഓതിയെന്നും ഈ ഹദീസ് അറിയിക്കുന്നു.يسيرا . (അല്‍പ്പം) എന്ന പദം ഖുനൂതിലേക്ക് മടങ്ങുന്നതാകാം. അപ്പോള്‍ അല്‍പ്പം ഖുനൂതോതി എന്നാകും വിവക്ഷ. ഖുനൂതിന്റെ സമയത്തിലേ ക്ക് മടങ്ങുന്നതാകാനും സാധ്യതയുണ്ട്. അപ്പോള്‍ അല്‍പ്പസമയം ഓതി എന്ന അര്‍ത്ഥമായേക്കാം.” (ഇബ്നു റജബ്, ഫതഹുല്‍ബാരി 9/187)
ചുരുക്കത്തില്‍, ഈ ഹദീസിനു നേര്‍ അര്‍ത്ഥം തന്നെ പണ്ഡിത•ാര്‍ നല്‍കിയതിനാല്‍ അതുതന്നെ സ്വീകരിക്കുന്നതാണ് ചിലര്‍ നല്‍കിയ വ്യാഖ്യാനം സ്വീകരിക്കുന്നതിനെക്കാള്‍ അഭികാമ്യം.
യഥാര്‍ത്ഥത്തില്‍ നേര്‍ അര്‍ത്ഥം വെക്കുന്നതിനു തടസ്സമുണ്ടാകുമ്പോള്‍ മാത്രമാണ് വ്യാഖ്യാനത്തിലേക്ക് നീങ്ങേണ്ടി വരുന്നത്. ഉദാഹരണത്തിനു ആഇശ(റ) ഉദ്ധരിച്ച ഹദീസ് കാണുക:”നബി(സ്വ) പറഞ്ഞു: മുഖമക്കനയില്ലാതെ പ്രായപൂര്‍ത്തിയായ പെണ്ണിന്റെ നിസ്കാരം അല്ലാഹു സ്വീകരിക്കുകയില്ല.” (അബൂദാവൂദ്, തുര്‍മുദി)
എന്നാല്‍, ഈ ഹദീസിന്റെ നേര്‍ അര്‍ഥം “ആര്‍ത്തവകാരിയുടെ നിസ്കാരം മുഖമക്കനയില്ലാതെ അല്ലാഹു സ്വീകരിക്കുകയില്ല” എന്നതാണ്. കാരണം, ഹദീസില്‍ പ്രയോഗിച്ച حائض എന്ന പദത്തിന്റെ നേര്‍ അര്‍ത്ഥം ആര്‍ത്തവകാരി എന്നാണ്. ഇങ്ങനെ നേര്‍ അര്‍ത്ഥമാകുമ്പോള്‍ ആര്‍ത്തവകാരി മക്കനയിട്ട് നിസ്കരിച്ചാല്‍ അവളുടെ നിസ്കാരം സാധുവാണെന്നുള്ള തെറ്റായ ആശയാണ് ഹദീസില്‍ നിന്നും ലഭിക്കുക. ഇങ്ങനെ, ഈ ഹദീസിനു നേര്‍ അര്‍ത്ഥം വിവക്ഷിക്കുന്നതിനു മതപരമായ തടസ്സമുണ്ടായതുകൊണ്ട് മാത്രമാണ് ആര്‍ത്തവകാരി എന്ന് നേര്‍ അര്‍ത്ഥമുള്ള حائض എന്ന പദത്തെ പ്രായപൂര്‍ത്തിയായവള്‍ എന്ന് വ്യാഖ്യാനിക്കേണ്ടിവരുന്നത്.
എന്നാല്‍, നബി(സ്വ) സ്വുബ്ഹി നിസ്കാരത്തില്‍ അല്‍പ്പം ഖുനൂത് ഓതിയതായി അനസ്(റ) ഉദ്ധരിച്ച ഹദീസിന് നേര്‍ അര്‍ത്ഥം വെക്കുന്നതിന് യാതൊരു തടസ്സവുമില്ല. അതിനാല്‍, വ്യാഖ്യാനമല്ല, നേര്‍ അര്‍ത്ഥമാണ് ഈ ഹദീസിന്റെ കാര്യത്തില്‍ സ്വീകാര്യമായത്. അപ്പോള്‍ മുമ്പ് പറഞ്ഞ ഹദീസുകളുടെ ആശയവുമായി യോജിക്കുകയും ചെയ്യും. മാത്രമല്ല, ഈ ഹദീസില്‍ കാണാത്ത ‘കാലം’ എന്ന പദം കൂട്ടിച്ചേര്‍ത്ത് നാസിലത്തിന്റെ ഖുനൂതായി വ്യാഖ്യാനിക്കുമ്പോഴാണ് പല തടസ്സങ്ങളുമുള്ളത്.
(1) മതപരമായ തടസ്സം: നാസിലത്തിന്റെ (വിപത്തിന്റെ) ഖുനൂത് മതപരമായി സ്വുബ്ഹിയില്‍ മാത്രം പരിമിതമല്ല. അതുകൊണ്ടുതന്നെ സ്വുബ്ഹി നിസ്കാരത്തിന്റെ ഖുനൂതിനെക്കുറിച്ചുള്ള ചോദ്യത്തിനു പറഞ്ഞ മറുപടി എല്ലാ നിസ്കാരത്തിലും നിര്‍വഹിക്കപ്പെടുന്ന നാസിലത്തിന്റെ ഖുനൂതായി വ്യാഖ്യാനിക്കുന്നത് മതവിരുദ്ധമാണ്. കാരണം നാസിലത്തിന്റെ ഖുനൂത് സ്വുബ്ഹിയില്‍ മാത്രം പരിമിതമാണെന്ന തെറ്റായ മതവിധി സൂചിപ്പിക്കും. ഹദീസില്‍ നിന്നും കിട്ടാത്ത ഒരു പദം (കാലം) ഹദീസില്‍ ആവശ്യമില്ലാതെ കൂട്ടിച്ചേര്‍ക്കുന്നതും യാതൊരു ആവശ്യവുമില്ലാതെ ഹദീസിന്റെ നേര്‍അര്‍ത്ഥം സാധ്യമാകുന്നതോടുകൂടി വളഞ്ഞ അര്‍ത്ഥം സ്വീകരിക്കുന്നതും വ്യാഖ്യാനിക്കുന്നതും മതവിരുദ്ധമാണ്.
(2) ഭാഷാപരമായ തടസ്സം: ഇവിടെ يسيرا (അല്‍പ്പം) എന്ന പദം അറബി വ്യാകരണ നിയമമനുസരിച്ച് (صفة) വിശേഷണമാണ്.صفة ന് ഒരു موصوف (വിശേഷിക്കപ്പെടുന്നത്) വേണം. അതിവിടെ പറയപ്പെട്ടിട്ടില്ല. സാങ്കല്‍പ്പികമാണ്. എന്നാല്‍, മുമ്പ് പറഞ്ഞതില്‍ നിന്നോ സാഹചര്യത്തില്‍ നിന്നോ അറിയപ്പെട്ടത് മാത്രമേ സങ്കല്‍പ്പിക്കാവൂ. എന്നാല്‍, കാലം എന്ന പദം സാഹചര്യത്തില്‍ നിന്നോ മുമ്പ് പറയപ്പെട്ടതില്‍ നിന്നോ അറിയപ്പെടുന്നില്ല. മറിച്ച് ഖുനൂത് എന്ന പദമാണ് സാഹചര്യത്തില്‍ നിന്നും മുമ്പ് പറയപ്പെട്ടതില്‍ നിന്നും അറിയപ്പെടുന്നത്. അപ്പോള്‍ അത് മാത്രമാണ് മൌസൂഫായി സങ്കല്‍പ്പിക്കപ്പെടേണ്ടത്. അതിനാല്‍ അല്‍പ്പമായ ഖുനൂത് എന്നാണ് വരിക. കാരണം, ഇതാണ് ശരിയായ പ്രയോഗം. ഇതിനു സമാനമായ പ്രയോഗങ്ങള്‍ ഖുര്‍ആനില്‍ കണുക: ‘അല്‍പ്പമായ വിചാരണ ചെയ്യപ്പെടുന്നതാണ്’ (ഇന്‍ശിഖാഖ്: 8)
“നാം അതിനെ നമ്മിലേക്ക ് അല്‍പമായ പിടുത്തം പിടിച്ചു”(അല്‍ഫുര്‍ഖാന്‍:46).
(3) യുക്തിപരമായ തടസ്സം: സ്വുബ്ഹിയിലെ ഖുനൂതിനെ കുറിച്ചുള്ള ചോദ്യത്തിനു പറഞ്ഞ മറുപടി യാതൊരു ന്യായവുമില്ലാതെ മറ്റേതെങ്കിലും ഖുനൂതായി വ്യാഖ്യാനിക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ല.
ഒരാള്‍ ‘അല്‍പ്പം ഭക്ഷണം കഴിച്ചു’ എന്ന് പറഞ്ഞാല്‍ അയാള്‍ കുറച്ചുകാലം ഭക്ഷണം കഴിച്ചെന്നും പിന്നീട് മരണം വരെ ഒന്നും ഭക്ഷിച്ചില്ലെന്നും ആരെങ്കിലും മനസ്സിലാക്കുമോ? എന്നതുപോലെ “നബി(സ്വ) സ്വുബ്ഹിയില്‍ അല്‍പ്പം ഖുനൂത്തോതി” എന്ന് പറഞ്ഞതില്‍ നിന്നും നബി(സ്വ) കുറച്ചുകാലം ഖുനൂത്തോതിയെന്നും പിന്നീട് മരണം വരെ ഖുനൂത് ഓതിയില്ലെന്നും മനസ്സിലാക്കുന്നത് യുക്തിയല്ല. ചുരുക്കത്തില്‍, “നബി(സ്വ) സ്വുബ്ഹി നിസ്കാരത്തില്‍ അല്‍പ്പം ഖുനൂത്തോതി” എന്ന് അനസ്(റ) ഉദ്ധരിച്ച ഹദീസിനു നേര്‍ അര്‍ത്ഥം വെക്കുന്നതിനു യാതൊരു തടസ്സവുമില്ല. മറിച്ച് ഹദീസില്‍ പറഞ്ഞ സ്വുബ്ഹിന്റെ ഖുനൂതിനെ യാതൊരു ന്യായവുമില്ലാതെ നാസിലത്തിന്റെ ഖുനൂതായി വ്യാഖ്യാനിക്കുന്നതിനാണ് പ്രശ്നമുള്ളത്. അതുകൊണ്ട് ഇവിടെ നേര്‍ അര്‍ത്ഥം തന്നെയാണ് വിവക്ഷിക്കേണ്ടത്. വ്യാഖ്യാനമല്ല.
ഗതിമുട്ടിയാല്‍ ….……
സാധാരണഗതിയില്‍ മുന്‍കാല പണ്ഡിതന്‍മാര്‍ നല്‍കിയ വ്യാഖ്യാനങ്ങള്‍ സ്വീകരിക്കാതെ, ഖുര്‍ആനിനും ഹദീസിനും നേര്‍അര്‍ത്ഥം മാത്രം വെക്കണമെന്ന് വാശിപിടിക്കുന്നവരാണ് പുത്തനാശയക്കാര്‍. ഖുര്‍ആനിലും ഹദീസിലും വന്ന, നേര്‍ അര്‍ത്ഥം അസാധ്യമായ പല പദങ്ങള്‍ക്കും ഇമാമുകള്‍ നല്‍കിയ വ്യാഖ്യാനങ്ങള്‍ സ്വീകരിക്കാതെ നേര്‍അര്‍ത്ഥം മാത്രം നല്‍കി അല്ലാഹുവിനു കയ്യ്, കാല്, കണ്ണ്, മൂക്ക് തുടങ്ങിയ അവയവങ്ങളുണ്ടെന്നും അവന്‍ വികലാംഗനാണെന്നും വാദിക്കുന്നവര്‍ ഗതി മുട്ടി നേര്‍ അര്‍ത്ഥം സാധ്യമാകുന്നതോടൊപ്പം ന്യായമില്ലാതെ വ്യാഖ്യാനം നല്‍കി സായൂജ്യമടയുന്നു.
”റബീഉബ്നു അനസ് പറഞ്ഞു: ഞാന്‍ അനസ്(റ)ന്റെ പക്കല്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ അനസ്(റ)നോട് ചോദിക്കപ്പെട്ടു. റസൂല്‍(സ്വ) ഒരു മാസക്കാലം മാത്രമാണോ ഖുനൂത് ഓതിയത്. അപ്പോള്‍ അനസ്(റ) പറഞ്ഞു: റസൂല്‍(സ്വ) ദുനിയാവില്‍ നിന്നും വിട്ടുപിരിയുന്നതുവരെ സ്വുബ്ഹി നിസ്കാരത്തില്‍ ഖുനൂത് ഓതിയിരുന്നു” (ബൈഹഖി: 3/42, ദാറഖുത്നി: 2/28)
. ഈ ഹദീസ് തികച്ചും പ്രബലമാണ്. കാരണം, ഈ ഹദീസ് ഉദ്ധരിച്ച ഇമാം ബൈഹഖി(റ) തന്നെ ഈ ഹദീസിനെ കുറിച്ച് അര്‍ത്ഥശങ്കക്കിടമില്ലാത്തവിധം പറയുന്നതുകാണുക: “ഈ ഹദീസിന്റെ പരമ്പര പ്രബലവും അതിന്റെ റിപ്പോര്‍ട്ടര്‍മാര്‍ സത്യസന്ധരുമാണ്.” (ബൈഹഖി, സുനനുല്‍ കുബ്റാ: 2/201)
ലക്ഷക്കണക്കിന് ഹദീസുകള്‍ മനഃപാഠമുള്ള ധാരാളം ഇമാമുകള്‍ ഈ ഹദീസ് സ്വഹീഹാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇമാം നവവി(റ) പറയുന്നു: “ഈ ഹദീസ് പ്രബലമാണ്. ലക്ഷം ഹദീസുകള്‍ മനഃപാഠമുള്ള ഒരുകൂട്ടം ഹദീസ് പണ്ഡിതന്‍മാര്‍ ഈ ഹദീസ് ഉദ്ധരിക്കുകയും അത് സ്വഹീഹാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഹാഫിള് അബൂ അബ്ദില്ലാ മുഹമ്മദ് ബ്നു അലിയ്യുല്‍ ബല്‍ഖി, ഹാകിം അബൂ അബ്ദില്ലാ, ബൈഹഖി എന്നിവരൊക്കെ ഈ ഹദീസ് സ്വഹീഹാണെന്ന് പ്രഖ്യാപിച്ചവരാണ്. ദാറഖുത്നി സ്വഹീഹായ വിവിധ പരമ്പരകളിലൂടെ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട് (ഇമാം നവവി, ശറഹുല്‍ മുഹദ്ദബ്: 3/504).
ലക്ഷക്കണക്കിന് ഹദീസുകള്‍ മനഃപാഠമുള്ള മുസ്ലിം ലോകം അംഗീകരിക്കുന്ന ഇമാമുകള്‍ സ്വഹീഹാണെന്ന് തറപ്പിച്ചുപറഞ്ഞ ഈ ഹദീസ് ബലഹീനമാണെന്ന് അല്‍പ്പജ്ഞാനികളായ വിമര്‍ശകര്‍ നിസ്സങ്കോചം തട്ടിവിടാറുണ്ട്. ഈ ഹദീസിന്റെ പരമ്പരയിലുള്ള അബൂ ജഅ്ഫര്‍ റാസി സത്യസന്ധനല്ലെന്ന ദുര്‍ന്യായമാണ് വിമര്‍ശകര്‍ തട്ടിവിടാറുള്ളത്. എന്നാല്‍ അദ്ദേഹം സത്യസന്ധനല്ലെന്ന് ഇമാമുകള്‍ ആരും തന്നെ പറഞ്ഞിട്ടില്ല.
ഹദീസ് നിരൂപണ ശാസ്ത്രത്തിലെ ഇമാമുമാരായ ഹാകിം, ഇബ്നുസഅ്ദ്, ഇബ്നു മഈന്‍, ഇബ്നു അമ്മാര്‍, ഇബ്നു അബ്ദില്‍ ബറ്ര്‍ തുടങ്ങിയവരൊക്കെ അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് ثقة (സത്യസന്ധന്‍) എന്നാണ്. ഇമാം അഹ്മദും ഇബ്നു മഈനും صالح (നല്ലവന്‍) എന്നും പറഞ്ഞിട്ടുണ്ട്. ഇമാം അബൂഹാതിം പറഞ്ഞു:സത്യസന്ധനും സത്യം പറയുന്നവനും അദ്ദേഹം ഉദ്ധരിച്ച ഹദീസുകള്‍ മെച്ചപ്പെട്ടതുമാണ്” (ഇബ ്നഹജറില്‍ അസ്ഖലാനി, തഹ്ദീബുത്തഹ്ദീബ്: 4/504).
എങ്കിലും അദ്ദേഹം ഉദ്ധരിച്ച ഏതാനും ചില ഹദീസുകളുടെ കൃത്യതയെക്കുറിച്ച് ചിലര്‍ നിരൂപണം നടത്തിയിട്ടുണ്ട്. നസാഇ പറഞ്ഞു: ليس بالقوي വേണ്ടത്ര ശക്തനല്ല. ഫല്ലാസ് പറഞ്ഞു: سيئ الحفظ മനഃപാഠം കുറവാണ്. ഇബ്നുഹിബ്ബാന്‍ പറഞ്ഞു: يحدث المناكير عن المشاهير പ്രസിദ്ധരില്‍ നിന്നും മുന്‍കറായ ഹദീസുകള്‍ ഉദ്ധരിക്കുന്നു (ഇബ്നു ഹജറില്‍ അസ്ഖലാനി, തഹ്ദീബുത്തഹ്ദീബ് 4/504).
എന്നാല്‍ ഈ ആരോപണങ്ങള്‍ ഒന്നുംതന്നെ അദ്ദേഹത്തിന്റെ ഹദീസുകള്‍ തള്ളപ്പെടാന്‍ മാത്രം ശക്തമല്ല. കാരണം ഇവയൊന്നും തന്നെ സത്യസന്ധതയെ ബാധിക്കുന്ന ആരോപണമല്ല. മറിച്ച് കൃത്യതയുമായി ബന്ധപ്പെട്ടതാണ്. ഹദീസ് നിരൂപണത്തില്‍ ഉപയോഗിക്കുന്ന പദങ്ങളുടെ വിവക്ഷ അറിയുന്ന ആര്‍ക്കും ഇക്കാര്യം ബോധ്യപ്പെടുന്നതാണ്. (ഇമാം സുയൂഥി, തദ്രീബുറാവി, 294 നോക്കുക).
നസാഇ പറഞ്ഞു: ‘വേണ്ടത്ര ശക്തനല്ല’ എന്ന ആരോപണം പ്രശ്നമുള്ളതല്ല’ (ദഹബി, മൂഖിള:82) കൃത്യത യുമായി ബന്ധപ്പെട്ട ആരോപണം മൂലം ഹദീസ് ബലഹീനമാകുന്നതല്ല. മറിച്ച് സ്വഹീഹിന്റെ തൊട്ടുതാഴെയുള്ള ഹസനായിത്തീരുന്നതാണ്.
ഇമാം ഇബ്നുഹജര്‍ അസ്ഖലാനി പറയുന്നത് കാണുക:
“കൃത്യത കുറയുമ്പോഴാണ് ഹദീസ് ഹസനാകുന്നത്” (നുഖ്ബതുല്‍ ഫിക്ര്‍: 32). ഇതേ കാര്യം അബ്ദുല്‍ഹഖ് ദഹ്.ലവി
വിയും പറയുന്നു:”ഹസനായ ഹദീസില്‍ പരിഗണിക്കപ്പെടുന്ന ന്യൂനത കൃത്യതയുടെ കുറവ് മാത്രമാണ്” (മുഖദ്ദിമതു മിശ്കാത് 12).
എന്നാല്‍, ഹസനായ ഹദീസ് ലക്ഷ്യത്തിനു പറ്റുമെന്നും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യാമെന്ന കാര്യത്തില്‍ ഇന്നോളം വരെയുള്ള മുസ്‌ലിം ലോകത്തിനു തര്‍ക്കമില്ല. ഇമാം നവവി(റ) പറയുന്നു:
“ലക്ഷ്യത്തിനു പറ്റുമെന്ന കാര്യത്തില്‍ ഹസനായ ഹദീസ് സ്വഹീഹായ ഹദീസിനെപ്പോലെ തന്നെയാണ്. ശക്തിയില്‍ അതിനെക്കാള്‍ താഴെയാണെങ്കിലും. അതുകൊണ്ടാണ് പലരും ഹസനായ ഹദീസിനെ സ്വഹീഹിന്റെ ഗണത്തില്‍ തന്നെ ഉള്‍പ്പെടുത്തിയത്” (ഇമാം നവവി, തഖ്രീബ്: 128). ഇനി, ഹസനായ ഹദീസ് മറ്റു പരമ്പരകളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ സ്വഹീഹിന്റെ സ്ഥാനത്തേക്കുയരുന്നതാണ്. ഇമാം നവവി(റ) തന്നെ പറയുന്നത് കാണുക:
“സത്യസന്ധത കൊണ്ട് പ്രസിദ്ധനായ, കൃത്യതയിലും മനഃപാഠത്തിലും പിന്നിലായ ഒരു വ്യക്തി ഉദ്ധരിച്ച ഹദീസ് മറ്റു വഴികളിലൂടെയും ഉദ്ധരിക്കപ്പെട്ടാല്‍ ശക്തിപ്രാപിക്കുന്നതും ഹസനില്‍നിന്നും സ്വഹീഹിലേക്ക് ഉയരുന്നതുമാണ്” (ഇമാം നവവി, തഖ്രീബ് 141). എന്നാല്‍ സത്യസന്ധനായ അബൂജഅ്ഫര്‍റാസി ഉദ്ധരിച്ച ഈ ഹദീസ് പ്രബലമായ വിവിധ പരമ്പകളിലൂടെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇമാം നവവി(റ) പറയുന്നത് കാണുക:”സ്വഹീഹായ പരമ്പര സഹിതം വിവിധ വഴികളിലൂടെ ദാറഖുത്നി ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്”(ശറഹുല്‍ മുഹദ്ദബ് 3/504).
എന്നാല്‍, ഇത്രയും പറഞ്ഞത് അബൂജഅ്ഫര്‍ റാസിയുടെ കൃത്യതയെ കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് നിലനില്‍പ്പുണ്ടെന്ന സങ്കല്‍പ്പമനുസരിച്ചാണ്. യഥാര്‍ത്ഥത്തില്‍ അദ്ദേഹം ഉദ്ധരിച്ച എല്ലാ ഹദീസുകള്‍ക്കും ഈ ആരോപണങ്ങള്‍ ബാധകമല്ല. ഇക്കാര്യം പണ്ഡിതന്‍മാര്‍ വളരെ വ്യക്തമായി തന്നെ വിവരിച്ചിട്ടുണ്ട്. ഇമാം ദഹബി പറയുന്നത് കാണുക: ശഅ്ബിയില്‍ നിന്നും ഒരുകൂട്ടം ആളുകളില്‍നിന്നും ഉദ്ധരിക്കുന്നതില്‍ വളരെയധികം സത്യസന്ധന്‍ (ദഹബി, മുഗ്നിലിളുഅഫാഅ് 2/505) “ഇബ്നു അദിയ്യ് പറഞ്ഞു: അദ്ദേഹത്തിനു നല്ല ഹദീസുകളുണ്ട്. അദ്ദേഹം ഉദ്ധരിച്ച അധിക ഹദീസുകള്‍ക്കും തകരാറില്ല” (ഇബ്നു ഹജര്‍ അസ്ഖലാനി, തഹ്ദീബുത്തഹ്ദീബ്: 6/395).
അഥവാ, അബൂജഅ്ഫര്‍ റാസി ഉദ്ധരിച്ച ചില ഹദീസുകള്‍ക്ക് മാത്രമേ തകരാറുള്ളൂ. ആ ഹദീസുകള്‍ ഏതാണെന്നും പണ്ഡിതന്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇബ്നു മഈന്‍ പറഞ്ഞു: സത്യസന്ധനാണ്. മുഗീറയില്‍ നിന്നും ഉദ്ധരിക്കുന്നതില്‍ പിഴവ് സംഭവിക്കുന്നു (തഹ്ദീബുത്തഹ്ദീബ് 6/395). എന്നാല്‍ “നബി(സ്വ) ദുനിയാവില്‍ നിന്നും വിട്ടുപിരിയുന്നതുവരെ സ്വുബ്ഹിയില്‍ ഖുനൂത്തോതി” എന്ന ഹദീസ് അബൂജഅ്ഫര്‍ റാസി മുഗീറയില്‍ നിന്നും ഉദ്ധരിച്ചതല്ല. മറിച്ച് റബീഉബ്നു അനസില്‍ നിന്നും ഉദ്ധരിച്ചതാണ്. അതുകൊണ്ടുതന്നെ ഈ ഹദീസിനു ഒരുനിലക്കും ബലഹീനത ബാധിക്കുകയില്ല. അതുകൊണ്ടാണ് ഈ ഹദീസ് സ്വഹീഹാണെന്ന് ഇമാമുകള്‍ പറഞ്ഞത്. സുന്നികള്‍ അതംഗീകരിക്കുക മാത്രമാണ് ചെയ്യുന്നത്.
ചുരുക്കത്തില്‍, സ്വുബ്ഹി നിസ്കാരത്തിലെ ഖുനൂത് സുന്നത്താണെന്നതിന് സ്വഹീഹായ ഹദീസുകള്‍ തന്നെ ഇവിടെ ഉദ്ധരിച്ചു കഴിഞ്ഞു. സ്വുബ്ഹിയിലെ ഖുനൂത് നബി(സ്വ) നിര്‍ത്തിവെച്ചിട്ടില്ല. മറിച്ച് ശത്രുക്കള്‍ക്കെതിരില്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് ഒരു മാസക്കാലം നബി(സ്വ) നാസിലത്തിന്റെ ഖുനൂത്തോതിയിരുന്നു. അതാണ് നിര്‍ത്തിവെച്ചത്. ഈ ഒരു മാസക്കാലം സ്വുബ്ഹിയിലെ ഖുനൂതിലും നബി(സ്വ) ശത്രുക്കള്‍ക്കെതിരില്‍ പ്രാര്‍ത്ഥിച്ചിരുന്നു. ആ പ്രാര്‍ത്ഥനയും നിര്‍ത്തിവെച്ചു. പക്ഷേ, സ്വുബ്ഹിയിലെ ഖുനൂത് നിര്‍ത്തിവെച്ചില്ല.
ഇമാം ബുഖാരി ഉദ്ധരിക്കുന്നത് കാണുക: “അനസ്(റ) ഉദ്ധരിക്കുന്നു: റിഅ്ല്‍, ദക്.വാന്‍, ഉസയ്യ, ബനൂ ലഹ്.യാന്‍ ഗോത്രക്കാര്‍ ശത്രുക്കള്‍ക്കെതിരില്‍ നബി(സ്വ)യോട് സഹായം ആവശ്യപ്പെട്ടു. എഴുപത് അന്‍സാരികളെ നബി(സ്വ) അവര്‍ക്ക് സഹായികളായി അയച്ചു. ഞങ്ങള്‍ അവരെ കുറിച്ച് അക്കാലത്തെ ഓത്തുകാര്‍ എന്നായിരുന്നു പറഞ്ഞിരുന്നത്. അവര്‍ പകല്‍ വിറക് ശേഖരിക്കുന്നവരും രാത്രിയില്‍ നിസ്കരിക്കുന്നവരുമായിരുന്നു. അവര്‍ ബിഅ്റ് മഊനയിലെത്തിയപ്പോള്‍ അവരെ ചതിയില്‍ പെടുത്തി കൊലചെയ്തു. ഈ വിവരം നബി(സ്വ( അറിഞ്ഞപ്പോള്‍, റിഅ്ല്‍, ദക്.വാന്‍ ഉസയ്യ, ബനൂ ലഹ്.യാന്‍ എന്നീ അറബ് ഗോത്രങ്ങള്‍ക്കെതിരില്‍ സ്വുബ്ഹിയില്‍ ഒരു മാസക്കാലം പ്രാര്‍ത്ഥിച്ചുകൊണ്ട് ഖുനൂത്തോതി. അനസ ്(റ) പറഞ്ഞു: അവരുടെ കാര്യത്തില്‍ ഞങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നു. പിന്നീടത് ഉയര്‍ത്തപ്പെട്ടു” (ബുഖാരി).
ശത്രുക്കള്‍ക്കെതിരില്‍ പ്രത്യേകം പ്രാര്‍ത്ഥിച്ചുകൊണ്ടുള്ള ഖുനൂത്താണ് സ്വുബ്ഹിയില്‍ ഒരു മാസക്കാലം നബി(സ്വ) നിര്‍വഹിച്ചതെന്ന് ഈ ഹദീസില്‍ നിന്നും വ്യക്തമാകുന്നു. അതുകൊണ്ടുതന്നെ ശത്രുക്കള്‍ക്കെതിരില്‍ പ്രത്യേകം പ്രാര്‍ത്ഥന ഉള്‍ക്കൊള്ളാത്ത, സാധാരണ സ്വുബ്ഹിയില്‍ ഓതാറുള്ള ഖുനൂത് ഇതിനുമുമ്പും ശേഷവും നബി(സ്വ) നിര്‍വഹിച്ചിരുന്നു. അതൊരിക്കലും നിര്‍ത്തിവെച്ചിട്ടില്ല. ഇതാണ് സ്വഹീഹായ ഹദീസുകള്‍ നമ്മെ പഠിപ്പിക്കുന്നത്. അര്‍ത്ഥശങ്കക്കിടമില്ലാത്ത വിധം ഇമാം ശാഫിഈ(റ) അവിടത്തെ ഉമമില്‍ പറഞ്ഞതും ഇതുതന്നെയാണ്. ‘ഹദീസ് സ്വഹീഹായാല്‍ അതാണ് എന്റെ മദ്ഹബ്’ എന്ന് ഇമാം ശാഫിഈ(റ)പറഞ്ഞതിന്റെ വിവക്ഷയും ഇതുതന്നെയാണ്.
No comments:
Post a Comment