Thursday, 22 September 2016

"പോക്കർക്ക മുജായിദാവാൻ പോയ കഥ"

ഞമ്മളെ പോര്‍ട്ടര്‍ കോയ മുജാഹിദാവാന്‍ പോയ കഥ..!!
കോയ പ്രമാണങ്ങളിലേക്കു മടങ്ങിയപ്പോള്‍
((അല്ല മുജാഹിദ് പക്കാ സലഫി ആയപ്പോൾ))

അങ്ങാടിയിലെ പ്രഭാഷണം മൊയ്തീന്‍ കോയക്കു ശരിക്കും ബോധിച്ചു. വളച്ചുകെട്ടില്ലാതെ നേര്‍ക്കുനേര്‍ കാര്യങ്ങള്‍ പറയുന്ന പ്രഭാഷകനെയും ഇഷ്ടമായി.
മുസ്ലിമായ ഒരാളിന്‍റെ അടിസ്ഥാന പ്രമാണം വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമാണ്. നിസ്കാരമോ നോന്പോ ഹജ്ജോ ഏതാകട്ടെ; ഖുര്‍ആന്‍ അതേക്കുറിച്ച് എന്തു പറയുന്നുവെന്നു നോക്കണം, സംശയം തീരുന്നില്ലെങ്കില്‍ ഹദീസില്‍ പറഞ്ഞതും പരിശോധിക്കണം. അതിനപ്പുറം പോകേണ്ട കാര്യമില്ല. ഖുര്‍ആനും സുന്നത്തും വിട്ട് മദ്ഹബും കിതാബുകളും ഇമാമുകളെയും തെരഞ്ഞു പോയതാണു മുസ്ലിം സമുദായത്തിനു പിണഞ്ഞ അപകടം എന്നാണു മൗലവി പറയുന്നത്.

നേരല്ലേ പറഞ്ഞത്?
ഒരു പ്രശ്നം വന്നാല്‍ രണ്ടേ രണ്ടു പ്രമാണങ്ങളേ നോക്കേണ്ടതുള്ളൂ; ഖുര്‍ആനും സുന്നത്തും. അവിടം വിട്ടാല്‍ പുലിവാല്‍ പിടിക്കും.
ശാഫിഈ മദ്ഹബില്‍ ഒരഭിപ്രായം, ഹനഫീ മദ്ഹബില്‍ മറ്റൊരഭിപ്രായം, ഹമ്പലീ മദ്ഹബോ മാലികീ മദ്ഹബോ നോക്കിയാല്‍ ഇതൊന്നുമല്ലാത്ത മൂന്നാമതൊരഭിപ്രായം. ഇസ്ലാമാണെങ്കില്‍ ഒന്ന്, ഖുര്‍ആന്‍ ഒന്ന്, ഹദീസുകളും ഒന്ന്. പിന്നെന്തിന് ഈ വൈരുദ്ധ്യങ്ങള്‍? മൗലവി സൗമ്യമായി ചോദിച്ചപ്പോള്‍ മൊയ്തീന്‍ കോയക്കു ന്യായമായും തോന്നി; ഇപ്പറയുന്നതല്ലേ ശരി?
പ്രഭാഷണം കേട്ടു പ്രബുദ്ധനായി വീട്ടിലേക്കു മടങ്ങുന്പോള്‍ കോയ ഒരു തീരുമാനത്തിലെത്തിയിരുന്നു.
ഇനിയുള്ള കാലം ഖുര്‍ആനും സുന്നത്തും അനുസരിച്ചു ജീവിക്കണം.

മദ്റസയില്‍നിന്നു പഠിച്ചതും വീട്ടില്‍ പാരമ്പര്യമായി അനുഷ്ഠിച്ചു വരുന്നതും പിന്നെ, കുറേ കേട്ടും വായിച്ചും അറിഞ്ഞതുമായ വിവരങ്ങള്‍ വച്ചാണ് ഇതുവരെ കഴിഞ്ഞത്. ഇനിയതു പറ്റില്ല; ഖുര്‍ആനും സുന്നത്തും അനുസരിച്ചു മാത്രം ജീവിക്കണം.

വീട്ടിലെത്തി ഇശാഅ് നിസ്കരിക്കാനൊരുങ്ങിയപ്പോള്‍, ഇതുവരെ പഠിച്ചതൊക്കെ ഉപേക്ഷിക്കാന്‍ കോയ തീരുമാനിച്ചു. ഖുര്‍ആനെടുത്തു നിവര്‍ത്തി, അംഗശുദ്ധി(വുളൂഅ്)യെക്കുറിച്ച് എന്തു പറയുന്നുവെന്നു നോക്കി.
അല്‍മാഇദഃ ആറാം വചനത്തില്‍ നിങ്ങള്‍ നിസ്കാരത്തിനു നിന്നാല്‍ മുഖവും കൈകാലുകളും കഴുകണമെന്നും തല തടവണമെന്നും പറയുന്നുണ്ട്, വിശദീകരണമൊന്നുമില്ല; പൂര്‍ണരൂപവുമില്ല.

മാത്രമല്ല, നിസ്കാരത്തിനു മുമ്പ്അംഗശുദ്ധി വരുത്തണമെന്നാണ് ഇതുവരെ പഠിച്ചത്. ഖുര്‍ആനില്‍ കാണുന്നതു നിസ്കാരത്തിനു നിന്നാല്‍ അംഗശുദ്ധി വരുത്തണം എന്നാണ്. നിസ്കാരത്തിനുവേണ്ടി നിന്നാല്‍ എങ്ങനെയാണു വുളൂഅ് ചെയ്യുക! കണ്‍ഫ്യൂഷന്‍.

ഇശാഅ് എന്നൊരു നിസ്കാരമുണ്ടോ?

എങ്കില്‍ എങ്ങനെ, എപ്പോള്‍? ഇതും ഖുര്‍ആനിലുണ്ടാകണമല്ലോ. പദസൂചികയും പരിഭാഷയും ഉപയോഗിച്ച് കോയ ഖുര്‍ആനില്‍ രണ്ടിടത്ത് ഇശാഇനെ കണ്ടുപിടിച്ചു.
ആദ്യത്തേതു യൂസുഫ് സൂറഃയിലാണ്. അവിടെ ഇശാഅന്‍ എന്നു പറഞ്ഞതു നിസ്കാരത്തെക്കുറിച്ചല്ല; യഅ്ഖൂബ് നബിയുടെ മക്കള്‍ സന്ധ്യാനേരത്ത് നിലവിളിച്ചുകൊണ്ടു വന്നു എന്നു പറഞ്ഞതാണ്. രണ്ടാമത്തേതു സൂറതുന്നൂറിലാണ്. വീട്ടില്‍ ഒരാളുടെ സ്വകാര്യസന്ദര്‍ഭങ്ങളെക്കുറിച്ചു പറയുന്പോള്‍ ഇശാഇനുശേഷം എന്നു പറയുന്നുണ്ട്. ഇശാഅ് നിസ്കാരം എപ്പോള്‍, എങ്ങനെയെന്നൊന്നും ഈ വചനത്തിലുമില്ല.

ചുരുക്കത്തില്‍, കോയയുടെ ഇശാഅ് നിസ്കാരം വഴിമുട്ടി. നേരത്തെ പഠിച്ചതു വിട്ടു, പുതിയതു പഠിക്കാന്‍ ശ്രമിച്ചു പെരുവഴിയിലുമായി.
വളരെ പണിപ്പെട്ട് പ്രഭാഷകന്‍റെ നമ്പര്‍ സംഘടിപ്പിച്ചു രാത്രി തന്നെ വിളിച്ചു:
എനിക്കു പൂര്‍ണമായ വുളൂഉം പൂര്‍ണമായ ഇശാഉം വേണം. ഖുര്‍ആനില്‍ എവിടെയാണിതു പറയുന്നത്? മൗലവി മയത്തില്‍ സംസാരിച്ചു:

അതങ്ങനെത്തന്നെ ഖുര്‍ആനില്‍നിന്നു ലഭിക്കുകയില്ല; ഹദീസുകളും നോക്കണം.
കോയ പറഞ്ഞു: ശരി; ബുഖാരിയുടെയും മുസ്ലിമിന്‍റെയും രിയാളുസ്വാലിഹീന്‍റെയും പരിഭാഷ ഇവിടെയുണ്ട്; ഏതു ഹദീസ് നോക്കണം എന്നു പറഞ്ഞാല്‍ മതി.
കോയയുടെ പോക്ക് ശരിയല്ലെന്നു തോന്നിയിരിക്കണം, മൗലവി അനുനയത്തില്‍ പറഞ്ഞു:

താങ്കള്‍ ഒരു കാര്യം ചെയ്യ്, ഇതുവരെ നിസ്കരിച്ചതു പോലെ തന്നെ ഇന്നും നിസ്കരിക്ക്. നാളെ സെന്‍ററിലേക്കു വാ, നിസ്കാരം വിശദമായി പഠിക്കാവുന്ന പുസ്തകം ഞാന്‍ തരാം.
പുസ്തകമോ? അതു പറ്റില്ല. താങ്കളല്ലേ പറഞ്ഞത്, ഖുര്‍ആനും സുന്നത്തും അനുസരിച്ചു ജീവിക്കണമെന്ന്. എനിക്ക് ഒരു പുസ്തകവും വേണ്ട. പുസ്തകം വേണമെങ്കില്‍ ഇവിടെയുണ്ട്; കുറച്ചങ്ങോട്ടു കൊടുത്തയക്കാം. എനിക്ക് ഖുര്‍ആനില്‍നിന്ന് ഇശാ നിസ്കാരം പഠിക്കണം. കോയ നിലപാടു വ്യക്തമാക്കി.
മൗലവിയുടെ ലൈന്‍ കട്ടായി.
കോയക്ക് തോല്‍ക്കാന്‍ മനസ്സില്ലായിരുന്നു.
അയാള്‍ നമ്പര്‍ റീഡയല്‍ ചെയ്തു; പല തവണ. നിര്‍ഭാഗ്യം, ഒടുവില്‍ മൗലവി സ്വിച്ച് ഓഫിലായി.

കോയക്കു വാശിയായി.

അയാള്‍ മറ്റു ചില നമ്പറുകള്‍ പരതിയെടുത്തു മുതിര്‍ന്ന മൗലവിമാരുടേതാണ്. കോയ തന്‍റെ പ്രശ്നം അവതരിപ്പിച്ചു. തനിക്ക് ഇശാഇന്‍റെ സമയവും നിസ്കാരക്രമവും ഖുര്‍ആനില്‍നിന്നു പഠിക്കണം, ഹദീസില്‍നിന്നായാലും മതി.

ഖുര്‍ആനില്‍ ഒരു വിഷയം പറയുന്നതിന്‍റെ രീതിയും അതിന്‍റെ സാങ്കേതികതയും ഒരു മൗലവി വിശദീകരിച്ചു. കോയക്ക് അതൊന്നും സ്വീകാര്യമായില്ല. സാങ്കേതിക നൂലാമാലകളൊന്നും എനിക്കറിയേണ്ട. ഖുര്‍ആനും സുന്നത്തും നോക്കി ജീവിക്കണം എന്നു പറഞ്ഞവര്‍ അതൊക്കെ നോക്കിയാല്‍ മതി. എനിക്കു ഖുര്‍ആനില്‍ തന്നെ കാണണം, അല്ലെങ്കില്‍ ഹദീസില്‍, വേറെ വര്‍ത്തമാനം വേണ്ട. കോയ ചൊടിച്ചു. തുടര്‍ന്നു പല മൗലവിമാരെയും ലൈനില്‍ കിട്ടി. ഖുര്‍ആനിക് ഇശാഅ് മാത്രം ശരിയായി കിട്ടിയില്ല.
രാവേറെ ചെന്നപ്പോള്‍ ഒരു മൗലവി താത്കാലിക വെടിനിറുത്തല്‍ നിര്‍ദേശം വച്ചു. കോയ ഇതുവരെ നിസ്കരിച്ചതു പോലെ ഇന്നുകൂടി നിസ്കരിക്ക്. നാളെ സെന്‍ററിലേക്കു വാ, നമുക്കു നിസ്കാരം ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മാറ്റാം.

മനമില്ലാ മനസ്സോടെ കോയ വഴങ്ങി. പത്തു നാല്‍പതു കൊല്ലം നിസ്കരിച്ചതല്ലേ; ഇന്നൊരു ദിവസം കൂടി; പോട്ടെ, സഹിച്ചേക്കാം.
ചുമടിറക്കു പണിക്ക് അന്നേക്ക് അവധി കൊടുത്തു കോയ സെന്‍ററിലേക്കു ചെന്നു.

കൗണ്ടറില്‍ പറഞ്ഞപ്പോള്‍ ഒരു മൗലവിയെ കാണിച്ചു കൊടുത്തു. വിഷയം പറഞ്ഞപ്പോള്‍ അയാള്‍ മറ്റൊരു മൗലവിയെ പരിചയപ്പെടുത്തി. സംസാരിച്ചു തുടങ്ങിയപ്പോള്‍ മൂന്നാമതൊരു മൗലവിയെ കാണാന്‍ നിര്‍ദേശിച്ചു. ഏറെ വൈകാതെ അയാളുടെ സെല്‍ഫോണ്‍ ചിണുങ്ങി.

ആരോടോ സംസാരിച്ചുകൊണ്ട് ആ മൗലവി അകത്തേക്കു കയറിപ്പോയി. വിഷണ്ണനായിരിക്കെ വേറൊരാള്‍ വന്നു. കോയ അയാളോടു സംസാരിച്ചു തുടങ്ങുന്പോള്‍ കോയയുടെ ഫോണ്‍ ശബ്ദിച്ചു. തന്നെ വിളിച്ചയാളോടു പിന്നെ വിളിക്കാന്‍ പറഞ്ഞു തിരിഞ്ഞു നോക്കുന്പോള്‍ ആ മൗലവിയും അപ്രത്യക്ഷനായിരിക്കുന്നു!

കൗണ്ടറിലിരിക്കുന്നയാളോടു ലേശം ചൂടായി സംസാരിച്ചപ്പോള്‍ അയാള്‍ അകത്തേക്കു പോയി. അല്‍പം കഴിഞ്ഞ് ഒരു പുസ്തകവുമായി ഇടയ്ക്കു കണ്ട മൗലവി വന്നു.
നിസ്കാരത്തിന്‍റെ നിയമങ്ങള്‍ പഠിപ്പിക്കുന്ന പുസ്തകമാണ്; വായിച്ചു നോക്കിയിട്ട് സംശയമുണ്ടെങ്കില്‍ വിളിച്ചാല്‍ മതി. ഇത്രയും പറഞ്ഞ് അകത്തേക്കു പോകാന്‍ തുടങ്ങിയ മൗലവിയെ കോയ തടഞ്ഞു നിറുത്തി:
ഒന്നു നില്‍ക്കണേ, ഞാനിതൊന്നു നോക്കട്ടെ.
മദ്റസാ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി തയ്യാറാക്കിയ കര്‍മശാസ്ത്രം എന്ന മലയാള പുസ്തകമാണ്. നിസ്കാരം കൊണ്ടാണു തുടക്കം.
ഇതു ഖുര്‍ആനും ഹദീസുമല്ലല്ലോ…

കോയ പ്രതിഷേധിച്ചു. മൗലവി തണുപ്പിച്ചു:
ഖുര്‍ആനും സുന്നത്തും അനുസരിച്ചു തയ്യാറാക്കിയ പുസ്തകമാണ്.
കോയ പുസ്തകം നിവര്‍ത്തി ഒരാവര്‍ത്തി മറിച്ചു നോക്കി. നിസ്കാരത്തിന്‍റെ ഫര്‍സുകള്‍ എന്ന അധ്യായത്തിലെ തക്ബീറതുല്‍ഇഹ്റാം ചൂണ്ടിക്കാണിച്ചു കോയ ചോദിച്ചു:

ഖുര്‍ആനില്‍ ഇതെവിടെയാണു പറഞ്ഞത്? പേജുകള്‍ മറിച്ച് ഓരോ കാര്യത്തിനു നേരെയും വിരല്‍ വച്ചു കോയ ചോദിക്കാന്‍ തുടങ്ങി:
ഇത് ഖുര്‍ആനിലെവിടെ പറഞ്ഞതാണ്, ഹദീസില്‍ എവിടെ പറഞ്ഞതാണ്…
മൗലവി അന്തംവിട്ടു.
ഒട്ടുമിക്കതും ഖുര്‍ആനില്‍നിന്നുള്ളതല്ലെന്നു മൗലവിക്കറിയാമായിരുന്നു. ചിലതൊക്കെ ഹദീസുകളില്‍ കണ്ടിട്ടുണ്ട്, ഏറെയും ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍നിന്നു ക്രോഡീകരിച്ചതാണ്.

അങ്ങാടിയില്‍ ചുമടെടുക്കുന്ന കോയയെ ഇതെങ്ങനെ പറഞ്ഞു മനസ്സിലാക്കും?
ഖുര്‍ആനിലും ഹദീസിലും പറഞ്ഞത് സ്വാംശീകരിച്ചാണ് ഇതു തയ്യാറാക്കിയിരിക്കുന്നത്, ഇതനുസരിച്ച്…
പറഞ്ഞു തുടങ്ങിയ മൗലവിയെ തുടരാന്‍ കോയ അനുവദിച്ചില്ല: നിങ്ങളങ്ങനെ സ്വാംശീകരിക്കേണ്ട, ഖുര്‍ആനും സുന്നത്തും സ്വാംശീകരിച്ചത് അനുസരിച്ചു ജീവിക്കണം എന്നല്ലല്ലോ മൗലവി പ്രസംഗിച്ചത്. എനിക്കു സ്വാംശീകരിക്കാത്ത ഖുര്‍ആനും സുന്നത്തും വേണം.

മൗലവി തലചൊറിഞ്ഞു. അഞ്ചു മിനിറ്റിരിക്ക് എന്നു പറഞ്ഞ് അയാള്‍ അകത്തേക്കു വലിഞ്ഞു. പത്തു പതിനഞ്ചു മിനിറ്റു കഴിഞ്ഞിട്ടും ആരും പുറത്തു വന്നില്ല. അകത്തേക്കു കയറാന്‍ കൗണ്ടറിലിരിക്കുന്നയാള്‍ അനുവദിച്ചുമില്ല.
കോയക്കു കലശലായ ദ്യേം വന്നു.
അയാള്‍ അടഞ്ഞ വാതിലിനു നേരെ നോക്കി കയര്‍ത്തു:

ഖുര്‍ആന്‍, സുന്നത്ത് എന്നൊന്നും പറഞ്ഞ് ഒരാളും ഇനി തെക്കേപുറത്തേക്കു വന്നുപോകരുത്, ഇതാ ഇതു കണ്ടോ…
ചുമടെടുത്തു തഴമ്പിച്ച കൈ കാണിച്ച് കോയ താക്കീതു ചെയ്തു:
ചൂടറിയും!

No comments:

Post a Comment

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ &q...

Translate