മക്കാ മുശ്.രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചിരുന്നോ???
വഹാബിസവും കൂട്ടാളികളും അധികവും അതിന്റെ ഇരകളെ പിടിക്കുന്നത് ഈ ഒരു വിഷയത്തിൽ പച്ചക്കള്ളം പറഞ്ഞു കൊണ്ടാണ്. എന്താണ് ഇതിന്റെ യാഥാർത്ഥ്യം? വിശുദ്ധ ഖുർആൻ ഈ വിഷയത്തിൽ എന്താണ് പറയുന്നത്? തഫ്സീറുകൾ അവ എങ്ങനെയാണ് വിശദീകരിക്കുന്നത്? യഥാർത്ഥത്തിൽ വിശുദ്ധഖുർആനിലൂടെ ഒരാവർത്തി പോയാൽ പരിഭാഷാവാദികൾക്ക് പോലും സന്ദേഹിക്കാൻ വകയില്ലാത്ത വിധത്തിൽ ഈ വിഷയം സുതാര്യമായി അല്ലാഹു പ്രഖ്യാപിച്ചത് പല സ്ഥലങ്ങളിലും കാണാവുന്നതാണ്.
ഒരു കാര്യം ഉറപ്പാണ്. മക്കാമുശ്.രിക്കുകൾ ഇലാഹുകൾ ആണെന്ന് വിശ്വസിച്ചിരുന്നവയെ എല്ലാം അവർ ആരാധിച്ചിരുന്നു. അവർ ആരാധിച്ചിരുന്നവയെ നബി(സ)യോ അനുയായികളോ ആരാധിച്ചിരുന്നുമില്ല. നബി(സ)യോ അനുയായികളോ ആരാധിച്ചിരുന്ന ഇലാഹിനെ അവരും ആരാധിച്ചിരുന്നില്ല. സംശയമുള്ളവർ 'സൂറത്തുൽ കാഫിറൂൻ' ഒരാവർത്തി ഓതണമെന്നില്ല. അതിന്റെ പരിഭാഷയെങ്കിലും വായിച്ചാൽ മതിയാവുന്നതാണ്. അപ്പോൾ മക്കാമുശ്.രിക്കുകളുടെ ഇലാഹുകളുടെ കൂട്ടത്തിൽ അല്ലാഹു എന്ന ഇലാഹ് ഇല്ല. ഇതിനു എതിരെ വിശ്വസിക്കുന്നവർ ഖുർആനിനെ നിഷേധിക്കുന്നവർ ആണ്. അവരുടെ വിധി പറയേണ്ടതുമില്ലല്ലോ?
ഇനിയും സംശയമുള്ളവർ 'സൂറത്തുൽ കാഫിറൂന'യിൽ പറഞ്ഞ യാഥാർത്ഥ്യം ലളിതമായി ഗണിതവൽക്കരിക്കുക. അഥവാ ‘എ’ എന്ന ഗണം അല്ലാഹു എന്ന ഇലാഹിനെയും ‘ബി’ എന്ന ഗണം മുശ്.രിക്കുകളുടെ ലാത്ത, ഉസ്സ, മനാത്ത, ഹുബ്.ല് തുടങ്ങി വിവിധങ്ങളായ ഇലാഹുകളെയും പ്രതിനിധീകരിക്കുന്നു എന്നിരിക്കട്ടെ. ഇനി ‘എ’ എന്ന ഗണത്തെയും ‘ബി’ എന്ന ഗണത്തെയും സൂചിപ്പിക്കുന്ന രണ്ട് വൃത്തങ്ങൾ വരക്കുക. തികച്ചും സ്വതന്ത്രങ്ങളായ രണ്ട് വൃത്തങ്ങളാണ് നിങ്ങൾക്ക് ലഭിക്കുക. ഒരു വൃത്തത്തിന്റെ ഒരു ബിന്ദുവിനു പോലും രണ്ടാമത്തെ വൃത്തവുമായി ഒരു ബന്ധവും ഇല്ല തന്നെ. ഇത് സ്കൂൾ കുട്ടികൾക്ക് പോലും മനസ്സിലാവുന്ന യാഥാർത്ഥ്യം. ആ നിലവാരത്തിലുള്ളവർക്കും ഇതു തന്നെ ധാരാളം.
മക്കാ മുശ്.രിക്കുകൾക്ക് അല്ലാഹുവിൽ വിശ്വാസമുണ്ടായിരുന്നു എന്ന് വരുത്താൻ ഈ കൂട്ടർ കൊണ്ട് വരുന്ന വേറെ ഒരു തുരുപ്പുചീട്ടുണ്ട്.
അവർ കപ്പലിൽ കയറിയാൽ, ആ കപ്പൽ കാറ്റിലും കോളിലും പെട്ട് മുങ്ങാൻ തുടങ്ങുന്ന സമയത്ത് അവർ അവരുടെ ഇലാഹുകളെയെല്ലാം ഒഴിവാക്കി അല്ലാഹുവിനോട് മാത്രം നിഷ്കളങ്കമായി പ്രാർത്ഥിക്കും. അങ്ങനെ അവർ രക്ഷപ്പെട്ടാൽ അവർ ഒഴിവാക്കിയ ഇലാഹുകളെയെല്ലാം വീണ്ടും വാരിപ്പുണരും. ഇങ്ങനെ ഖുർആനിൽ വന്നിട്ടുണ്ടല്ലോ? അവിടെ 'അല്ലാഹുവിനോട് മാത്രം നിഷ്കളങ്കമായി പ്രാർത്ഥിക്കും' എന്നു വന്നിട്ടുണ്ടല്ലോ? ഇതാണ് തുരുപ്പുചീട്ട്. ഇതാണ് ഈമാനിനു തെളിവ്! പ്രതിസന്ധിഘട്ടത്തിൽ മാത്രം മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാതെ കൈവരിക്കുന്ന ഈമാൻ, ഈമാൻ ആണോ? അതും ആ പ്രതിസന്ധി നീങ്ങിയാൽ കയ്യൊഴിയുന്ന 'ഈമാൻ'. അങ്ങനെയായിരുന്നുവെങ്കിൽ ഫിർഔനും മുഅമിൻ എന്നു പറയപ്പെടുമായിരുന്നു. മൂപരും പ്രതിസന്ധിഘട്ടത്തിൽ അല്ലാഹുവിൽ 'വിശ്വാസം' പ്രകടിപ്പിച്ചിട്ടുണ്ട്. പറഞ്ഞിട്ടെന്ത് കാര്യം? കാഫിർ എന്നല്ലാതെ മൂപർ അറിയപ്പെടുന്നില്ല.
കള്ളനെ തൊണ്ടിയോടെ പോലീസ് പിടിച്ചപ്പോൾ കള്ളൻ മണിമണിയായി സത്യം പറഞ്ഞു. കള്ളനു വേറെ മാർഗമില്ലല്ലോ. വഹാബീ തുരുപ്പു ചീട്ടു പ്രകാരം ഇവിടെ കള്ളൻ മഹാ സത്യസന്ധൻ ആകും. സത്യം പറഞ്ഞല്ലോ ...
ഇപ്പോൾ വരും വഹാബിയുടെ തലമണ്ടയിൽ ഒരു ആയത്ത്.
وَمَا يُؤْمِنُ أَكْثَرُهُم بِاللَّـهِ إِلَّا وَهُم مُّشْرِكُونَ ﴿يوسف ١٠٦﴾
യഥാർത്ഥത്തിൽ, അല്ലാഹുവിൽ വിശ്വസിക്കുന്നതിനെ കുറിച്ചാണോ അവിടെ പറഞ്ഞത്? പരിഭാഷ നോക്കിയാൽ അങ്ങനെ കിട്ടിയെന്നു വരും. അതു കൊണ്ടായോ? ശരി, അതൊന്നു ശരിക്ക് പരിഭാഷപ്പെടുത്തിയാൽ തന്നെ ആ ആയത്തിലൂടെ കൊണ്ടു വരുന്ന ബലൂണിന്റെ കാറ്റ് പോകുമല്ലോ?
'അവരിൽ അധികവും ബഹുദൈവവിശ്വാസികളായിട്ടല്ലാതെ അല്ലാഹുവിൽ വിശ്വസിക്കുന്നില്ല'. അല്ലാഹു എന്ന ഒരേ ഒരു ഇലാഹിലുള്ള വിശ്വാസം - അതാണല്ലോ ഏകദൈവ വിശ്വാസം. ഇവിടെ ആയത്തിൽ പറഞ്ഞ വിശ്വാസം ഏകദൈവവിശ്വാസമാണോ? ആണെങ്കിൽ പരിഭാഷ ഇങ്ങനെ എഴുതേണ്ടി വരും. 'അവരിൽ അധികവും ബഹുദൈവവിശ്വാസികളായിട്ടല്ലാതെ ഏകദൈവവിശ്വാസികളാവുന്നില്ല'. ബഹുജോറായിട്ടുണ്ടല്ലോ ... 'ബഹുദൈവവിശ്വാസികളായി' കൊണ്ടുള്ള ഒരു 'ഏകദൈവവിശ്വാസം'! അങ്ങനെ ഒരു 'ഏകദൈവവിശ്വാസം' ഉണ്ടോ? ഇത്ര കിഴക്കോ പഠിഞ്ഞാറ്???
അപ്പോൾ ആയത്തിൽ പറഞ്ഞ വിശ്വാസം അല്ലാഹുവിൽ ഉള്ള വിശ്വാസം അല്ല എന്നു വ്യക്തം.
ബഹുദൈവവിശ്വാസവും ഏകദൈവവിശ്വാസവും ഒരിക്കലും കൂട്ടിമുട്ടാത്ത രണ്ട് സമാന്തരരേഖകൾ ആണ്. ഒന്ന് മറ്റൊന്നിൽ കൂടിച്ചേരുന്ന പ്രശ്നമേ ഉദിക്കുന്നില്ല. ഇത് മനസ്സിലാകണമെങ്കിൽ ഇവിടെയും ഒരു ഗണിതവൽക്കരണം ആവാം. നമ്മെ സംബന്ധിച്ചിടത്തോളം ഏക ദൈവവിശ്വാസം പോസിറ്റീവ് മൂല്യം ഉള്ള 'തൗഹീദ്' ആണല്ലോ. ബഹുദൈവവിശ്വാസം നെഗറ്റീവ് മൂല്യം ഉള്ള 'ശിർക്കും'. എത്ര വലിയ പോസിറ്റീവ് സംഖ്യയെയും എത്ര ചെറിയ നെഗറ്റീവ് സംഖ്യ കൊണ്ട് ഗുണിച്ചാലും പോസിറ്റീവ് നെഗറ്റീവ് ആകുക എന്നല്ലാതെ മറിച്ച് സംഭവിക്കുകയില്ല തന്നെ. അപ്പോൾ എത്ര കൊട്ടി ഘോഷിച്ച തൗഹീദ് ആയാലും അതിനോട് അല്പം ശിർക്ക് കലർന്നാൽ അവിടെ തൗഹീദ് മാഞ്ഞു മുഴുവനും ശിർക്ക് ആയി വരിക തന്നെ ചെയ്യും. അതാണ് വിശുദ്ധ ഖുർആനിൽ തന്നെ അല്ലാഹു ഇങ്ങനെ പറഞ്ഞതും.
لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ ﴿ الزمر ٦٥﴾
അപ്പോൾ അമലുകളും ഈമാനും അടക്കം പൊളിച്ചുകളയുന്ന ഒരു വിശ്വാസമാണ് ശിർക്ക്. ഒന്നു കൂടി വ്യക്തമായി പറയാം. ഒരേ ഒരു ഇലാഹിൽ വിശ്വസിക്കുന്നവൻ തന്നെ, ആ ഇലാഹിനോട് കൂടെ ചെറിയ, തീരെ ചെറിയ ഒരു കുട്ടി ഇലാഹിൽ കൂടി വിശ്വസിച്ചാലോ? സംഗതി ഇപ്പോഴും 'ഏകം' ആണോ? അതോ 'ബഹു' ആണോ??? ഇതും തിരിയാത്തവർ ഉണ്ടോ പടച്ചോനെ .....
അപ്പോൾ പിന്നെ എന്താണ് ആയത്ത് പറയുന്നത്? അത് തഫ്സീറുകൾ നോക്കിയാൽ മനസ്സിലാവും. പരിഭാഷ മാത്രം നോക്കിയാൽ അല്ലാഹു ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലാവില്ല. അല്ലാഹു എന്ന ഒരു സങ്കല്പം അവർക്ക് ഉണ്ടായിരുന്നു. അല്ലാഹു ഉണ്ട് എന്ന് അവർ അംഗീകരിച്ചിരുന്നു. അങ്ങനെ അവർക്ക് സമ്മതിക്കേണ്ടി വരുമായിരുന്നു എന്നു മാത്രം. അല്ലാതെ അല്ലാഹുവിൽ അവർ വിശ്വസിച്ചിരുന്നില്ല. അംഗീകാരം ഒരിക്കലും വിശ്വാസം അല്ല. അതു ഗതികേടു കൊണ്ട് വരുന്നതാണ്.
"അവരിൽ അധികവും ബഹുദൈവവിശ്വാസികളായിട്ടല്ലാതെ അല്ലാഹുവിൽ വിശ്വസിക്കുന്നില്ല". ഈ അർഥം വരുന്ന സൂറത്ത് ‘യൂസുഫി’ലെ ആയത്തിന്റെ താത്പര്യം എന്താണ്? ഇമാം ത്വിബ്.രി(റ)യുടെ തഫ്സീർ നോക്കുക.
يقول تعالـى ذكره: وما يقر أكثر هؤلاء ... بـالله، أنه خالقه ورازقه وخالق كلّ شيء، إلا وهم به مشركون فـي عبـادتهم الأوثان والأصنام، واتـخاذهم من دونه أربـابـاً، وزعمهم أنه له ولداً، تعالـى الله عما يقولون.
حدثنا الـحسن بن مـحمد، قال: ثنا شبـابة، قال: ثنا ورقاء، عن ابن أبـي نـجيح، عن مـجاهد، قوله: { وَمَا يُؤْمِنُ أكْثُرُهُمْ بـاللّهِ إلاَّ وَهُمْ مُشْرِكُونَ } إيـمانهم قولهم: الله خالقنا ويرزقنا ويـميتنا. (تفسير جامع البيان في تفسير القرآن/ الطبري)
‘ആ കൂട്ടരിൽ അധികവും അല്ലാഹു ആണ് അവരെയും മറ്റെല്ലാ വസ്തുക്കളെയും സൃഷ്ടിച്ചതെന്നും അവർക്ക് ഭക്ഷണം നൽകുന്നതെന്നും "അംഗീകരിക്കുന്നത്"; അവരുടെ ആരാധനകളിൽ ബിംബങ്ങളെയും വിഗ്രഹങ്ങളെയും പങ്കു ചേർത്തും അല്ലാഹു അല്ലാത്ത ധാരാളം റബ്ബുകളെ സ്വീകരിച്ചും അല്ലാഹുവിനു സന്താനങ്ങൾ ഉണ്ടെന്നു വാദിച്ചും കൊണ്ടു തന്നെയാണ്. അല്ലാഹു അവർ പറയുന്ന കാര്യങ്ങളിൽ നിന്നും എത്രയോ ഉന്നതൻ ...
മുജാഹിദ്(റ)നെ തൊട്ട് ഉദ്ധരിക്കുന്നു: 'അല്ലാഹുവാണ് ഞങ്ങളെ സൃഷ്ടിച്ചവൻ, അല്ലാഹുവാണ് ഞങ്ങൾക്ക് ഭക്ഷണം നൽകുന്നവൻ, അല്ലാഹുവാണ് ഞങ്ങളെ മരിപ്പിക്കുന്നവൻ' എന്ന അവരുടെ “വാക്കാണ്” അവരുടെ ഈമാൻ’. (തഫ്സീർ ത്വിബ്.രി)
قوله تعالى: { وَمَا يُؤْمِنُ أَكْثَرُهُمْ بِٱللَّهِ إِلاَّ وَهُمْ مُّشْرِكُونَ } نزلت في قوم أقرّوا بالله خالقهم وخالق الأشياء كلها، وهم يعبدون الأوثان؛ قاله الحسن ومجاهد وعامر والشَّعبي وأكثر المفسرين (تفسير الجامع لاحكام القرآن/ القرطبي)
‘അവരെയും എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചത് അല്ലാഹുവാണ് എന്ന് "സമ്മതിക്കുന്നതോടൊപ്പം" തന്നെ ബിംബങ്ങളെയും ആരാധിക്കുന്ന സമൂഹത്തെ കുറിച്ചാണ് ഈ ആയത്ത് ഇറങ്ങിയത്. ഹസൻ, മുജാഹിദ്(റ) എന്നിവരും ഭൂരിപക്ഷം മുഫസ്സിറുകളും പറഞ്ഞത് അങ്ങനെയാണ്’. (ഇമാം ഖുർഥുബി(റ))
( وَمَا يُؤْمِنُ أَكْثَرُهُمْ بِٱللَّهِ ) في إقرارهم بوجوده وخالقيته. { إِلاَّ وَهُمْ مُّشْرِكُونَ } بعبادة غيره أو باتخاذ الأحبار أرباباً.
تفسير انوار التنزيل واسرار التأويل/ البيضاوي
‘അവർ അല്ലാഹുവിന്റെ ഉണ്മയെയും സൃഷ്ടികർതൃത്വം എന്ന ഗുണത്തെയും “അംഗീകരിക്കുന്നതോടൊപ്പം” തന്നെ അല്ലാഹു അല്ലാത്ത ഇലാഹുകളെ ആരാധിക്കുകയും പുരോഹിതന്മാരെ റബ്ബുകളായി സ്വീകരിക്കുകയും ചെയ്തിരുന്നു’. (ഇമാം ബൈളാവി(റ))
الجمهور على أنها نزلت في المشركين لأنهم مقرون بالله خالقهم ورازقهم،
تفسير مدارك التنزيل وحقائق التأويل/ النسفي
'ഭൂരിപക്ഷം വ്യാഖ്യാതാക്കളുടെയും വീക്ഷണം ഈ ആയത്ത് മുശ്.രിക്കുകളെ സംബന്ധിച്ച് ഇറങ്ങി എന്നാണ്. കാരണം അവർ അല്ലാഹുവിനെ സൃഷ്ടാവായും ഭക്ഷണം നൽകുന്നവനായും "അംഗീകരിക്കുന്നവർ" ആയിരുന്നു.' (ഇമാം നസഫി(റ((
( وَمَا يُؤْمِنُ أَكْثَرُهُمْ بِٱللَّهِ) حيث يقرّون بأنه الخالق الرازق { إِلاَّ وَهُمْ مُّشْرِكُونَ } به بعبادة الأصنام، ولذا كانوا يقولون في تلبيتهم:«لبيك لا شريك لك إلا شريكاً هو لك تملكه وما ملك» يعنونها.
تفسير الجلالين/ المحلي و السيوطي
'അല്ലാഹുവിനെ ഖാലിഖും റാസിഖും ആയി "അംഗീകരിക്കുന്ന" സ്ഥിതിയിൽ തന്നെ അവർ ബിംബങ്ങൾക്ക് ഇബാദത്ത് എടുത്തു കൊണ്ട് അല്ലാഹുവിൽ പങ്കു ചേർത്തിരുന്നു. അതു കൊണ്ടാണ് അവർ അവരുടെ തൽബിയത്തിൽ പറഞ്ഞത്: 'നിനക്ക് പങ്കുകാരനില്ല - ഒരു പങ്കുകാരൻ ഒഴികെ - ആ പങ്കുകാരനെയും ആ പങ്കുകാരൻ ഉടമപ്പെടുത്തിയതും നീ ഉടമപ്പെടുത്തിയിരിക്കുന്നു.'' (തഫ്സീറുൽ ജലാലൈനി(
പിന്നെ എന്തു കൊണ്ടാണ് ആയത്തിൽ ഈമാൻ (യുഅമിനു) എന്ന പ്രയോഗം വന്നത്? അതും മുഫസ്സിറുകൾ വിശദീകരിച്ചിട്ടുണ്ട്.
وقال عكرمة ومجاهد وقتادة وابن زيد هي في كفار العرب، وإيمانهم هو إقرارهم بالخالق والرازق والمميت، فسماه إيماناً وإن أعقبه
إشراكهم بالأوثان والأصنام -فهذا الإيمان لغوي فقط من حيث هو تصديقها.
تفسير المحرر الوجيز في تفسير الكتاب العزيز/ ابن عطية
'ഇക്.രിമ, മുജാഹിദ്, ഖതാദ, ഇബ്നു സൈദ് തുടങ്ങിയവർ പറഞ്ഞു: ഈ ആയത്ത് അറബികളായ കാഫിറുകളുടെ മേൽ ഇറങ്ങിയതാണ്. അവരുടെ ഈമാൻ എന്നാൽ അല്ലാഹു സൃഷ്ടാവും അന്നദാതാവും മരിപ്പിക്കുന്നവനും ആണെന്നുള്ള അവരുടെ "അംഗീകാരമാണ്". അതോടൊപ്പം തന്നെ അവർ ബിംബങ്ങളെയും വിഗ്രഹങ്ങളെയും പങ്കുചേർത്തിരുന്നുവെങ്കിലും അതിനെ (ആ അംഗീകാരത്തെ) ഈമാൻ എന്നു പേരു വിളിച്ചു. ഈ ഈമാൻ എന്നത് അംഗീകാരം എന്ന അർഥത്തിലുള്ള ഒരു ഭാഷാപ്രയോഗം മാത്രമാകുന്നു.' (ഇമാം ഇബ്നു അഥിയ്യ(റ))
തഫ്സീർ സാദുൽ മസീർ കൂടി കാണുക:
قوله تعالى: { وما يؤمن أكثرهم بالله إِلا وهم مشركون } فيهم ثلاثة أقوال:
أحدها: أنهم المشركون، ثم في معناها المتعلق بهم قولان: أحدهما: أنهم يؤمنون بأن الله خالقهم ورازقهم وهم يشركون به، .................
فان قيل: كيف وصف المشرك بالإِيمان؟
فالجواب: أنه ليس المراد به حقيقة الإِيمان، وإِنما المعنى: أن أكثرهم، مع إِظهارهم الإِيمان بألسنتهم مشركون.
تفسير زاد المسير في علم التفسير/ ابن الجوزي
'ഈ ആയത്തിനെ സംബന്ധിച്ച് മൂന്ന് അഭിപ്രായങ്ങളാണ് ഉള്ളത്. അവയിൽ ഒന്ന് ആ പറയപ്പെട്ടവർ മുശ്.രിക്കുകൾ ആണ് എന്നതാണ്. അവരുമായി ബന്ധപ്പെട്ട അർത്ഥത്തിൽ തന്നെ രണ്ട് വീക്ഷണങ്ങൾ ഉണ്ട്. അതിൽ ഒന്ന്, അല്ലാഹു അവരുടെ സൃഷ്ടാവും അന്നദാതാവും ആണെന്ന് അവർ "വിശ്വസിക്കുന്നതോടൊപ്പം" തന്നെ അവർ അല്ലാഹുവിൽ പങ്കു ചേർക്കുന്നു. അപ്പോൾ ഒരു ചോദ്യം വരും. എങ്ങനെയാണ് മുശ്.രികിനെ 'ഈമാനുമായി' വിശേഷിപ്പിച്ച് പറയുക? (ആയത്തിൽ വന്നത് അങ്ങനെയാണല്ലോ) അതിന്റെ ഉത്തരം ഇതാണ്. അവിടെ ഉദ്ദേശം യഥാർത്ഥ ഈമാൻ അല്ല. നിശ്ചയം ആയത്തിന്റെ അർഥം ഇതാകുന്നു: അവരിൽ അധികം പേരും അവരുടെ "നാവു കൊണ്ട് ഈമാൻ പ്രകടിപ്പിക്കുന്നതോടൊപ്പം" തന്നെ ബഹുദൈവവിശ്വാസികളും ആകുന്നു'. (ഇബ്നുൽ ജൗസി(റ()
'നാവു കൊണ്ട് ഈമാൻ പ്രകടിപ്പിക്കുക' - അതു തന്നെയാണ് മുകളിൽ കൊടുത്ത തഫ്സീർ ത്വിബ്.രിയിലെ ഉദ്ധരണിയും പറയുന്നത്.
നോക്കൂ:
إيـمانهم قولهم
‘അവരുടെ 'ഈമാൻ' എന്നാൽ അവരുടെ പ്രസ്താവന ആകുന്നു’
അപ്പോൾ മുശ്.രിക്കുകളുടെ വാചകക്കസർത്തും പൊക്കിപ്പിടിച്ചു കൊണ്ടാണ് വഹാബികൾ അവർ അല്ലാഹുവിൽ വിശ്വസിക്കുന്നവരാണെന്ന് വാദിക്കുന്നത്. അവർ വിശ്വസിക്കാത്ത കാര്യങ്ങൾ അവരുടെ മേൽ ചാർത്തുക. എന്നിട്ട് ഖുർആനിൽ നിന്നും കിട്ടിയതാണെന്ന് പറയുക. വാസ്തവത്തിൽ പരിശുദ്ധ ഖുർആന്റെ പേരിൽ പച്ചക്കള്ളം പ്രചരിപ്പിക്കുകയല്ലേ ഇവർ?
നാവു കൊണ്ട് അല്ലാഹു എന്നു പറഞ്ഞാൽ അത് വിശ്വാസമാകുമോ? ആണെന്നാണ് വഹാബികൾ പറയുന്നത്. എന്നാൽ ശ്രദ്ധിക്കുക. ഇത് ആരുടെ വിശ്വാസമാണ്? ഇമാം റാസി(റ) തന്നെ പറയട്ടെ ... ഈ ആയത്തിന്റെ തഫ്സീറിൽ തന്നെ ...
أما قوله: { وَمَا يُؤْمِنُ أَكْثَرُهُمْ بِٱللَّهِ إِلاَّ وَهُمْ مُّشْرِكُونَ } فالمعنى: أنهم كانوا مقرين بوجود الإله بدليل قوله:
( وَلَئِن سَأَلْتَهُمْ مَّنْ خَلَقَ ٱلسَّمَـٰوَاتِ وَٱلأَرْضَ لَيَقُولُنَّ ٱللَّهُ (لقمان: 25) ) .....
‘അപ്പോൾ ‘അവരിൽ അധികവും ബഹുദൈവവിശ്വാസികളായിട്ടല്ലാതെ അല്ലാഹുവിൽ വിശ്വസിക്കുന്നില്ല’ എന്ന അർഥം വരുന്ന ആയത്തിന്റെ ഉദ്ദേശം ഇതാകുന്നു. അവർ അല്ലാഹു ഉണ്ട് എന്ന് “സമ്മതിക്കുന്നവർ” ആകുന്നു. അതാണല്ലോ ‘ആരാണ് ആകാശഭൂമികളെ സൃഷ്ടിച്ചതെന്ന് താങ്കൾ അവരോട് ചോദിച്ചാൽ നിശ്ചയം അല്ലാഹു എന്നു അവർ പറയുക തന്നെ ചെയ്യുമായിരുന്നു’ (ലുഖ്മാൻ 25) എന്ന അർഥം വരുന്ന അല്ലാഹുവിന്റെ കലാം അറിയിക്കുന്നത്. ‘
എന്നിട്ട് ഇമാം അവർകൾ തുടരുന്നു:
واحتجت الكرامية بهذه الآية على أن الإيمان عبارة عن الإقرار باللسان فقط، لأنه تعالى حكم بكونهم مؤمنين مع أنهم مشركون، وذلك يدل على أن الإيمان عبارة عن مجرد الإقرار باللسان، وجوابه معلوم، (تفسير مفاتيح الغيب ، التفسير الكبير/ الرازي)
‘നിശ്ചയം ഈമാൻ എന്നാൽ വെറും നാവു കൊണ്ട് മൊഴിയുന്നതിനു (സമ്മതിക്കുന്നതിനു) തുല്യമാണെന്ന വാദത്തിനു ‘കറാമിയ്യത്ത്’ ലക്ഷ്യം പിടിച്ചത് ഈ ആയത്താണ്. കാരണം അല്ലാഹു തആലാ ആ കൂട്ടരെ അവർ മുശ്.രിക്കുകൾ ആകുന്നതോടൊപ്പം തന്നെ ‘മുഅമിനുകൾ’ ആയിട്ടാണല്ലോ വിധിച്ചത്. ഈമാൻ എന്നാൽ വെറും നാവു കൊണ്ടുള്ള അംഗീകാരത്തിന് പറയുന്നതാണെന്ന് ഇത് തെളിയിക്കുന്നു. ഇതിന്റെ (ഈ പിഴച്ച വാദത്തിന്റെ) മറുപടി എല്ലാവർക്കും അറിയാവുന്നതാണല്ലോ? (തഫ്സീർ റാസി(
അപ്പോൾ മുശ്.രിക്കുകൾ അല്ലാഹു, അല്ലാഹു എന്നു പറയും എന്നു ഖുർആൻ പറഞ്ഞതിനെ നേർക്ക് നേരെ അർഥം വെച്ച് കൊണ്ട് സുന്നികളെ ആ മുശ്.രിക്കുകൾക്ക് സമാനരാക്കാൻ വേണ്ടി യത്നിക്കുന്ന വഹാബികളുടെ ഗുരുക്കന്മാർ ആരാണെന്ന് മനസ്സിലായി. ഇമാം റാസി(റ) തന്റെ ജീവിതകാലത്ത് ഏറ്റവും അധികം എതിർത്ത പിഴച്ച കക്ഷികളിൽ പെട്ട കറാമിയ്യത്ത് തന്നെ. കറാമിയ്യത്തിന്റെ വിഴുപ്പുഭാണ്ഡവും പേറി കൊണ്ടാണ് ഇവർ മുസ്.ലിം ലോകത്തെ മുശ്.രിക്കുകളും കേരള മുസ്.ലിംകളെ മക്കാ മുശ്.രിക്കുകളേക്കാൾ കടുത്ത മുശ്.രിക്കുകളുമാക്കാൻ വേണ്ടി ആയുസ്സ് പാഴാക്കുന്നത്.
ഇനി ആ മുശ്.രിക്കുകൾ തന്നെ അല്ലാഹു എന്നു പറയുന്നത് ആത്മാർഥമായിട്ടാണോ? അല്ല. അവർ അത് ഗതികേടു കൊണ്ട് പറഞ്ഞു പോവും എന്നേ ഖുർആൻ പറഞ്ഞിട്ടുള്ളൂ. ഇതും തഫ്സീറുകളിൽ വന്നതാണ്. തത്ക്കാലം ഒരു തഫ്സീർ മാത്രം കൊടുക്കുന്നു.
ഇമാം ബൈളാവി (റ) സൂറത്ത് യൂനുസിലെ ആയത്തിന്റെ തഫ്സീറിൽ പറയുന്നത് നോക്കൂ
(فَسَيَقُولُونَ ٱللَّهُ ) إذ لا يقدرون على المكابرة والعناد في ذلك لفرط وضوحه.
‘‘അപ്പോൾ അവർ അല്ലാഹു എന്നു പറയും’ കാരണം, വ്യക്തമായ വസ്തുതകളുടെ ആധിക്യം കാരണം ഈ വിഷയത്തിൽ അവർക്ക് പിടിവാശിക്കോ തർക്കത്തിനോ സാധിക്കില്ല.’
അഥവാ, അവർക്ക് അങ്ങനെ പറയൽ അല്ലാതെ വേറെ മാർഗം ഒന്നും ഇല്ല. അതു കൊണ്ട് അങ്ങനെ പറയുന്നു എന്നു മാത്രം. അവർ ആരാധിക്കുന്ന, അവർ തന്നെ സ്വന്തം കൈകൾ കൊണ്ട് ഉണ്ടാക്കിയ ആ വിഗ്രഹങ്ങളാണ് ഈ ലോകം സൃഷ്ടിച്ചതെന്നും എല്ലാ സൃഷ്ടികൾക്കും ഭക്ഷണം കൊടുക്കുന്നത് എന്നും പറയാൻ സാമാന്യ ബുദ്ധി സമ്മതിക്കില്ലല്ലോ? അതു കൊണ്ട് അവർ അല്ലാഹു എന്നു പറയുന്നു എന്നു മാത്രം. അഥവാ ഗതികേടു കൊണ്ട് പറയുന്നു....
മറ്റു വാക്കുകളിൽ പറഞ്ഞാൽ വിശ്വാസം (إعتقاد) ഒന്ന് വേറെ. അംഗീകാരം (إعتراف) ഒന്ന് വേറെ. ഏതു പോലെ ...
വഹാബികളുടെ വിശ്വാസം മുഹ്.യിദ്ധീൻ ശൈഖേ രക്ഷിക്കണേ, ബദ്.രീങ്ങളേ കാക്കണേ എന്നൊക്കെ മരണപ്പെട്ട മഹാന്മാരോട് സഹായം തേടുന്നത് (അവരുടെ ഭാഷയിൽ വിളിച്ചു പ്രാർത്ഥിക്കുന്നത്) ശിർക്കാണെന്നും അങ്ങനെ ചെയ്യുന്ന സുന്നികൾ മുശ്.രിക്കുകൾ ആണെന്നും അവർ കാഫിറുകള്‍ ആണെന്നും തന്നെയാണ്. അവര്‍ മുസ്ലിംകള്‍ അല്ല എന്ന് തന്നെയാണ്. ഇതാണ് അവരുടെ إعتقاد (വിശ്വാസം) എന്ന് പറയുന്നത്.
എന്നാല്‍ സാമൂഹ്യ യാഥാര്‍ഥ്യങ്ങള്‍ക്ക് മുന്നില്‍ കണ്ണടക്കാനാവാതെ, അവര്‍ക്ക് ഇതേ സുന്നികള്‍ മുസ്ലിംകള്‍ തന്നെ എന്ന് അംഗീകരിക്കേണ്ടി വരുന്നു. അവരുമായി വിവാഹ ബന്ധങ്ങളും അനന്തരം എടുക്കലും കൊടുക്കലും, അവരുടെ ഖബറിസ്ഥാനില്‍ മറമാടലും, അവരുടെ ഇമാമിനെ തുടര്‍ന്ന്‍ നിസ്കരിക്കലും, സലാം പറയലും എല്ലാം ചെയ്യേണ്ടി വരുന്നു. ഇതാണ് അവരുടെ إعتراف (അംഗീകാരം) എന്ന് പറയുന്നത്....
ഇത് തന്നെയാണ് മക്കാ മുശ്.രിക്കുകളുടെയും അവസ്ഥ. അവരുടെ വിശ്വാസം (إعتقاد) ഒന്ന് വേറെ. എന്നാല്‍ യാഥാര്‍ഥ്യങ്ങള്‍ക്ക് മുന്നില്‍ അവര്‍ക്ക് ചിലത് അംഗീകരിക്കേണ്ടി (إعتراف) വരുന്നു എന്നു മാത്രം.
നിഷ്പക്ഷമതികൾ ചിന്തിക്കുക. ഞാൻ ഇവിടെ കൊടുത്ത തഫ്സീറുകൾ എല്ലാം തന്നെ (ജലാലൈനി ഒഴികെ) ഇബ്നുതീമിയ്യ ജനിക്കുന്നതിനും ഒന്നും രണ്ടും നൂറ്റാണ്ടുകൾക്ക് മുമ്പേ ജീവിച്ചു പോയ സാത്വികരായ ഇമമുമാരാൽ വിരചിതമായതാണ്. വിശുദ്ധ ഖുർആനിലെ ജ്ഞാനം അവരിലൂടെയാണ് തലമുറകളിലേക്ക് പകർന്നത്. അല്ലാതെ ഇന്നലെ പൊട്ടിമുളച്ച പരിഭാഷകളിലൂടെ അല്ല. പരിഭാഷയാണ് ഖുർആൻ എന്നു ധരിച്ചു വശായ സാധുക്കൾ ചെന്നു വീഴുന്ന പടുകുഴിയുടെ ഒരു സാമ്പിൾ മാത്രമാണ് നാം മുകളിൽ കണ്ടത്…...
_________________________
വിജ്ഞാനം വിരൽ തുമ്പിൽ
ക്ലിക്ക് ചെയ്യൂ
sunniknowledge.blogspot.com
"ആദർഷ വിജ്ഞാന സമാഹാരം"
_______________________________
No comments:
Post a Comment