Friday, 23 September 2016

തൗഹീദും , ഷിർക്കും

തൌഹീദ്, ശിര്‍ക്
__________________

സുന്നത്ത്ജമാഅത്തിന്റെ അടിസ്ഥാനശിലയാണ് തൌഹീദ്. അല്ലാഹുവിന്റെ ഏകത്വം ഇരുനൂറിലധികം പ്രാവശ്യം ഖുര്‍ആന്‍ ഉദ്ഘോഷിക്കുന്നു. തൌഹീദിന്റെ പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നത്. ബഹുദൈവത്വം എല്ലാനിലക്കും നിരര്‍ഥകമാണ്. മനുഷ്യസങ്കല്‍പ്പങ്ങളാലല്ല, പ്രമാണങ്ങളുടെ പിന്തുണയോടെയാണ് ദൈവാസ്തിക്യം തെളിയിക്കപ്പെടേണ്ടത്. അല്ലാഹുവിന്റെ അസ്തിത്വവും അനിവാര്യതയും അപ്രകാരം തെളിയിക്കപ്പെട്ടതാണ്. ബുദ്ധിയുള്ളവര്‍ക്ക് ദൈവാസ്തിക്യം നിഷേധിക്കാനാവില്ല.

‘വഹ്ഹദ’ യില്‍ നിന്നാണ്  ‘തൌഹീദ്’ എന്ന ധാതുവിന്റെ ഉത്ഭവം, ഏകനാക്കി, ഏകനാക്കല്‍ എന്നാണതിന്റെ ഭാഷാര്‍ഥം. ‘മുഹ്ദിസില്‍ നിന്ന് (പുതുതായി ഉണ്ടാകുന്നവന്‍) ഖദീമിനെ (അല്ലാഹുവിനെ) തനിപ്പിക്കുക’ എന്നാണ് അഹ്ലുസ്സുന്നഃ തൌഹീദിനെ നിര്‍വചിക്കുന്നത് (ഫത്ഹുല്‍ബാരി).“വിശാലാര്‍ഥത്തില്‍ ഉലൂഹിയ്യത്തിലും (ആരാധ്യനായിരിക്കുക) അതിന്റെ പ്രത്യേകതകളിലും അല്ലാഹുവിന് ഒരു പങ്കാളിയില്ല എന്ന വിശ്വാസമാണ് തൌഹീദ്” (അബ്ദുല്‍ ഹകീം, പേജ് 66).

ഉലൂഹിയ്യത്ത് എന്നതുകൊണ്ട് വിവക്ഷ അസ്തിത്വം അനിവാര്യമായവന്‍ എന്നാണ്. അസ്തിത്വം നിര്‍ബന്ധമായ ശക്തിക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണ്  ‘ഖവാസ്വ്’ (പ്രത്യേകതകള്‍) കൊണ്ട് ഉദ്ദേശ്യം. എല്ലാറ്റിന്റെയും സ്രഷ്ടാവായിരിക്കുക, ലോകത്തിന്റെ ഭരണാധിപനായിരിക്കുക, ആരാധന അര്‍ഹിക്കുന്നവനാവുക എന്നിവ ഉദാഹരണം.

അല്ലാഹുവിന്റെ ആസ്തിക്യത്തിന്റെ അനിവാര്യത (വുജൂബ്) യുടെ ഗുണങ്ങളിലും അതിനെത്തുടര്‍ന്ന് വന്നുചേരുന്ന ഇബാദത്ത് അര്‍ഹിക്കുക, ലോകത്തെ സൃഷ്ടിക്കുക, ഭരിക്കുക എന്നിവയിലും അല്ലാഹു ഏകനാകുന്നു. സത്യനിഷേധികളായ കാഫിറുകള്‍ പ്രസ്തുത വിഷയത്തില്‍ തങ്ങള്‍ ആരാധിക്കുന്ന വസ്തുക്കള്‍ അല്ലാഹുവോട് പങ്കാളികളാണെന്ന വിശ്വാസക്കാരായിരുന്നു. ഇഖ്ലാസ്വ് സൂറത്തില്‍, തൌഹീദിന്റെ വിവക്ഷ  ഖുര്‍ആന്‍ വ്യക്തമാക്കുന്നു. പറയുക:“അവന്‍; അല്ലാഹു ഏകനാകുന്നു. അല്ലാഹു സ്വമദാകുന്നു. (നിരാശ്രയന്‍) അവന്‍ മറ്റൊരാളോടും തുല്യനല്ല.”

അല്ലാഹു ഏകനാകുന്നു എന്ന പ്രസ്താവനയെതുടര്‍ന്ന്, അതിന്റെ അര്‍ഥമാണ് ഖുര്‍ആന്‍ വിവരിക്കുന്നത്. അവന്‍ ഏകനാണ് എന്നാല്‍ ഇവിടെ മറ്റൊരു ഏകന്‍ ഉണ്ടായിക്കൂടാ എന്നല്ല ഉദ്ദേശ്യം. ഓരോ സൃഷ്ടിയും അതിന്റെ അവസ്ഥയില്‍ ഏകനാണ്. പക്ഷേ, വ്യത്യാസമുണ്ട്. അത് സ്വമദ് എന്ന പ്രയോഗം വ്യക്തമാക്കുന്നു. സ്വമദിന്റെ വിവ ക്ഷ ഇപ്രകാരമാണ്.

“എല്ലാവര്‍ക്കും എല്ലാ കാര്യങ്ങളിലും അവലംബമായുള്ളവന്‍. സ്വയം പര്യാപ്തതയുള്ളവന്‍. മറ്റൊരു ശക്തിയെയും ആശ്രയിക്കേണ്ടതില്ലാത്തവന്‍”(അബുസ്സുഊദ്, വാ. 7/2). ഇസ്മാഈല്‍ ഹിഖ്ഖി (റ) യുടെ പ്രസ്താവന: “ആവശ്യങ്ങള്‍ക്ക് ആശ്രയിക്കപ്പെടുന്നവനും സ്വയം പര്യാപ്തതയുള്ളവനും മറ്റെല്ലാ വസ്തുക്കളാലും ആശ്രയിക്കപ്പെടുന്നവനുമായ ശക്തി” (റൂഹുല്‍ ബയാന്‍).

മറ്റൊരാള്‍ക്ക് ആശ്രയമാവുക എന്ന സ്വമദിയ്യത്തിലധിഷ്ഠിതമായ സവിശേഷതയാണ് അല്ലാഹുവിന്റെ വിശേഷണമാകുന്നത്. അതില്‍ കൂറുകാരെ ആരോപിക്കുമ്പോള്‍ അത് അല്ലാഹുവിന്റെ തൌഹീദിന് വിരുദ്ധമാകുന്നു. സ്വമദിയ്യത്തിന്റെ സവിശേഷതകളില്ലാത്ത, അല്ലാഹുവല്ലാത്ത ആശ്രയങ്ങളെ അംഗീകരിക്കുന്നത് തൌഹീദിന് വിരുദ്ധമല്ലെന്ന് ഇതില്‍ നിന്നുതന്നെ വ്യക്തമാകുന്നുണ്ട്.

അറിവുള്ളവന്‍, കഴിവുള്ളവന്‍, കേള്‍ക്കുന്നവന്‍, കാണുന്നവന്‍ തുടങ്ങിയവ അല്ലാഹുവിന്റെ വിശേഷണങ്ങളാണ്. അത് അല്ലാഹുവിന് അംഗീകരിച്ചുകൊടുക്കുന്നതാണ് തൌഹീദ്. മറ്റൊരു അറിവുള്ളവനോ കഴിവുള്ളവനോ കേള്‍ക്കുന്നവനോ കാണുന്നവനോ ഇല്ലെന്നാണോ അതിന്റെ അര്‍ഥം? തീര്‍ച്ചയായും അല്ല. മേല്‍ വിശേഷണങ്ങളിലെല്ലാം അല്ലാഹു സ്വമദാണ്. സ്വയം പര്യാപ്തനാണ്. സ്വയം പര്യാപ്തതയിലധ്ഷ്ഠിതമാംവിധം ഈ വിശേഷണങ്ങള്‍ മറ്റാര്‍ക്കുമില്ലെന്ന വിശ്വാസമാണ് തൌഹീദിന്റെ അന്തസത്ത.

അബുല്‍ ഖാസിം അത്തമീമി (റ) പറുന്നു: “അല്ലാഹുവിന്റെ ഏകത്വത്തെ അംഗീകരിക്കുകയെന്നാല്‍ സത്തയിലും വിശേഷണങ്ങളിലും അവന്‍ ഏകനാണെന്നും അവന് തു ല്യനോ സദൃശനോ ഇല്ലെന്നും വിശ്വസിക്കലാകുന്നു” (ഫത്ഹുല്‍ബാരി 17/203).

ഇതില്‍നിന്നു താഴെ പറയുന്ന കാര്യങ്ങള്‍ വ്യക്തമാകുന്നു:

(1) ഉണ്ടാകല്‍ നിര്‍ബന്ധമായ ശക്തി അല്ലാഹു മാത്രമാണ്. സൃഷ്ടിക്കുക, ഭരിക്കുക, ആ രാധന അര്‍ഹിക്കുക തുടങ്ങിയ വിശേഷണങ്ങള്‍ അവന്റെ മാത്രം പ്രത്യേകതയാണ്.

(2) ഇത്രയും കാര്യങ്ങള്‍ അല്ലാഹുവിന് അംഗീകരിച്ചുകൊടുക്കുന്നതാണ് തൌഹീദ്.

(3) അല്ലാഹുവിന്റെ വിശേഷണങ്ങള്‍ സ്വമദിയ്യത്തിലധിഷ്ഠിതമാണ്. സ്വമദിയ്യത്തിലധിഷ്ഠിതമായ വിശേഷണങ്ങള്‍ തനതായ രൂപത്തില്‍ മറ്റൊരു ശക്തിയില്‍ ആരോപിക്കല്‍ തൌഹീദിന് വിരുദ്ധമാണ്.

(4) കാഫിറുകള്‍ അല്ലാഹുവിന്റെ വിശേഷണങ്ങള്‍ തനതായ അര്‍ഥത്തില്‍ അവരുടെ ആരാധ്യ വസ്തുക്കളിലും ആരോപിച്ചിരുന്നു.

(5) അല്ലാഹുവിന്റെ വിശേഷണങ്ങളില്‍ ഒന്നുപോലും തനതായ രൂപത്തില്‍ സൃഷ്ടിയില്‍ ആരോപിക്കാന്‍ പാടില്ല. അത് തൌഹീദിന് വിരുദ്ധമാണ്.

ശിര്‍ക്

അനിവാര്യമായ അസ്തിത്വം, ആരാധന അര്‍ഹിക്കുക എന്നിവയില്‍ അല്ലാഹുവില്‍ കൂറുകാരെ അംഗീകരിക്കലാണ് ശിര്‍ക്ക്. അതായത് അല്ലാഹുവിന്റെ സത്ത,(ദാത്ത്) ഗുണങ്ങള്‍,(സ്വിഫാത്)  പ്രവര്‍ത്തികള്‍ (അഫ്ആല്‍) എന്നിവയില്‍ പങ്കുകാരെ ആരോപിക്കുക.

അല്ലാഹുവിന്റേതിന് തുല്യമായ സത്തയോ പ്രവര്‍ത്തിയോ ഗുണമോ മറ്റൊരാള്‍ക്കുണ്ടെന്നു സങ്കല്‍പ്പിക്കുകയെന്നതാണത്. അല്ലാഹുവിന്റെ എല്ലാ വിശേഷണങ്ങളും തനതായ രൂപത്തില്‍ അപരനില്‍ ഉണ്ടെന്നു വിശ്വസിക്കുന്നത് മാത്രമല്ല, സ്വമദിയ്യത്തിലധിഷ് ഠിതമായ അല്ലാഹുവിന്റെ ഒരു വിശേഷണമെങ്കിലും തനതായരൂപത്തില്‍ മറ്റൊരാളിലുണ്ടെന്ന് ആരോപിക്കുന്നതും ശിര്‍ക്കു തന്നെയാണ്.

അല്ലാഹുവിനു പ്രത്യേകമായുള്ള ഏതെങ്കിലും വിശേഷണം ചികഞ്ഞെടുത്ത് അതില്‍ മാത്രം പങ്കുചേര്‍ക്കല്‍ ശിര്‍ക്കാകുമെന്ന് ചിലര്‍ ജല്‍പ്പിക്കാറുണ്ട്. ഉദാഹരണത്തിനു മുസ്തഗാസ് (സഹായം തേടപ്പെടുന്നവന്‍) വകീല്‍ (ഭരമേല്‍പ്പിക്കപ്പെടുന്നവന്‍) എന്നീ പദങ്ങള്‍. വിപല്‍ഘട്ടത്തില്‍ ഇസ്തിഗാസഃ ചെയ്യപ്പെടുന്നവന്‍, ഭരമേല്‍പ്പിക്കുന്നവന്‍ അല്ലാഹുവാണ്. അത് മറ്റൊരാളോടായാല്‍ ബഹുദൈവാരാധനയായി എന്നാണ് അവരുടെ വിശദീകരണം. യഥാര്‍ഥത്തില്‍ സ്വയം സഹായിക്കാന്‍ കഴിവുണ്ടെന്ന് (സ്വമദിയ്യത്ത്) ആരോപിച്ചുകൊണ്ട് സൃഷ്ടിയെ ഏതു ഘട്ടത്തില്‍ സമീപിക്കുന്നതും ശിര്‍ക്കുതന്നെയാണ്.

സ്വയം സഹായിക്കാനുള്ള കഴിവ് ആരോപിക്കാതെ സൃഷ്ടിയെ സമീപിക്കുന്നത് തൌഹീദിന് വിരുദ്ധമാകുന്നില്ല. വിപല്‍ഘട്ടവുമായോ മറ്റോ ബന്ധപ്പെട്ടിരിക്കുന്നതല്ല തൌഹീദും ശിര്‍ക്കും. വിപല്‍ഘട്ടത്തിലല്ലാതെ ഒരു മനുഷ്യന്‍ നിസ്സാരമായ പ്രശ്നത്തില്‍ സൃഷ് ടിയെ സമീപിക്കുന്നു. ആ സൃഷ്ടി സര്‍വശക്തനും സ്വയം പര്യാപ്തനുമാണെന്നാണ് അയാളുടെ വിശ്വാസമെങ്കില്‍ ആ സമീപനം നിസ്സാര പ്രശ്നത്തിനാണെങ്കില്‍ പോലും ശിര്‍കായിത്തീരുന്നു. സന്ദര്‍ഭത്തിന്റെ പ്രത്യേകതകളല്ല. മനസ്സില്‍ കുടികൊള്ളുന്ന വിശ്വാസമാണ് പ്രധാനമെന്നും അതനുസരിച്ചാണ് തൌഹീദും ശിര്‍കും സംഭവിക്കുന്നതെന്നും നാം മനസ്സിലാക്കണം.

ചുരുക്കത്തില്‍ വിപല്‍ഘട്ടങ്ങളില്‍ സഹായമര്‍ഥിക്കപ്പെടുന്നവന്‍, അഭയം തേടപ്പെടുന്നവന്‍, ഭരമേല്‍പ്പിക്കപ്പെടുന്നവന്‍ അല്ലാഹു മാത്രമാണ് എന്നതിന്റെ അര്‍ഥം സ്വന്തം കഴിവുകൊണ്ട് സഹായിക്കുമെന്ന വിശ്വാസവുമായി അഭയം പ്രാപിക്കപ്പെടുന്നവന്‍ അല്ലാഹു മാത്രമാകുന്നു എന്നാണ്. ആ വിശ്വാസമില്ലെങ്കില്‍ ശിര്‍കാവുകയില്ല.

ഈ നിര്‍വചനം നിഷേധിക്കുകയാണെങ്കില്‍ സ്വഹാബത്തില്‍ പലരെയും നാം മുശ്രികുകളായി എണ്ണേണ്ടിവരും. തൌഹീദിന്റെ കാവലാളുകളായിരുന്ന സ്വഹാബികള്‍ വിപല്‍സന്ധികളില്‍ നബി(സ്വ)യെ സമീപിച്ച സംഭവങ്ങള്‍ ഏറെയുണ്ട്. ഈ സന്ദര്‍ഭങ്ങളില്‍ അവരുടെ വിശ്വാസം നബി(സ്വ)സ്വയംപര്യാപ്തനാണ് എന്നായിരുന്നുവോ? ഒരിക്കലുമല്ല. ഇങ്ങനെ സഹായം തേടുന്നത് നബി (സ്വ) ഒരിക്കലും നിരോധിച്ചിട്ടുമില്ല.

========================

No comments:

Post a Comment