Friday, 16 September 2016

മറഞ്ഞ കാര്യങ്ങൾ അറിയാൻ കഴിയുമോ?


മറഞ്ഞകാര്യം അറിയൽ
______________________

മറഞ്ഞ കാര്യങ്ങള്‍ അറിയല്‍
അമ്പിയാക്കള്‍ക്കും ഔലിയാക്കള്‍ക്കും അവരുടെ താല്‍പ്പര്യപ്രകാരം മറഞ്ഞകാര്യങ്ങള്‍ അല്ലാഹു അറിയിച്ചുകൊടുക്കുമെന്ന് ഇസ്ലാമിക പ്രമാണങ്ങള്‍ തെളിയിക്കുന്നുണ്ട്. പക്ഷേ, ഇസ്ലാമിലെ പരിഷ്കരണവാദികള്‍ ഇത് നിഷേധിക്കുന്നു. ഈ നിഷേധത്തി ലൂടെ ഇവര്‍ ഖുര്‍ആനും ഹദീസുമാണ് നിഷേധിക്കുന്നത്. ഈസാ(അ)ന്റെ അവകാശവാദങ്ങള്‍ ഖുര്‍ആന്‍ പറയുന്നു:

“നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചും നിങ്ങളുടെ ഭവനങ്ങളില്‍ സൂക്ഷിച്ചുവെക്കുന്നവയെക്കുറിച്ചും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരും. നിശ്ചയം ഇതില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്’‘ (ആലുഇംറാന്‍ 49).
അദൃശ്യങ്ങളറിയുന്നവന്‍ എന്നുള്ളത് അല്ലാഹുവിന്റെ വിശേഷണമമാണ്. പക്ഷേ, അല്ലാഹുവിന്റെ അനുവാദപ്രകാരം തനിക്ക് അദൃശ്യമറിയുമെന്ന് സ്വയം അവകാശപ്പെടുന്നതോ മഹാന്മാര്‍ക്ക് അത്തരം കഴിവുണ്ടെന്ന് വിശ്വസിക്കുന്നതോ ഇസ്ലാമിക വിരുദ്ധമല്ല.

ഇബ്നുഹജര്‍ (റ) എഴുതി: “നിശ്ചയം പ്രവാചകത്വം (നുബുവ്വത്) എന്ന പ്രയോഗം, നബിക്കു മാത്രം പ്രത്യേകമായുള്ളതും നബിയെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിക്കുന്നതുമാണ്. ധാരാളം പ്രത്യേകതകളാല്‍ നുബുവ്വത് ശ്രദ്ധേയമാണ്. അല്ലാഹുവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ യാഥാര്‍ഥ്യം നബി അറിയുന്നു. അല്ലാഹുവിന്റെ വിശേഷണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ യാഥാര്‍ഥ്യവും (ഹഖീഖത്) നബി അറിയും.
മലകുകളുമായും പരലോകവുമായും ബന്ധപ്പെട്ട കാര്യങ്ങളും നബിമാര്‍ക്കറിയാം. മറ്റുള്ളവര്‍ അറിയുന്നതുപോലെയല്ല. നബിയുടെ അടുക്കല്‍ അവ സംബന്ധിച്ച് കൂടുതല്‍ ജ്ഞാനമുണ്ട്. മറ്റുള്ളവര്‍ക്കില്ലാത്ത ഉറപ്പും ദൃഢജ്ഞാനവും അവര്‍ക്കുണ്ടാകും. സാധാരണക്കാരന് അവന്റെ ചലനങ്ങള്‍ യഥേഷ്ടം നിര്‍വഹിക്കാനുള്ള സിദ്ധി പോലെ, അസാധാരണമായ കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള വിശേഷസിദ്ധി നബിമാര്‍ക്കുണ്ട്. മലകുകളെ കാണാന്‍ കഴിയുന്ന സിദ്ധിവിശേഷവും നുബുവ്വത് കൊണ്ട് ലഭിക്കുന്നതു തന്നെ. ‘മലകൂതി’യായ ലോകം(അദൃശ്യലോകം)നേരില്‍ കാണാന്‍ ഈ സിദ്ധി വിശേഷം കൊണ്ട് നബിമാര്‍ക്ക് കഴിയുന്നതാണ്. കാഴ്ചയുള്ളവനെയും അന്ധനെയും വേര്‍തിരിക്കുന്നതുപോലുള്ള വിശേഷണമാണിത്. ഭാവിയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ അറിയാനുള്ള സിദ്ധിയും നുബുവ്വതുകൊണ്ട് ലഭിക്കുന്നതാണ്. ലൌഹുല്‍ മഹ്ഫൂളിലുള്ള കാര്യ ങ്ങള്‍ പോലും കാണാന്‍ ഈ സിദ്ധി നിമിത്തം നബിക്ക് സാധിക്കുന്നു. ബുദ്ധിശൂന്യ നെയും ബുദ്ധിമാനെയും വേര്‍തിരിക്കുന്ന വിശേഷണം പോലെയുള്ള ഒരു സിദ്ധിയാണിത്. ഇവയെല്ലാം നബിമാര്‍ക്കു സ്ഥിരപ്പെട്ട പൂര്‍ണതയുടെ സ്വിഫതുകളാകുന്നു” (ഫത്ഹുല്‍ബാരി, വാ. 16, പേ. 163).

ഇമാം റാസി എഴുതുന്നു: “ബനൂമുസ്തലഖ് യുദ്ധം കഴിഞ്ഞു. നബി(സ്വ)യും അനുചരരും മടങ്ങുമ്പോള്‍ വഴിക്കുവെച്ച് ശക്തമായ കാറ്റുണ്ടായി. കാറ്റ് കാരണം മൃഗങ്ങള്‍ പലവഴിക്കായി ഓടിപ്പോയി. രിഫാഅഃ എന്ന കപടവിശ്വാസി മദീനയില്‍ മരണപ്പെട്ട വിവരം ആ യാത്രയില്‍ നബി സ്വഹാബാക്കളെ അറിയിച്ചു. അതേസമയം നിങ്ങള്‍ എന്റെ ഒട്ടകം എവിടെയാണെന്ന് അന്വേഷിക്കൂ എന്നാവശ്യപ്പെടുകയും ചെയ്തു. ഇതുകേട്ട അബ്ദുല്ലാഹിബ്നു ഉബയ്യ് എന്ന കപടനും അവന്റെ അനുയായികളും പറഞ്ഞു: ‘ഈ മനുഷ്യനെക്കുറിച്ച് നിങ്ങള്‍ക്ക് ആശ്ചര്യം തോന്നുന്നില്ലേ? മദീനയില്‍ മരണപ്പെട്ട വ്യക്തിയെക്കുറിച്ച് അയാള്‍ പറയുന്നു: തന്റെ ഒട്ടകം എവിടെയാണെന്ന് അദ്ദേഹം അറിയുന്നുമില്ല. ഇതു കേള്‍ക്കാനിടയായ നബി(സ്വ) പറഞ്ഞു: കപട വിശ്വാസികളില്‍ പെട്ട ചിലര്‍ എന്നെ സംബന്ധിച്ചു ചില ആരോപണങ്ങളുന്നയിച്ചതായി ഞാനറിഞ്ഞു. എന്റെ ഒട്ടകം ഈ മലയുടെ ചെരുവില്‍ ഒരു മരത്തില്‍ കയര്‍ കുടുങ്ങിയ നിലയില്‍ നില്‍പ്പുണ്ട്’ നബി(സ്വ)പറഞ്ഞതു പ്രകാരം ഒട്ടകത്തെ അവര്‍ കണ്ടെത്തു കയും ചെയ്തു” (റാസി 15/87).

അനസ്(റ)ല്‍ നിന്ന് ഇമാം മുസ്ലിം നിവേദനം ചെയ്യുന്നു: “ബദ്റ് രണാങ്കണത്തിലായിരിക്കെ, നബി(സ്വ) പറഞ്ഞു: ‘ഇത് ഇന്ന വ്യക്തി മരിച്ചുവീഴുന്ന സ്ഥലമാണ്.’ അനസ് പറയുന്നു: ‘ഇങ്ങനെ ഓരോ വ്യക്തിയും വധിക്കപ്പെടുന്ന സ്ഥലം ഭൂമിയില്‍ തൊട്ട് ഇവിടെ, ഇവിടെ എന്ന് നബി(സ്വ) ചൂണ്ടിക്കാണിച്ചു. പ്രസ്തുത സ്ഥലങ്ങളില്‍ അല്‍പ്പം പോലും തെറ്റാതെ അവര്‍ മരിച്ചുവീണു’ (മുസ്ലിം 12/126).

മറഞ്ഞ കാര്യങ്ങള്‍ യഥേഷ്ടം പ്രവാചകന്മാര്‍ക്ക് അറിയാന്‍ കഴിയുമെന്നും അല്ലാഹു അപ്പപ്പോള്‍ അതിനവര്‍ക്ക് കഴിവുനല്‍കുമെന്നും പ്രസ്തുത ഉദാഹരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. ഔലിയാക്കള്‍ക്കു തത്തുല്യ സംഭവങ്ങള്‍ കറാമതായി ഉണ്ടാകും.
ഇബ്നുതൈമിയ്യഃ എഴുതുന്നു: “ഉമര്‍(റ) (നഹാവന്ദിലേക്ക്)  സൈന്യത്തെ അയച്ചപ്പോള്‍ സാരിയഃ(റ)വിനെ അവരുടെ അമീറാക്കി. നഹാവന്ദില്‍ യുദ്ധം നടന്നുകൊണ്ടിരിക്കെ മദീനയിലെ പള്ളിയില്‍ ഖുത്വുബ നിര്‍വഹിച്ചുകൊണ്ടിരുന്ന ഉമര്‍ (റ), ഉച്ചത്തില്‍ ‘ഓ സാരിയാ പര്‍വ്വതം സൂക്ഷിക്കുക.’ എന്ന് വിളിച്ചു പറഞ്ഞു. യുദ്ധം കഴിഞ്ഞു സൈന്യത്തില്‍ നിന്ന് ഒരു ദൂതന്‍ മദീനയിലെത്തി ഉമര്‍(റ)വിനെ സമീപിച്ചു. ‘അമീറുല്‍ മുഅ് മിനീന്‍, ഞങ്ങള്‍ ശത്രുവുമായി ഏറ്റുമുട്ടുകയും ഞങ്ങള്‍ പരാജയപ്പെടുന്ന അവസ്ഥയെത്തുകയും ചെയ്തു. അപ്പോള്‍, ‘സാരിയാ പര്‍വതം സൂക്ഷിക്കുക’ എന്ന ഉച്ചത്തിലുള്ള മുന്നറിയിപ്പു മുഴങ്ങി. ഉടനെ ഞങ്ങള്‍ (മലയിലെ പഴുതുകള്‍ അടക്കാന്‍) മലയോട് ചേര്‍ന്നു നിന്നു. അങ്ങനെ അല്ലാഹു ശത്രുക്കളെ പരാജയപ്പെടുത്തി”(ഫതാവാ ഇബ്നുതൈമിയ്യഃ 11/154).

നഹാവന്ദില്‍ നടക്കുന്ന യുദ്ധത്തിന് മദീനയിലെ മിമ്പറില്‍ നിന്ന് ഉമര്‍(റ) നേതൃത്വം നല്‍കുന്നു. മലയിടുക്കിലൂടെ ശത്രു നുഴഞ്ഞു കയറുന്നതും മുസ്ലിംകള്‍ പരാജയപ്പെടാ നിടവരുന്നതും അനേകം മൈലുകള്‍ക്കിപ്പുറത്തുനിന്നു നേരില്‍ കാണുന്നു. ആവശ്യ മായ നിര്‍ദ്ദേശം നല്‍കി സൈന്യത്തെ വിജയത്തിലേക്ക് നയിക്കുന്നു.
മഹാത്മാക്കള്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ പല കാര്യങ്ങളും അറിയാറില്ല എന്ന വാദം അപ്രസക്തമാണ്. ഏത് ജ്ഞാനവും അല്ലാഹുവിന്റെ പ്രത്യേക അനുഗ്രഹ പ്രകാരമാണ് അവരറിയുന്നത്. അറിയാന്‍ താല്‍പ്പര്യമില്ലാത്ത കാര്യങ്ങള്‍, അല്ലാഹുവിന്റെ ഖളാഇല്‍ തീരുമാനിക്കപ്പെട്ട കാര്യങ്ങള്‍ തുടങ്ങിയവ അവര്‍ അറിയണമെന്ന് ഉദ്ദേശിക്കാതിരിക്കുന്നത് ഒരിക്കലും തെറ്റാവുകയില്ല. ഏതെങ്കിലും ഒരു സംഭവത്തില്‍ യഥേഷ്ടം മറഞ്ഞകാര്യം അറിയാനും പറയാനും കഴിയുമെന്നു വന്നാല്‍  ഈ വിഷയകമായുള്ള തെളിവിന് അതുതന്നെ മതി.

ആയിശാ ബീവിയുടെ മാലയുമായി ബന്ധപ്പെട്ട സംഭങ്ങളും മറ്റും ചൂണ്ടിക്കാണിച്ച്, പ്രവാചകന്മാര്‍ക്ക്,  അവരുടെ ഇച്ചക്കനുസരിച്ച് ഗൈബ് അറിയാന്‍ കഴില്ലന്ന് വിമര്‍ശകര്‍ വാദിക്കാറുണ്ട്. ഏതെങ്കിലും ഒരു സംഭവത്തില്‍ അിറഞ്ഞില്ലന്നത് അവരുടെ ഇച്ചക്ക് പ്രസക്തിയില്ലന്നതിന് ഒരിക്കലും തെളിവാകില്ല. അറിയാതിരുന്നത് മുകളില്‍ സൂചിപ്പിച്ച പോലെ അവര്‍ അറിയാന്‍ താല്‍പര്യം കാണിക്കാത്തത് കൊണ്ടോ മറ്റ് മനുഷ്യര്‍ക്ക് അറിയാന്‍ കഴിയാത്ത രഹസ്യങ്ങള്‍ക്കോ വേണ്ടിയാവും. ഇമാം മുസ്ലിം(റ)നിവേദനം ചെയ്ത “വീടുകളില്‍ പ്രവേശനം അനുവദിക്കപ്പെടാത്തവരും മുടി ജഡകുത്തിയവരുമായ എത്രയെത്ര ആളുകളാണ്. അവര്‍ അല്ലാഹുവിന്റെ മേല്‍ ഒരു കാര്യം സത്യം ചെയ്തു പറഞ്ഞാല്‍ അത് അല്ലാഹു നടപ്പാക്കുക തന്നെ ചെയ്യും”(ഹദീസ് നമ്പര്‍ 6634), തുടങ്ങി പല ഹദീസുകളും മഹാന്മാരുടെ ഇച്ചക്കനുസരിച്ച് കാര്യങ്ങളുണ്ടാകുമെന്നതിന് തെളിവാണന്ന് ഇമാം നവവിയടക്കമുള്ള പണ്ഢിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തര ത്തിലുള്ള ഹദീസുകള്‍ കണ്ടില്ലന്ന് നടിച്ചും ചില സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുമാണ് ഇക്കുട്ടര്‍ സാധാരണക്കാരെ കെണിയില്‍ വീഴ്ത്തുന്നത്.

“സുന്നി ആശയങ്ങളുടെ നിറ സമാഹാരം”

sunniknowledge.blogspot.com
________________________________

No comments:

Post a Comment

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩         *جمعه ورتبه* *الفقير/ صديق المصباح المليباري* *തറാവീഹ്   "20"* *മുഹദ്ദിസുകളുടെ &q...

Translate