Monday, 10 October 2016

അഹ്ലുസ്സുന്നവൽജമാഅ. 06.

പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന ഈ സംഭവം ഈ കിതാബുകളിലൊക്കെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നിട്ടും ഒരാള്‍ പോലും ഈ സംഭവം ശിര്‍ക്കാണെന്നോ കളവാണെന്നോ പറഞ്ഞതായി രേഖയില്ല.

അപ്പോള്‍ അതാണ് മുസ്‌ലിം ഉമ്മത്തിന്റെ വഴി എന്ന് മനസ്സിലാക്കാം. മുസ്‌ലിം ഉമ്മത്ത് രേഖയായി ഉദ്ധരിക്കുന്ന കിതാബുകളാണ് ഫത്‌ഹുല്‍ ബാരിയും ദലാഇലുന്നുബുവ്വയുമൊക്കെ. അതുപോലെ അത്യാദരപൂര്‍വ്വം رضي الله عنه ചൊല്ലുന്ന ഇമാമുകളാണ് ഇത് റിപ്പോര്‍ട്ട് ചെയ്ത ഇമാം ബൈഹഖിയും ഇബ്‌നു ഹജറുല്‍ അസ്‌ഖലാനിയുമൊക്കെ. അവരൊക്കെ ശിര്‍ക്കിന് കൂട്ടു നിന്നു എന്നു പറയുമ്പോള്‍ നാം ഒരു സമുദായത്തിന്റെ അടിത്തറ തന്നെ നശിപ്പിച്ചു കളയുകയാണെന്ന് ഓര്‍ക്കുക
ഇതാണ് ഈ ഹദീസിലെ മര്‍മ്മം.

അല്ലാതെ ഇത് ചോദിച്ചത് ഒരു ‘പുരുഷനാണ്”, അദ്ദേഹം ആരാണെന്നറിയില്ല, അതു പോലെ ഈ പുരുഷന്‍ സ്വഹാബിയാണെന്നു പറഞ്ഞ സൈഫ് കള്ളനാണ് , സ്വപ്‌നക്കഥയാണ് എന്നതൊക്കെ ബാലിശമായ സംശയങ്ങളാണ്. മറുപടി അര്‍ഹിക്കുന്നില്ല.

ഇവിടെയാണ് തിരു صلى الله عليه وسلم യുടെ ഒരു ഹദീസ് പ്രസക്തമാകുന്നത്

... وإني واللهِ ما أخاف عليكم أنْ تُشرِكوا بَعدِي ... (رواه البخاري رقم 1320)
“അല്ലാഹുവിനെത്തന്നെ സത്യം, എനിക്കുശേഷം നിങ്ങളുടെ മേല്‍ ശിര്‍ക്കിനെ ഞാന്‍ ഭയപ്പെടുന്നില്ല”. (ബുഖാരി)...

മുജാഹിദുകൾ പറയുന്നത് പോലെ മുസ്‌ലിം ഉമ്മത്തിൽ അവരുടെ ഇമാമുകളിലടക്കം വ്യാപകമായി ശിർക്ക് ബാധിക്കുക എന്നത് അസംഭ്യവമാണ്. അത് മുസ്‌ലിമിങ്ങളുടെ വഴിയല്ല.

മാത്രമല്ല പ്രത്യേകം ശ്രദ്ധേയമായ ഒരു കാര്യം ഇവർ പറയുന്ന ഈ ശിർക്ക് , അഥവാ മരിച്ചു പോയവരോടോ അവർ കാരണമാ‍യി അല്ലാഹു സഹായിക്കുമെന്ന വിശ്വാസത്തോടെ സഹായം തേടലാകുന്ന ഇസ്തിഗാസ ശിർക്കാണെന്ന് പറഞ്ഞ പൂർവ്വ കാല ഇമാമുകളിൽ ഒരാളെപ്പോലും കാണിക്കാൻ കഴിയില്ലെന്നതാണ് വസ്തുത.

ചുരുക്കത്തിൽ മുജാഹിദുമളുടേതായി (അവരുടെ ആശയമായി )കുഞ്ഞീതു മദനി പറഞ്ഞ >>“ മനുഷ്യ കഴിവിന്നതീതമാ‍യ കാര്യങ്ങളിൽ ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായാർത്ഥന നടത്തുന്നത് ശിർക്കാണ് (ബഹുദൈവാരാധനയാണ് ) ( കെ. കുഞ്ഞീത് മദനി , അല്ലാഹുവിന്റെ ഔലിയാക്കൾ എന്ന പുസ്തകം പേജ് 102 ,പ്രസിദ്ധീകരണം കേരള നദ്‌വത്തുൽ മുജാഹിദീൻ ) << ശിർക്കിന് മുസ്‌ലിം ഉമ്മത്തിൽ യാതൊരു പിന്തുണയുമില്ല്ലെന്ന് വ്യക്തമായി.

ഇനി മുജാഹിദുകളുടെത്തന്നെ പ്രാര്‍ത്ഥനയെക്കുറിച്ചുള്ള മറ്റു ചില വിശദീകരണങ്ങള്‍ കാണുക:

“സൃഷ്ടികള്‍ക്ക് നല്‍കപ്പെട്ട കഴിവിന്നതീതമായ കാര്യങ്ങളില്‍ സഹായം തേടലാണ് പ്രാര്‍ത്ഥന” (എ പി എ ഖാദര്‍ കരുവമ്പൊയില്‍ , ഇസ്‌ലാഹ് മാസിക 2007 ഏപ്രില്‍, പേജ് 10) “

ഇതനുസരിച്ചും മുമ്പ് മുസ്‌ലിമില്‍ നിന്നുദ്ധരിച്ച أسألك مرافقتك في الجنة

“അങ്ങയോടൊന്നിച്ചുള്ള സ്വര്‍ഗ്ഗ വാസം ഞാന്‍ അങ്ങയോട് ആവശ്യപ്പെടുന്നു” എന്ന സ്വഹാബിയുടെ സഹായതേട്ടം ശിര്‍ക്കാവും!!
മുജാഹിദുകളുടെ മദ്രസാ പാഠ പുസ്തകത്തിലുള്ളത് :

“അശ്‌റഫ് : ഉപ്പാ, അല്ലാഹുവിനോട് മാത്രമേ പ്രാര്‍ത്ഥിക്കാന്‍ പാടുള്ളൂ എന്ന് മൌലവി ഇന്നലെ പറഞ്ഞുവല്ലോ. അപ്പോള്‍ പ്രാര്‍ത്ഥന എന്നാല്‍ എന്താണ് ? പിതാവ് : മനുഷ്യരുടെ കഴിവില്‍ പെടാത്ത കാര്യങ്ങള്‍ സഫലീകരിച്ചു തരാനായി മറ്റൊരു ശക്തിയോട് വിനയത്തോടും അതീവതാഴ്മയോടും കൂടി ചോദിക്കുന്നതിനാണ് പ്രാര്‍ത്ഥന (ദുആ) എന്ന് പറയുന്നത്” (മൂന്നാം ക്ലാസ്സിലെ സ്വഭാവപാഠങ്ങള്‍ പേജ് 46)

ഇതനുസരിച്ചും أسألك مرافقتك في الجنة “അങ്ങയോടൊന്നിച്ചുള്ള സ്വര്‍ഗ്ഗവാസം ഞാന്‍ അങ്ങയോടാവശ്യപ്പെടുന്നു” എന്ന സ്വഹാബിയുടെ സഹായ തേട്ടം ശിര്‍ക്കാവും!!!

ഇനി നാളിതു വരെയുള്ള മുസ്‌ലിം ഉമ്മത്തിന്റെ വിശ്വാസം:
വളരെ ലളിതമാണ്.

ആര്‍ക്കും മനസ്സിലാക്കാവുന്നതാണ് അത് لا إله إلا الله محمد رسول الله എന്നതാണ് മുസ്‌ലിമീങ്ങളുടെ തൌഹീദിന്റെ വചനം.

“അല്ലാഹു അല്ലാതെ ഒരു ആരാധ്യനില്ല” ഇതിന്റെ വിപരീതമാണ് ശിര്‍ക്ക്. അല്ലാഹുവിന് ഏതെങ്കിലും തരത്തിലുള്ള പങ്കുകാരുണ്ടെന്നുള്ള വിശ്വാസമാണ് ശിര്‍ക്ക്.

ഇനി സഹായ തേട്ടത്തില്‍ മുസ്‌ലിംകളുടെ വിശ്വാസമെന്താണ്? അതും വളരെ വ്യക്തമാണ്. വിശുദ്ധ ഖുര്‍‌ആനില്‍ അല്ലാഹു പറയുന്നു :
إياك نعبد وإياك نستعين
“നിനക്ക് മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു“
മുസ്‌ലിംകള്‍ സംശയലേശമന്യേ ഉറച്ചു വിശ്വസിക്കുന്നു, യഥാര്‍ത്ഥത്തില്‍ ചെറുതും വലുതുമായ എല്ലാ വിഷയങ്ങളിലും ഭൌതികവും അഭൌതികവുമായ എല്ലാ വിഷയങ്ങളിലും സഹായം തേടേണ്ടതും ഇസ്തിഗാസ ചെയ്യേണ്ടതും വിളിക്കേണ്ടതും പ്രാര്‍ത്ഥിക്കേണ്ടതും ചോദിക്കേണ്ടതുമൊക്കെ അല്ലാഹുവിനോട് മാത്രമാണ്. മാത്രമല്ല , സൃഷ്ടികളുടേയും അവരുടെ പ്രവര്‍ത്തികളേയും സൃഷ്ടിക്കുന്നവന്‍ അല്ലാഹുവാണ്.

ജീവിച്ചിരിക്കുന്നവര്‍ക്കോ മരിച്ചവര്‍ക്കോ ഒന്നും അവയില്‍ യാതൊരു പങ്കുമില്ല.
അല്ലാഹു അല്ലാത്തവര്‍ക്ക് ആര്‍ക്കെങ്കിലും , അത് ജീവിച്ചിരിക്കുന്നവരാകട്ടെ മരിച്ചവരാകട്ടെ അചേതന വസ്‌തുക്കളാവട്ടെ സ്വയമായി എന്തെങ്കിലും കഴിവുകളുണ്ടെന്ന് വിശ്വസിച്ചുകൊണ്ട് സഹായം ചോദിക്കുകയോ ദുആ ചെയ്യുകയോ മറ്റെന്തെങ്കിലും വണക്കങ്ങള്‍ നടത്തുകയോ ചെയ്താല്‍ ആ വിശ്വാസം ശിര്‍ക്കും ആ വിശ്വാസത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ശിര്‍ക്കന്‍ പ്രവര്‍ത്തനങ്ങളുമാണ്.

അതോടൊപ്പം തന്നെ പാവപ്പെട്ടവരെ സഹായിക്കാനും യതീമുകളെ സഹായിക്കാനും പരസ്പരം സഹായിക്കാനും സഹായം ആവശ്യപ്പെടുന്നവര്‍ക്ക് സഹായം ചെയ്തു കൊടുക്കാനുമൊക്കെ അല്ലാഹു അല്‍‌പിച്ചിട്ടുമുണ്ട്. മനുഷ്യകുലം മുഴുവനും അന്ത്യദിനത്തില്‍ തിരുനബി صلى الله عليه وسلم യോട് ഇസ്‌തിഗാസ ചെയ്യുമെന്ന് ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ ഉദ്ധരിച്ചിട്ടുണ്ട്.

അല്ലാഹു “റ‌ഊഫും, റഹീമും” ആണെന്നു പറഞ്ഞ അതേ ഖുര്‍‌ആന്‍ തന്നെ തിരു നബി صلى الله عليه وسلم യും “റഹീമും, റ‌ഊഫും” ആണെന്ന് പറഞ്ഞിട്ടുണ്ട്. അതനുസരിച്ച് തിരുനബി صلى الله عليه وسلم “റഹീമാണെന്നോ റ‌ഊഫാണെന്നോ പറയുന്നതുകൊണ്ടോ വിശ്വസിക്കുന്നത് കൊണ്ടോ മുശ്‌രിക്കാവുന്നില്ല. അതെല്ലാം അല്ലാഹു നല്‍കുന്നതാണെന്നാണ് മുസ്‌ലിമീങ്ങളുടെ വിശ്വാസം. മുഅ്മിനീങ്ങള്‍ അതിന്റെയൊക്കെ വ്യത്യാസം മനസ്സിലാക്കിയവരാണ്.........

ചുരുക്കത്തില്‍ ദിവ്യത്വം കല്‍‌പിച്ചുകൊണ്ടുള്ള സഹായ തേട്ടങ്ങളും വണക്കങ്ങളും മറ്റു പ്രവര്‍ത്തികളെല്ലാം തന്നെയും ഇബാദത്താണ്.

ആ വിശ്വാസം ശിര്‍ക്കുമാണ്. അല്ലാതെ ജീവിതമോ മരണമോ ഭൌതികമോ അഭൌതികമോ ഒരു കാര്യം ഇബാദത്താവാന്‍ മാനദണ്ഡമാക്കിയതായി മുസ്‌ലിം ഉമ്മത്തിന്റെ ചരിത്രത്തിലില്ല. ഈ സത്യം അറിഞ്ഞോ അറിയാതെയോ മുജാഹിദിന്റെ നേതാക്കള്‍ തന്നെ പറഞ്ഞുപോയിട്ടുമുണ്ട്.

കാണുക
കെ പി മുഹമ്മദ് ബിന്‍ അഹ്‌മദ് പറയുന്നു : “ആത്യന്തികമായ ആദരവ് കല്‍‌പിച്ചു കൊണ്ട് അനുസരിക്കുമ്പോള്‍ മാത്രമേ ഇബാദത്തിന്റെ വശം വരുന്നുള്ളൂ. അഥവാ ദിവ്യത്വം കല്‍‌പിച്ചുകൊണ്ടുള്ള അനുസരണത്തില്‍ മാത്രം. അപ്പോള്‍ അത് അല്ലാഹുവില്‍ പങ്കു ചേര്‍ക്കലായി”. (ഇബാദത്തും ഇത്വാ‌അത്തും പേജ് 42)

മറ്റൊരു മുജാഹിദ് നേതാവ് പറയുന്നത് കാണുക :
ഒരു ശക്തിയുടേയോ വ്യക്തിയുടേയോ മുമ്പില്‍ അര്‍പ്പിക്കുന്ന പരമമായ വിനയവും താഴ്‌മയുമാണ് ഇബാദത്ത്. പരമമായ അനുഗ്രഹധാതാവിനു മാത്രമേ പരമമായ വിനയം അര്‍പ്പിക്കാവൂ. അഥവാ അല്ലാഹുവിനു മാത്രമേ ഇബാദത്ത് ചെയ്യാവൂ എന്ന് ചുരുക്കം. (തൌഹീദ് വിമര്‍ശനങ്ങള്‍ക്ക് മറുപടി, അബ്ദുല്‍ ജബ്ബാര്‍ മൌലവി പേജ് 45-47)

അപ്പോള്‍ മുജാഹിദു നേതാക്കളുടെ അഭിപ്രായമനുസരിച്ചും ലോകമുസ്‌ലിമീങ്ങളുടെ പണ്ടുമുതല്‍ക്കേയുള്ള വിശ്വാസമനുസരിച്ചും ഒരു കാര്യം ആരാധനയാവുന്നത് ആരാധിക്കപ്പെടുന്നവയില്‍ ദിവ്യത്വം കല്‍‌പിക്കുമ്പോഴാണ്. അല്ലാതെ കാര്യം ഭൌതികമോ അഭൌതികമോ , ചെറുതോ വലുതോ ആണെന്നോ നോക്കിയിട്ടല്ല. ജീവിതമോ മരണമോ നോക്കിയുമല്ല.
ഇതോടു കൂടെ പ്രിയ വായനക്കാര്‍ക്ക് ഇസ്‌തിഗാസയുടെ വിഷയത്തില്‍ മുസ്‌ലിം ഉമ്മത്തിന്റെ നിലപാടെന്താണെന്നും അതിനെ ശിര്‍ക്കാക്കി ലോകത്ത് ആദ്യമായി ചിത്രീകരിച്ചത് ആരാണെന്നും വ്യക്തമായിക്കാണും. പ്രാര്‍ത്ഥന, പ്രാര്‍ത്ഥന എന്ന വാക്ക് പലവുരു ഉരുവിട്ട് സാധാരണക്കാരെ പേടിപ്പിക്കാ‍നാണ് അവര്‍ ശ്രമിക്കാറ്.

ഇത്തരുണത്തില്‍ ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്ത മഹാനായ ഇബ്‌നു ഉമർ
رضي الله عنهما
യുടെ വാക്ക് പ്രസക്തമാകുന്നത്

وكان ابنُ عمرَ يراهم شِرارَ خلقِ الله، وقال: إنهم انطلقوا إلى آياتٍ نزلت في الكفار فجعلوها على المؤمنين.

“അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏറ്റവും നീചരത്രെ അവര്‍ (ഖവാരിജുകള്‍). അവര്‍ കാഫിരീങ്ങളുടെ മേലില്‍ ഇറങ്ങിയ ആയത്തുകളെ മുസ്‌ലിംകളുടെ മേലില്‍ ചുമത്തിയവരാണ്........
_______________________________

ക്ലിക്ക് ചെയ്യൂ
sunniknowledge.blogspot.com
"ആദർഷ വിജ്ഞാന സമാഹാരം"
______________________________

No comments:

Post a Comment