Friday, 23 September 2016

മദ് ഹബിൻ റ്റെ ഇമാമുമാർ

മദ്ഹബിന്റെ ഇമാമുകള്‍
____________________________

മദ്ഹബിന്റെ ഇമാമുകള്‍ നാലുപേരാണ്. ഇവരില്‍ പ്രഥമന്‍ അബൂഹനീഫ (റ)യാണ്. ഹിജ്റ 80 ലാണ് അദ്ദേഹത്തിന്റെ ജനനം. മഹാന്മാരായ സ്വഹാബത്തില്‍ പലരും ജീവിച്ചിരിപ്പുള്ള കാലഘട്ടമായിരുന്നു അത്. വിജ്ഞാനങ്ങളിലും ഭക്തിയിലും ലോക പ്രസിദ്ധരായ അബ്ദുല്ലാഹിബ്നു മുബാറക്, ഇമാം ലൈസ്, ഇമാം മാലിക് തുടങ്ങിയവര്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്മാരത്രെ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധിവസിക്കുന്ന ഇദ്ദേഹത്തിന്റെ അനുയായികള്‍ ‘ഹനഫികള്‍’ എന്ന പേരില്‍ അറിയപ്പെടുന്നു. ഹിജ്റ 150 ല്‍ അദ്ദേഹം മരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ മദ്ഹബ് പടര്‍ന്നു പന്തലിച്ചിട്ടുണ്ടായിരുന്നു.

അബൂ ഹനീഫ (റ) യുടെ ശിഷ്യനായ ഇമാം മാലിക് (റ) അവര്‍കളാണ് ദ്വിതീയന്‍. ഹിജ്റ 95 ല്‍ അദ്ദേഹം ജനിച്ചു. 179 ല്‍ വഫാതായി. അദ്ദേഹം എഴുന്നൂറോളം ഗുരുവര്യരില്‍ നിന്ന് വിജ്ഞാന സമ്പാദനം നടത്തിയിട്ടുണ്ട്. അവരില്‍ മുന്നൂറ് പേര്‍ താബിഉകളായിരുന്നു. എഴുപതു പണ്ഢിതന്മാര്‍ ഫത്വാ നല്‍കുന്നതിന് താന്‍, അര്‍ഹനായിട്ടുണ്ടെന്ന് സാക്ഷ്യം വഹിച്ച ശേഷം മാത്രമാണ് ഫത്വാ നല്‍കാന്‍ തുടങ്ങിയത്. ഒരു രാജാവിന്റെ പടിവാതില്‍ക്കലെന്ന പോലെ വിജ്ഞാന ദാഹികളായി ശിഷ്യന്മാര്‍ ഹദീസും ഫിഖ്ഹും പഠിക്കുന്നതിനു വേണ്ടി അദ്ദേഹത്തിന്റെ വാതില്‍ക്കല്‍ തടിച്ചു കൂടാറുണ്ടായിരുന്നു. ഇമാം ശാഫിയെപ്പോലെയുള്ള പല മഹാപണ്ഢിതന്മാരും അദ്ദേഹത്തിന്റെ ശിഷ്യരില്‍ പെടുന്നു. ഇമാമിന്റെ ഗുരുനാഥന്മാരില്‍ സിംഹഭാഗവും പിന്നീട് അദ്ദേഹത്തിന്റെ ശിഷ്യന്മാരായിത്തീര്‍ന്നു എന്നത് അദ്ദേഹത്തിന്റെ സവിശേഷതയത്രെ. അനേക വര്‍ഷം മദീനയില്‍ പരിശുദ്ധ ദീന്‍ അധ്യാപനം ചെയ്തു കൊണ്ടിരുന്നു.

തൃതീയ മദ്ഹബുകാരനായ ഇമാം ശാഫി (റ), മാലിക് (റ) അവര്‍കളുടെ പ്രധാന ശിഷ്യനാണ്. ഹിജ്റ 150 ല്‍ ഖുറൈശ് ഗോത്രത്തിലെ മുത്ത്വലിബ് വംശത്തില്‍ ജനിച്ചു. ജനനം ഗസ്സായിലാണെങ്കിലും രണ്ടു വയസ്സുള്ളപ്പോള്‍ മക്കയില്‍ കൊണ്ടുവന്നു. ഏഴാം വയസ്സില്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ഇമാം ശാഫി, പത്താമത്തെ വയസ്സില്‍ ഇമാം മാലിക്കിന്റെ മുവത്വ എന്ന ഹദീസു ഗ്രന്ഥം മനഃപാഠമാക്കുകയുണ്ടായി. ഒമ്പതിനായിരത്തി അഞ്ഞൂറു ഹദീസുകളുള്ള ഒരു ബൃഹത്തായ കിതാബായിരുന്നു അത്. ആയിരത്തി എഴുനൂറു ഹദീസുകള്‍ മാത്രമുള്ള ഇന്നത്തെ ‘മുവത്വാമാലിക്’  അതിന്റെ സംക്ഷേപം മാത്രമാണ്. ഹ്രസ്വകാലം കൊണ്ടു തന്നെ അദ്ദേഹം, വിജ്ഞാനത്തിലും ഇബാദത്തിലും ഐഹിക വിരക്തിയിലും ബുദ്ധി വൈഭവത്തിലും ഓര്‍മ ശക്തിയിലും നേതാക്കളില്‍ നേതാവും വിശ്രുതരില്‍ വിശ്രുതനുമായിത്തീര്‍ന്നു. പതിനഞ്ചാമത്തെ വയസ്സില്‍ തന്നെ തന്റെ ഗുരുവര്യനും മക്കാ മുഫ്തിയുമായ മുസ്ലിമുബിന്‍ ഖാലിദ് ഫത്വാ നല്‍കുന്നതിനനുമതി നല്‍കുകയുണ്ടായി. ഗുരനാഥനായ ഇമാം മാലിക് അദ്ദേഹത്തെ അത്യധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ഒരവസരം അദ്ദേഹം പറഞ്ഞു : “അല്ലാഹുവെ ഭയപ്പെടുക. നിനക്ക് മഹത്തായ ഭാവിയുണ്ട്.”

വിജ്ഞാന ദാഹിയായി മദീനയിലെത്തിയ അദ്ദേഹം, ഇമാം മാലിക്കിന്റെ ശിഷ്യത്വം സ്വീകരിച്ചു കൊണ്ട് ദീര്‍ഘകാലം അവിടെ താമസിച്ചു. ഇമാം മാലിക്കിന്റെ മരണ ശേഷം ബഗ്ദാദില്‍ എത്തിച്ചേര്‍ന്നു. വിജ്ഞാന സമ്പാദനവും പ്രചാരണവും ഗ്രന്ഥരചനയുമായിരുന്നു പ്രധാന ജോലി. ഹിജ്റ 199 ല്‍ ഈജിപ്തിലെത്തി. തന്റെ മദ്ഹബിനു അന്തിമരൂപം നല്‍കിയതു ഇവിടെ വച്ചാണ്. പണ്ഢിത ശിരോമണികളുടെ കണ്ണിലുണ്ണിയായി വളര്‍ന്ന് വന്ന ഇമാം ശാഫി (റ), സകലരെയും ദുഃഖത്തിലാഴ്ത്തി ഹിജ്റ 204 ല്‍ ഈ ലോകത്തോട് വിടചൊല്ലി. നാല്‍പതോളം ഗ്രന്ഥങ്ങള്‍ മഹാന്മാരായ പൂര്‍വിക പണ്ഢിതന്മാര്‍, ഇമാം ശാഫിയുടെ അപദാനങ്ങളെ പ്രകീര്‍ത്തിച്ച് കൊണ്ട് എഴുതിയിട്ടുണ്ട്.

ഇമാം ശാഫിയുടെ പ്രധാന ശിഷ്യനായഅഹ്മദുബിന്‍ ഹമ്പല്‍ (റ) ആണ് ചതുര്‍ മദ്ഹബിന്റെ ഇമാമുകളില്‍ നാലാമന്‍. ഇസ്ലാമിക കര്‍മ ശാസ്ത്രത്തിലും ഹദീസിലും സൂക്ഷ്മതയിലും ഭക്തിയിലും ഇബാദത്തിലും മുന്നിലായിരുന്നു ഇമാം. ഹിജ്റ 164 ല്‍ ബഗ്ദാദില്‍ ജനിച്ച ഇമാം ബഗ്ദാദിലെ പണ്ഢിത പ്രമുഖരില്‍ നിന്നെല്ലാം അറിവു നേടിക്കഴിഞ്ഞതിനു ശേഷം വിജ്ഞാനസുധയും തേടി മക്ക, മദീന, കൂഫ, ബസ്വറ, യമന്‍ ശാം മുതലായ സ്ഥലങ്ങളിലെല്ലാം ഊരു ചുറ്റിയിട്ടുണ്ട്. അസാമാന്യമായ ഓര്‍മ ശക്തിയുടെ ഉടമയായ അദ്ദേഹം പത്തുലക്ഷം ഹദീസ് മനഃപാഠമാക്കിയിട്ടുണ്ടായിരുന്നു. ബുഖാരി, മുസ്ലിം, അബൂദാവൂദ് തുടങ്ങിയ ഹദീസ് പണ്ഢിതന്മാര്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. ഹിജ്റ 241 ല്‍ അദ്ദേഹത്തിന്റെ സേവന നിരതമായ ജീവിതത്തിനു തിരശ്ശീല വീണു. ജനം അണപൊട്ടിയൊഴുകി. ഇരുപത്തിയഞ്ച് ലക്ഷം മുസ്ലിംകള്‍ ഒന്നിച്ചു അദ്ദേഹത്തിന്റെ പേരില്‍ ജനാസ നിസ്കാരം നടത്തി. മഹാനായ അഹ്മദുബിന്‍ ഹമ്പലിന്റെ അനുയായികളായി ഹമ്പലികള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ധാരാളമുണ്ട്.

അറിവിന്റെ നിറകുടങ്ങള്‍

മദ്ഹബിന്റെ ഇമാമുകള്‍ വിജ്ഞാന ശാഖകളിലെന്ന പോലെ ഹദീസിലും അഗാധ പാണ്ഢിത്യമുള്ളവരായിരുന്നു. അവരില്‍ അവസാനത്തെ ആളായ അഹ്മദ്ബ്നു ഹമ്പലിനു തന്നെ പത്തുലക്ഷം ഹദീസ് മനഃപാഠമുണ്ടായിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ ഗുരുനാഥനായ ഇമാം ശാഫിക്കും അവരുടെ ഗുരുനാഥനായ ഇമാം മാലികിനും അവരുടെ ഗുരുവായ ഇമാം അബൂഹനീഫക്കും ഹദീസ് വിജ്ഞാനത്തില്‍ എത്രമാത്രം പാണ്്ഢിത്യമുണ്ടായിരുന്നു എന്ന് ഊഹിക്കേണ്ടതാണ്. ഹദീസ് പണ്ഢിതന്മാരില്‍ പ്രമുഖനും വിശ്രുതനുമായ ഇമാം ബുഖാരിക്കു തന്നെ ആറുലക്ഷം ഹദീസുകളേ വശമുണ്ടായിരുന്നുള്ളൂ.

പില്‍ക്കാലത്തു ഹദീസ് ഗ്രന്ഥങ്ങള്‍ നിലവില്‍ വന്നുവെങ്കിലും നബി (സ്വ) യില്‍ നിന്നും പരമ്പരാഗതമായി മഹാപണ്ഢിതന്മാര്‍ പഠിച്ചു വന്നിരുന്ന ഹദീസുകള്‍ മുഴുവന്‍ ഗ്രന്ഥങ്ങളില്‍ സ്ഥലം പിടിച്ചിട്ടില്ല. ഇമാം സുയൂഥി (റ) പ്രഗത്ഭനായ പണ്ഢിതനും ഗ്രന്ഥകാരനുമായിരുന്നു. അദ്ദേഹത്തിന്റെ മികവുറ്റ ഗ്രന്ഥങ്ങള്‍ അഞ്ഞൂറിലധികം വരുമെന്ന് അല്ലാമാ കുര്‍ദി (റ) അദ്ദേഹത്തിന്റെ ഫതാവ (പേജ് 257) യില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മഹാ പണ്ഢിതനു പോലും രണ്ടു ലക്ഷം ഹദീസുമാത്രമേ അറിയുമായിരുന്നുള്ളൂ. അദ്ദേഹം പറയുന്നു : ഇതില്‍ കൂടുതല്‍ കണ്ടെത്തിച്ചുവെങ്കില്‍ അതു ഞാന്‍ ഹൃദിസ്ഥമാക്കുമായിരുന്നു. (അശദ്ദുല്‍ ഇജ്തിഹാദ് പേജ് 31).

ഇന്നു നിലവിലുള്ള ഹദീസ് ഗ്രന്ഥങ്ങളെല്ലാം ഒരാള്‍ മനഃപാഠമാക്കിയാല്‍ തന്നെ ശാഫീ മദ്ഹബുകാരനായ ഇമാം സുയൂഥിയുടെ ഹദീസ് പാണ്ഢിത്യം പോലും നേടാന്‍ കഴിയില്ല. കാരണം നമ്മുടെ മുമ്പിലുള്ള ഹദീസുകള്‍ വളരെ കുറവാണ്. വിശ്രുത ഹദീസ് ഗ്രന്ഥമായ ബുഖാരിയില്‍ തന്നെ ആവര്‍ത്തനമൊഴിച്ചാല്‍ 2,761 ഹദീസുകളേ ഉള്ളുവെന്ന് ഇബ്നു ഹജറില്‍ അസ്ഖലാനി (റ) തന്റെ ഹദ്യുസ്സാരി എന്ന ഗ്രന്ഥത്തില്‍ (പേജ് 465) സമര്‍ഥിച്ചിട്ടുണ്ട്. നാലായിരം എന്നു ചിലര്‍ പറഞ്ഞിട്ടുണ്ടെങ്കിലും അതു ശരിയല്ലെന്നു അദ്ദേഹം സുദീര്‍ഘമായ ചര്‍ച്ചയിലൂടെ തെളിയിച്ചിരിക്കുന്നു. സ്വഹീഹു മുസ്ലിമില്‍ ആവര്‍ത്തനമൊഴിച്ചാല്‍ നാലായിരം ഹദീസുകളാണുള്ളത് (മിര്‍ഖാത്ത് 1-19). അവയില്‍ ഒട്ടേറെ ഹദീസുകള്‍ ബുഖാരിയില്‍ ഉദ്ധരിച്ചവ തന്നെയാണ്.

ഇപ്രകാരം തന്നെയാണ് മറ്റു ഹദീസു ഗ്രന്ഥങ്ങളുടെയും നില. ചുരുക്കത്തില്‍ മദ്ഹബിന്റെ ഇമാമുകളുടെ അത്ര വിവരമുള്ള ഒരു പണ്ഢിതന്‍ ഇനി വരില്ല. അന്ത്യദിനം വരെ ഉണ്ടാവില്ല. ഉണ്ടാവാന്‍ മാര്‍ഗമില്ല. അതു കൊണ്ട് തന്നെ അറിവും തഖ്വയും വിവേകവുമുള്ളവരൊക്കെ ആ വിജ്ഞാന സമുദ്രങ്ങളെ പിന്‍പറ്റി ജീവിച്ചു. ഈ ആജ്ഞതയുടെയും ഫിത്നയുടെയും യുഗത്തില്‍ ജീവിക്കുന്ന നാം അവരെ വിട്ടു സ്വയം ഗവേഷണം നടത്തിയാല്‍ എന്തായിരിക്കും ഭവിഷ്യത്ത്?
____________________________________


No comments:

Post a Comment